
ഇടുക്കി: ഇടുക്കിയിൽ ഇനി റയൽ മാഡ്രിഡിന്റെ സ്വന്തം കുട്ടികൾ കാൽപന്ത് തട്ടും. മേരികുളം സെന്റ് മേരീസ് സ്കുളിലെ 100 കട്ടികൾക്കാണ് റയൽ മാഡ്രിഡ് പരിശീലനം നൽകുന്നത്.ഇതിന്റെ ഭാഗമായി ഫൗണ്ടേഷന്റെ കീഴിൽ നടത്തുന്ന ഫുഡ്ബോൾ പരിശീലനം വിലയിരുത്തുന്നതിനായി സ്പെയിനിൽ നിന്നുള്ള ഹോപ് ആന്റ് എൻജോയി ഫൗണ്ടേഷൻ അംഗങ്ങൾ സകൂളിൽ സന്ദർശനം നടത്തി.
ലോകത്തിലെ പ്രമുഖ ഫുഡ് ബോൾ ടീമായ റയൽ മാഡ്രിഡിന്റെ ഭാഗമായ റയൽ മാഡ്രിഡ് ഫൗണ്ടേഷനാണ് ഇന്ത്യയിൽ പദ്ധതി നടപ്പാക്കുന്നത്. വിദ്യാഭ്യാസ അധിഷ്ടിത കായിക വിനോദത്തിലൂടെ മാനസിക ക്ഷമത വർദ്ധിപ്പിച്ച് സ്കൂൾ തലത്തിൽ കുട്ടികൾക്ക് ഫുഡ് ബോൾ പരീശീലനം നൽകി അന്താരാഷ്ട്ര നിലവാരമുള്ള ഫുഡ്ബോൾ താരങ്ങളെ വളർത്തി എടുക്കുക എന്ന ലക്ഷ്യത്തോടു കൂടിയുള്ള റയൽ മാഡ്രിഡ് ഫൗണ്ടേഷന്റെ പദ്ധതിയുടെ ഭാഗമാണ് പരിശീലനം.
മേരികുളം സെന്റ് മേരീസ് സ്കൂളിലെ 100 കുട്ടികൾക്കാണ് പരിശീലനം നൽകുന്നത് എൽപി യുപി എച്ച് എസ് വിഭാഗത്തിൽ നിന്നും 60 ആൺകുട്ടികളും 40 പെൺകുട്ടികളും പരിശീലനത്തിൽ പങ്കെടുക്കും . റയൽ മാഡ്രസിന്റെ ഈ പദ്ധതിക്ക് ആവശ്യമായ സാമ്പത്തിക ചിലവുകൾ നൽകുന്നത് സ്പെയിനിൽ പ്രവർത്തിക്കുന്ന ഹോപ്പ് ആന്റ് എൻജോയി ഫൗണ്ടേഷനാണ്. ഈ ഫൗണ്ടേഷന്റെ സ്ഥാപക പ്രസിഡന്റ് മരിയ മൊറേനോയും സംഘവുമാണ് പരിശീലന പരിപാടിയുടെ പുരോഗതി വിലയിരുത്തുന്നതിന്റെ ഭാഗമായി സ്കൂളിലെത്തിയത്. മരിയ ഉൾപ്പെടെ എട്ട് പേരാണ് സംഘത്തിലുണ്ടായിരുന്നത്.
ഇന്ത്യയില്‍തന്നെ കൊൽക്കത്തയിൽ ഒരു സ്കൂളും തമിഴ്നാട്ടിൽ തിരുച്ചിയിൽ ആറും കേരളത്തിൽ ഒന്നുമാണ് പദ്ധതിക്കായി തിരഞ്ഞെടുത്തിരിക്കുന്നത്. കുട്ടികൾക്ക് ആവശ്യമുള്ള ട്രാക്ക് സ്യൂട്ട്, ബൂട്ടുകൾ, ഫുഡ്ബോളുകൾ, പോഷകാഹാരം, അന്താരാഷ്ട്ര നിലവാരമുള്ള പരിശീലകർ, ഇവർക്കുള്ള സാമ്പത്തിക ചിലവുകൾ എന്നിവ ഫൗണ്ടേഷൻ വഹിക്കും.
അന്താരാഷ്ട്ര നിലവാരമുള്ള സ്റ്റേജ് പരിപാടികളിലൂടെയാണ് ഫൗണ്ടേഷൻ തുക കണ്ടെത്തുന്നത്. ഇത്തരത്തിൽ ഒരു പദ്ധതി നടപ്പായതോടെ ലോകോത്തര ഫുഡ്ബോൾ താരങ്ങളുടെ സാന്നിദ്ധ്യവും പ്രോത്സാഹനവും കുട്ടികൾക്ക് കിട്ടുന്നതിന്റെ സന്തേോഷത്തിലാണ് സ്കൂൾ അധികൃതരും രക്ഷകർത്താക്കളും നാട്ടുകാരും. ഭാവിയിൽ ഇടുക്കിയുടെ സ്വന്തം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ മേരികുളത്തിന് ഉണ്ടാകുമൊ എന്ന് കണ്ടറിയാം.