
മഹാരാജാസ് കോളേജില്‍ എസ്ഡിപിഐ പിറകില്‍ നിന്ന് കുത്തി കൊന്ന അഭിമന്യുവിന്‍റെ കദന കഥയല്ല ചര്‍ച്ച ചെയ്യേണ്ടതെന്നു മറിച്ച് എസ് എഫ് ഐയുടെ രാഷ്ട്രീയ കപടതയാണെന്നും വാദിച്ച് ക്യാപസ് ഫ്രണ്ട് സംസ്ഥാന ജനറല്‍ സെക്രട്ടറി എ എസ് മുസമ്മിന്‍റെ ഫേസ് ബുക്ക് പോസ്റ്റ്. എസ് എഫ് ഐയെയും സിപിഎമ്മിനെയും അക്കനിട്ട് നിരത്തി ആക്രമിക്കുന്ന പോസ്റ്റ് ഒരു കൊലപാതകത്തിന്‍റെ പേരില്‍ കണ്ണീരൊഴുക്കുന്നവര്‍ എസ് എഫ് ഐ കേരളത്തിലെ ക്യാപസുകളില്‍ ചെയ്തു കൂട്ടിയ കുറ്റകൃത്യങ്ങളേ കുറിച്ചും ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെടുന്നു.
മഹാരാജാസ് കോളേജിലെ സംഘർഷത്തിന്‍റെയും അഭിമന്യു എന്ന എസ്എഫ്ഐ പ്രവർത്തകന്‍റെ മരണത്തിന്‍റെയും പ്രചരണ കോലാഹളങ്ങളുയർത്തി എസ്എഫ്ഐ എന്ന ക്രിമിനൽ സംഘത്തിന്‍റെ ക്രൂരതകൾ മറച്ചുവെക്കാമെന്ന് സിപിഎമ്മും എസ്എഫ്ഐയും കരുതേണ്ട. ഒരു കാംപസ് സംഘർഷത്തിൽ സംഭവിക്കാൻ പാടില്ലാത്തതാണ് ആയുധ പ്രയോഗവും കൊലപാതകവും. മഹാരാജാസിൽ നടന്ന സംഘർഷത്തിന്‍റെയും കൊലപാതകത്തിന്‍റെയും യാഥാർഥ്യം ഇനിയും പുറത്ത് വരാനിരിക്കുന്നെ ഉള്ളൂ വെങ്കിലും ഒരുമരണം സംഭവിച്ചു എന്നത് ഖേദകരമാണ് എന്ന് തുടങ്ങുന്ന പോസ്റ്റ് അക്കമിട്ട് നിരത്തിയാണ് എസ് എഫ് ഐക്കും സിപിഎമ്മിനുമെതിരെ തിരിയുന്നത്.
മഹാരാജാസ് ഒരു പാര്‍ട്ടി റിപ്പബ്ലിക്കാണെന്ന് ചില സിപിഎം അധ്യാപകര്‍ തന്നെ സമ്മതിക്കുമെന്നും അഭിമന്യു കൊല്ലപെടാന്‍ കാരണമായ സംഘര്‍ഷം തന്നെ മദ്യത്തിനും ലഹരിക്കും അടിപ്പെട്ട എസ്എഫ്ഐ എന്ന ഗുണ്ടാ സംഘത്തിന്റെ ജനാധിപത്യ വിരുദ്ധതയാണെന്നും എ എസ് മുസമ്മില്‍ അവകാശപ്പെടുന്നു.
