
ചാരുംമൂട്: പതിനെട്ടുകാരി ശരണ്യക്ക് പെറ്റമ്മയുടെ ജീവൻ രക്ഷിക്കാൻ ഉദാരമതികളുടെ സഹായം വേണം. പാലമേൽ എരുമക്കുഴി ഇളയശ്ശേരി വടക്കേതിൽ അമ്മിണി ഭവനത്തിൽ കൊച്ചുമണി (49) യുടെ ജീവൻ നിലനിർത്താനാണ് മകൾ ശരണ്യ നന്മ നിറഞ്ഞവരുടെ സഹായം തേടുന്നത്. ശരണ്യക്ക് ഓർമ്മവെയ്ക്കുന്നതിന് മുമ്പേ അച്ഛൻ നാടുവിട്ടു. കൂലിപ്പണിക്ക് പോയി കിട്ടുന്ന കാശു കൊണ്ട് മകളെ പ്ലസ് ടു വരെ കൊച്ചുമണി പഠിപ്പിച്ചു.
ഇതിനിടെ ചെറിയ തോതില്‍ തുടങ്ങിയ ചുമ ആദ്യം കാര്യമാക്കിയില്ല. പിന്നീട് കടുത്ത ചുമയും നെഞ്ചുവേദനയും അനുഭവപ്പെട്ടതിനെ തുടർന്ന് വിവിധ ആശുപത്രികളിൽ ചികിത്സ തേടിയെങ്കിലും കുറവുണ്ടായില്ല. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ നടത്തിയ പരിശോധനയിൽ കൊച്ചുമണിക്ക് ടി.ബി.യാണെന്നു കണ്ടെത്തിയിരുന്നു.
നാല് വർഷം മരുന്നു കഴിച്ചെങ്കിലും രോഗം വൃക്കകളെ ബാധിച്ചു. തുടർന്ന് ഒന്നര മാസത്തോളം വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. മാസത്തിൽ നാല് തവണ കൊച്ചുമണിക്ക് ഡയാലിസിസ് ചെയ്യണം. ദൈനംദിന ചെലവിന് പോലും പണമില്ലാതെ കഷ്ടപ്പെടുന്ന ഈ കുടുംബത്തിന് ഇത് ഏറെ ബുദ്ധിമുട്ടിലാക്കിയിരിക്കുകയാണ്.
നാട്ടുകാരുടെയും ഉദാരമതികളുടെയും സഹായത്തോടെയാണ് ഇതുവരെ ചികിത്സ നടത്തിവന്നത്. കൊച്ചുമണിയുടെ കുടുംബത്തിന്‍റെ ദൈന്യത അറിയാവുന്ന നാട്ടുകാർ ഗ്രാമപഞ്ചായത്ത് അംഗം എസ്.രാധികക്കുഞ്ഞമ്മ കൺവീനറായ ചികിത്സാ സഹായ നിധി രൂപീകരിച്ച് പ്രവർത്തനമാരംഭിച്ചു. കൊച്ചുമണി ചികിത്സാ സഹായ നിധിയുടെ പേരിൽ നൂറനാട് ഫെഡറൽ ബാങ്കിൽ അക്കൗണ്ട് തുറന്നു.
Federal Bank Account No: 22830100013873.
IFC code: FDRL.0002283.