
ഇടുക്കി. പുഴയില്‍ ചാടിയ മൂന്നംഗ കുടുംബത്തെ കാണാതായി. മൂന്നാര്‍ കെ.ഡി.എച്ച്.പി പെരിയവല എസ്റ്റേറ്റ് ഫാക്ടറി ഡിവിഷന്‍ സ്വദേശികളായ വിഷ്ണു (30), ഭാര്യ ജീവ (26) ആറ് മാസം പ്രായമായ കുട്ടി എന്നിവരെയാണ് കാണാതായത്. ഇന്ന് രാവിലെ ഏഴ് മണിയ്ക്കായിരുന്നു സംഭവം. കുടുംബ പ്രശ്‌നങ്ങളെ തുടര്‍ന്ന് ആത്മഹത്യയ്ക്ക് ശ്രമിക്കുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം.
കുഞ്ഞിനോടൊപ്പം പുഴയില്‍ ചാടിയ ഭാര്യ രക്ഷിക്കുവാന്‍ ശ്രമിക്കുന്നതിനിടയില്‍ മൂവരും ഒഴുക്കില്‍പ്പെടുകയായിരുന്നു. ശക്തമായ ഒഴുക്ക് രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് തിരിച്ചടിയാവുന്നുണ്ട്. സംഭവം നടന്ന സ്ഥലത്ത് നിന്നും നൂറു മീറ്റര്‍ അകലെ മുതല്‍ അന്വേഷണം നടത്തി വരുന്നു. ഫയര്‍ ഫോഴ്‌സും പോലീസും രക്ഷാപ്രവർത്തനത്തിന് നേതൃത്വം നല്‍കുന്നു. സ്ഥലത്തെത്തിയ ദേവികുളം തഹസില്‍ദാര്‍ കെ.പി ഷാജി ആവശ്യമായ നടപടികള്‍ സ്വീകരിച്ചു.
കുടുംബപ്രശ്‌നങ്ങളെ തുടര്‍ന്ന് കഴിഞ്ഞ ദിവസം ദമ്പതികള്‍ തമ്മില്‍ പ്രശ്‌നമുണ്ടായിരുന്നുവെന്ന് അയല്‍ക്കാര്‍ പറഞ്ഞു. സംഭവം ദിവസം രാവിലെയും ഇവര്‍ തമ്മില്‍ പ്രശ്‌നങ്ങളുണ്ടായിരുന്നു. ഫാക്ടറി ഡിവിഷനിലെ വീടിന് മുന്നില്‍ നിന്നും പത്തുമീറ്റര്‍ അകലെ മാത്രമായിരുന്നു പുഴ. പുഴയ്ക്ക് സമീപം സുരക്ഷാവേലി ഇല്ലാതിരുന്നത് തിരിച്ചടിയായി. മൂന്നാര്‍ മുതല്‍ ഹെഡ് വര്‍ക്‌സ് വരെയുള്ള സ്ഥലങ്ങള്‍ കേന്ദ്രമാക്കി അന്വേഷണം പുരോഗമിക്കുന്നുണ്ട്. കാണാതായ വിഷ്ണു ടൂറിസ്റ്റ് ടാക്‌സി ഡ്രൈവറാണ്.