അഭിമന്യുവിനെ കുറിച്ച് കാവ്യാത്മകമായ വിവരണമല്ല ആവശ്യമെന്നും എസ് എഫ് ഐയും സിപിഎമ്മും വിദ്യാർഥികളെ ക്രിമിനലിസത്തിലേക്ക് വലിച്ചെറിയുന്ന മാർക്സിസിറ്റ് കാപാലികതയാണ് ചർച്ചക്ക് വിധേയമാക്കേണ്ടതെന്നും പോസ്റ്റില്‍ ആവശ്യപ്പെടുന്നു. ഏകാധിപത്യ പര്‍ട്ടിയായ സിപിഎമ്മിന്‍റെ, ഉപകരണമായ എസ്എഫ്ഐ പഠിക്കുക എന്നതിലപ്പുറം സകല തോന്നിവാസങ്ങൾക്കും വിദ്യാർഥികളെ നിർബന്ധിപ്പിക്കുക എന്ന അജണ്ടയാണ് കാംപസുകളിൽ നടപ്പിലാക്കുന്നത്. മദ്യവും മയക്ക് മരുന്നും നൽകി ക്രിമിനൽ സംഘത്തെ വളർത്തി ഭീഷണിപ്പെടുത്തിയും ആക്രമിച്ചും വിദ്യാർഥികളെ വരുതിയിലാക്കി നിര്‍ത്തിയ കഥകളേ സ്വാതന്ത്ര്യവും സോഷ്യലിസവും ജനാധിപത്യവും ആലേഖനം ചെയ്ത എസ്എഫ്ഐ കൊടിക്ക് പറയാനുള്ളൂ.
അഭിമാനബോധമുള്ള ഒരു സംഘടന എന്ന നിലയ്ക്ക് കാംപസ് ഫ്രണ്ട് പ്രവർത്തകർ ഇതിനെതിരെ പ്രതികരിക്കും അത് ജനസ്സിലെ ഉണ്ടെന്ന് മാത്രം. ക്യാപസ് ഫ്രണ്ടിന്‍റെ പ്രതികരണ ശക്തി കണ്ട് ഭയപ്പെടുന്നത് കൊണ്ടാണ് ഒരു അനിഷ്ഠ സംഭവത്തിന്റെ പേരിൽ വർഗീയതയും തീവ്രവാദവും ആരോപിച്ച് വളഞ്ഞിട്ട് ആക്രമിക്കാനും ഇല്ലാതാക്കെമെന്ന് ഭീഷണി ഉയര്‍ത്തുന്നതും ക്യാംപസ് ഫ്രണ്ടിന്‍റെ രാഷ്ട്രീയത്തെ നേരിടാൻ ഉള്ള ശേഷി സിപിഎം ഉയർത്തുന്ന ഇടത് കാപട്യത്തിനില്ലാത്തത് കൊണ്ടാണെന്ന് അവകാശപ്പെടുന്നു.
കൊല്ലപ്പെട്ട അഭിമന്യുവിന്‍റെ കുടുംബത്തിന്‍റെ ദുഃഖത്തിൽ പങ്ക് ചേരുന്ന പോസ്റ്റ്, സ്വന്തം മക്കളെ എസ്എഫ്ഐ പോലുള്ള ക്രിമിനൽ സംഘത്തിലേക്ക് വിടാതിരിക്കാനുള്ള ജാഗ്രത രക്ഷിതാക്കൾക്ക് ഉണ്ടാവണമെന്ന് അഭ്യർത്ഥിച്ചു കൊണ്ടാണ് അവസാനിക്കുന്നത്.
എ എസ് മുസമ്മിലിന്‍റെ ഫേസ് ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണ്ണരൂപം :
കൊല്ലപ്പെട്ട വിദ്യാർത്ഥിയുടെ അനുഭവങ്ങൾ വിവരിച്ച് പല കോണുകളിൽ നിന്നും വാർക്കുന്ന കണ്ണുനീരിൽ ആത്മാർത്ഥതയല്ല; കാപട്യമാണ് കാണാനാകുന്നത്.
1. മഹാരാജാസ് കോളേജിലെ എസ്എഫ്ഐയെ കുറിച്ച് സിപിഎമ്മുകാരല്ലാത്ത അധ്യാപകരോട് ചോദിക്കൂ. (സ്വകാര്യമായി ചില സിപിഎം അധ്യാപകരോട് ചോദിച്ചാലും മതി). അവിടത്തെ പ്രിൻസിപ്പാളിനോട് ചോദിക്കൂ, അവിടത്തെ ദളിത് വിദ്യാർത്ഥികളോട് ചോദിക്കൂ, അവിടത്തെ നോൺ ടീച്ചിങ് സ്റ്റാഫുകളോട് ചോദിക്കൂ, അവിടത്തെ മറ്റു വിദ്യാർത്ഥികളോട് ചോദിക്കൂ... പാർട്ടി റിപ്പബ്ലിക് ആക്കി മാറ്റിയ മഹാരാജാസിലെ എസ്എഫ്ഐ തെമ്മാടിത്തം മനസ്സിലാക്കാനാകും.
