
ആലപ്പുഴ: ടാങ്കര്‍ ലോറി അരൂര്‍ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന്റെ മതിലില്‍ ഇടിച്ചുകയറി രണ്ട് പേര്‍ക്ക് പരുക്ക്. ടാങ്കര്‍ ഡ്രൈവര്‍ മൂക്കന്നൂര്‍ കാരേഴത്ത് ജെയിംസ് വര്‍ഗ്ഗീസ് (48), സഹയാത്രികന്‍ ആലപ്പുഴ കാഞ്ഞിരംചിറ അറ്റത്തുപറമ്പില്‍ എബിന്‍ ബാബു (18) എന്നിവര്‍ക്കാണ് പരുക്കേറ്റത്. ഇവരെ മരട് ലെക്ക്ഷോര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
തിരുവല്ലയില്‍ ഇന്ധനം ഇറക്കി അങ്കമാലിക്ക് പോകുമ്പോള്‍ ഞായറാഴ്ച പുലര്‍ച്ചെ ഒരു മണിക്കായിരുന്നു അപകടം. അരൂര്‍ വില്ലേജ് ഓഫീസിന് സമീപം വച്ച് നിയന്ത്രണം തെറ്റിയ ടാങ്കര്‍ ലോറി ദേശീയപാതയോരത്ത് നിന്നിരുന്ന ഇലക്‌ട്രിക്കല്‍ പോസ്റ്റ് തകര്‍ത്തശേഷം അരൂര്‍ പ്രാഥമിക ആരോഗ്യകേന്ദ്രത്തിലേക്ക് ഇടിച്ചു കയറുകയായിരുന്നു. 11 കെ വി ലൈന്‍ കടന്നുപോകുന്ന പോസ്റ്റാണ് ടാങ്കര്‍ തകര്‍ത്തത്.
കമ്പിപൊട്ടി നിലത്തുവീണ ഉടനെ സ്വയം വൈദ്യുതിബന്ധം നിലച്ചതിനാല്‍ വന്‍ അപകടം ഒഴിവാകുകയായിരുന്നു. കെഎസ്ഇബിക്ക് ആറ് ലക്ഷം രൂപ നഷ്ടം കണക്കാക്കുന്നു. ലോറി പൊലീസ് സ്റ്റേഷനിലേക്ക് മാറ്റിയിട്ടുണ്ട്.