നിലവിളക്കുകള്‍ തലയില്‍ വച്ച് വിളക്ക് ഡാന്‍സ്; അനുകരിക്കാനാകില്ല ഈ കലാകാരനെ

By Web DeskFirst Published Feb 21, 2018, 1:25 PM IST
Highlights

കാസര്‍കോട് : നിറ തിരിയുമായി കത്തുന്ന നിലവിളക്ക്. ഒന്നല്ല, മൂന്നെണ്ണം. അതും പൂജാ മുറിയിലോ തറയിലോ നിലത്തോ അല്ല. ഒന്നിനുമുകളില്‍ ഒന്നായി ചേര്‍ത്തുവച്ച് പത്തൊമ്പതു വയസ് മാത്രം പ്രായമുള്ള വിദ്യാര്‍ത്ഥിയുടെ തലയിലാണ്. വിളക്കുമായി നിര്‍ത്തമാടുകയാണ് കാസര്‍കോട് ഇടത്തോട് ക്ലീനി പാറയിലെ ശ്രീലേഷ്. 

കാഞ്ഞങ്ങാട് പ്രതിഭാ കോളേജിലെ രണ്ടാം വര്‍ഷ ബീകോം വിദ്യാര്‍ത്ഥിയായ ശ്രീലേഷ് എന്ന പത്തൊമ്പതുകാരന്‍ കത്തുന്ന നിലവിളക്കുമായി നടത്തുന്ന വിളക്ക് ഡാന്‍സ് ഇതിനകം നാട്ടില്‍ സൂപ്പര്‍ ഹിറ്റായി മാറി. നാട്ടിന്‍പുറത്തെ ഉത്സവ പറമ്പുകളിലെ വേദികളില്‍ തുടങ്ങിയ ശ്രീലേഷിന്റെ വിളക്ക് ഡാന്‍സ് ചാനലുകളിലെ റിയാലിറ്റി ഷോകളിലേക്കും എത്താന്‍ തുടങ്ങി. 

ക്ലീനി പാറ ഹരിജന്‍ കോളനിയിലെ കൂലി പണിക്കാരായ വേലായുധന്റെയും ശ്രീജയുടെയും മകനായ ശ്രീലേഷ് പ്രമുഖ നിര്‍ത്താവിദ്യാലയത്തില്‍ നിന്നുമൊന്നുമല്ല വിളക്ക് ഡാന്‍സ് പഠിച്ചത്. സ്വന്തം വീട്ടില്‍ നിന്നു തന്നെയാണ്. അതും മൂന്നുമാസത്തെ പരിശ്രമം കൊണ്ട്. ടെലിവിഷനിലും മറ്റും കണ്ടും കേട്ടും വായിച്ചും പഠിച്ചാണ് ഡാന്‍സിന്റെ ചുവടുകളും അഭ്യസിച്ചത്. 

ഇരുപത് മിനുട്ടിലധികം ദൈര്‍ഖ്യം വരുന്ന വിളക്ക് ഡാന്‍സില്‍ നിലവിളക്കിലെ തിരി അണയാറില്ല.ഒരുവിളക്കില്‍ നാലു തിരികളാണ് കത്തുന്നത്.നിറയെ എണ്ണയുമുണ്ടാകും.പിഴക്കാത്ത ചുവടില്‍ പൂര്‍ത്തിയാക്കുന്ന വിളക്ക് ഡാന്‍സില്‍ ഇതുവരെ ഒറ്റ തിരിപോലും അണഞ്ഞിട്ടില്ലെന്നു ശ്രീലേഷ് പറയുന്നു. അവധി ദിവസങ്ങളില്‍ കൂലി പണിക്കിറങ്ങി കിട്ടുന്ന വരുമാനം കൊണ്ടാണ് ശ്രീലേഷിന്റെ ജീവിതം. 

വിളക്ക് ഡാന്‍സ് അവതരിപ്പിച്ചാല്‍ ശ്രീലേഷ് ഡാന്‍സ് ഡ്രസ്സിന്റെ വാടക മാത്രമേ വാങ്ങാറുള്ളു. കൂടിവന്നാല്‍ ആയിരം രൂപ. അതില്‍ യാത്രാച്ചിലവും പെടുത്തിയാണ് സ്റ്റേജുകളില്‍ ശ്രീലേഷ് വിളക്ക് ഡാന്‍സ് അവതരിപ്പിക്കുന്നത്. പഠനത്തോടൊപ്പം കൂലി പണിയും വ്യതസ്ത രീതിയിലുള്ള ഡാന്‍സുമായി കഴിയുന്ന ശ്രീലേഷ് കൂടുതല്‍
സ്റ്റേജുകള്‍ തേടുകയാണ്. 

click me!