2. ഏറ്റവും ഒടുവിൽ ഉണ്ടായ സംഘർഷത്തിന്റെ തുടക്കവും മദ്യത്തിനും ലഹരിക്കും അടിപ്പെട്ട എസ്എഫ്ഐ എന്ന ഗുണ്ടാ സംഘത്തിന്റെ ജനാധിപത്യ വിരുദ്ധതയാണ്. വിദ്യാഭ്യാസത്തിന്റെ പുതുവർഷത്തിൽ പുതിയ കൂട്ടുകാരെ സ്വീകരിക്കുന്നതിനായി അലങ്കരിക്കുകയും പ്രചാരണ പ്രവർത്തനങ്ങൾ നടത്തുകയും ചെയ്തിരുന്ന കാംപസ് ഫ്രണ്ട് പ്രവർത്തകരെ ആക്രമിക്കുകയും പ്രചാരണ സാമഗ്രികൾ നശിപ്പിക്കുകയും ചെയ്ത സംഭവം ചർച്ച ചെയ്യാതെ കണ്ണീരുകൊണ്ട് കൈലേസുകൾ കുതിർത്തിട്ട് കാര്യമില്ല.
3. കാംപസ് ഫ്രണ്ടിനെതിരെ തെമ്മാടിത്തം കാണിച്ച എസ്എഫ്ഐ സംഘത്തിന്റെ കൂടെയായിരുന്നു പ്രണയത്തിന്റെയും ആർദ്രതയുടെയും സിംപതറ്റിക് സിമ്പലായി ആഘോഷിക്കുന്ന അഭിമന്യുവും. അവനെക്കുറിച്ചുള്ള കാവ്യാത്മക വിവരണങ്ങൾക്കപ്പുറത്ത് വിദ്യ തേടിയെത്തുന്ന പാവപ്പെട്ട വിദ്യാർഥികളെ ക്രിമിനലിസത്തിലേക്ക് വലിച്ചെറിയുന്ന മാർക്സിസിറ്റ് കാപാലികതയാണ് ചർച്ചക്ക് വിധേയമാക്കേണ്ടത്.
4. സിപിഎമ്മിന് എസ്എഫ്ഐ എന്നത് ഒരു ഉപകരണമാണ്. പാർട്ടിയുടെ ഏകാധിപത്യം മാത്രം അനുവദിക്കുന്ന പാർട്ടി ഗ്രാമങ്ങളുണ്ടാക്കാനും അധികാരം ഉറപ്പിക്കാനുമുള്ള ഉപകരണമാണത്. പഠിക്കുക എന്നതിലപ്പുറം സകല തോന്നിവാസങ്ങൾക്കും വിദ്യാർഥികളെ നിർബന്ധിപ്പിക്കുക എന്ന അജണ്ടയാണ് എസ്എഫ്ഐ കാംപസുകളിൽ നടപ്പിലാക്കി കൊണ്ടിരിക്കുന്നത്. മദ്യവും മയക്കുമരുന്നും നൽകി ക്രിമിനൽ സംഘത്തെ വളർത്തി ഭീഷണിപ്പെടുത്തിയും ആക്രമിച്ചും വിദ്യാർഥികളെ വരുതിയിലാക്കി നിർത്തിയതിന്റെ അനുഭവങ്ങൾ മാത്രമെ സ്വാതന്ത്ര്യവും സോഷ്യലിസവും ജനാധിപത്യവും ആലേഖനം ചെയ്ത എസ്എഫ്ഐ കൊടിക്ക് പറയാനുള്ളു.
5. ഈ തെമ്മാടിത്തതിന് നിന്ന് കൊടുക്കാൻ എല്ലാവരെയും കിട്ടിക്കൊള്ളണമെന്നില്ല. അഭിമാനം പണയപ്പെടുത്തി എസ്എഫ്ഐ ക്രിമിനലുകൾക്ക് മുമ്പിൽ കീഴൊതുങ്ങി നിൽക്കാനും ഇരിക്കാൻ പറയുമ്പോൾ ഇഴയാനും പറ്റുന്ന കുറച്ച് സർഗാത്മകവാദികളെ കാംപസിൽ നിങ്ങൾക്ക് കാണാനായേക്കും. എന്നാൽ ബാഹുഭൂരിഭാഗം വിദ്യാർഥികളും അഭിമാനബോധമുള്ളവരാണ്. ഒരവസരം കിട്ടിയാൽ എസ്എഫ്ഐയുടെ ഈ അശ്ലീലതക്ക് എതിരെ അവർ പ്രതികരിക്കും. അഭിമാനബോധമുള്ള ഒരു സംഘടന എന്ന നിലക്ക് കാംപസ് ഫ്രണ്ട് പ്രവർത്തകർക്ക് അത് ജനസ്സിലെ ഉണ്ടെന്ന് മാത്രം.
6. കാംപസ് ഫ്രണ്ടിന്റെ ഈ പ്രതികരണ ശേഷിയെ ജനാധിപത്യ വിരുദ്ധരായ മുഴുവൻ ശക്തികളും ഭയപ്പെടുന്നുണ്ട്. ഇപ്പോൾ ഉണ്ടായിക്കൊണ്ടിരിക്കുന്ന കോലാഹലങ്ങൾ അതിന്റെ ഭാഗമാണ്. സംഭവിക്കാൻ പാടില്ലാത്തതും ഇനിയും വ്യക്തത വരേണ്ടതുമായ ഒരു അനിഷ്ഠ സംഭവത്തിന്റെ പേരിൽ വർഗീയതയും തീവ്രവാദവും ആരോപിച്ച് വളഞ്ഞിട്ട് ആക്രമിക്കാനും ഇല്ലാതാക്കുമെന്നൊക്കെയുള്ള ഭീഷണിമുഴക്കാനും കാരണം കാംപസ് ഫ്രണ്ട് ഉയർത്തുന്ന രാഷ്ട്രീയത്തെ നേരിടാൻ ഉള്ള ശേഷി സിപിഎം ഉയർത്തുന്ന ഇടത് കാപട്യത്തിനില്ലാത്തത് കൊണ്ടാണ്.
7. രാഷ്ട്രീയ സംവാദത്തിന്റെ ശൈലിയും അതിന് തക്ക ആശയ പിൻബലവും ഉണ്ടെങ്കിൽ എസ്എഫ്ഐയും അവരുടെ വല്യേട്ടനായ സിപിഎമ്മും കരഞ്ഞു കലങ്ങിയ കണ്ണുകളുമായി ഞെട്ടാൻ വരി നിൽക്കുന്ന കപട പുരോഗമന ഇടത് സർഗാത്മക വാദികളെയും സ്വാഗതം ചെയ്യുന്നു. കേരളത്തിലെ കാംപസ് ജനാധിപത്യവും കൊലപാതക രാഷ്ട്രീയവും നമുക്കൊന്ന് ചർച്ചക്ക് വിധേയമാക്കാം. എസ്എഫ്ഐയും സിപിഎമ്മും നടത്തിയ ക്രൂരതകളുടെയും കൊലപാതകത്തിന്റെയും ദാരുണാനുഭവങ്ങൾ കേട്ട് ഒലിപ്പിക്കാൻ ഇത്തിരി കണ്ണുനീർ ബാക്കിവെക്കണമെന്ന് സാന്ദർഭികമായി സൂചിപ്പിക്കുന്നു.
സംഘർഷത്തിനിടയിൽ കൊല്ലപ്പെട്ട അഭിമന്യു എന്ന വിദ്യാർത്ഥിയുടെ കുടുംബത്തിന്റെ ദുഃഖത്തിൽ പങ്ക് ചേരുന്നു. ഒപ്പം സ്വന്തം മക്കളെ എസ്എഫ്ഐ പോലുള്ള ക്രിമിനൽ സംഘത്തിലേക്ക് വിടാതിരിക്കാനുള്ള ജാഗ്രത രക്ഷിതാക്കൾക്ക് ഉണ്ടാവണമെന്നും അഭ്യർത്ഥിക്കുന്നു.