കത്തിക്കരിഞ്ഞത് പുരുഷനാണെന്ന് തെളിഞ്ഞത് 49-ാം ദിവസം; വട്ടംകറങ്ങി പൊലീസ്‌

By Web DeskFirst Published Apr 7, 2018, 7:40 PM IST
Highlights
  • ആടിനെ മേയ്ക്കാന്‍ എത്തിയ സ്ത്രീകളാണ് കാക്കകള്‍ കൊത്തിവലിക്കുന്ന ശരീരഭാഗങ്ങള്‍ ആദ്യം കണ്ടത്.
  • ഇതുവരെ ആരും പരാതിയുമായി വന്നിട്ടുമില്ല
  • കാക്കനാടും തിരുവനന്തപുരത്തുമുള്ള ലാബുകളില്‍ നടത്തിയ പരിശോധനയിലാണ് ശരീരം പുരുഷന്റേതെന്ന് തെളിഞ്ഞത്

തൃശൂര്‍:  ചൂണ്ടല്‍ പാടത്ത് കത്തി കരിഞ്ഞ നിലയില്‍ കണ്ടെത്തിയ മൃതദേഹാവശിഷ്ടങ്ങള്‍ പുരുഷന്റെതാണെന്ന് പരിശോധനാഫലം. തിരുവനന്തപുരം ഫോറന്‍സിക് ലാബില്‍ നടത്തിയ ഡി.എന്‍.എ പരിശോധനയിലാണ് സ്ഥീരികരണമുണ്ടായത്. കഴിഞ്ഞ ഫെബ്രുവരി 17നാണ് ചൂണ്ടല്‍പാടത്ത് കത്തികരിഞ്ഞ മൃതദേഹ അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. ഇതുവരെ ആരും പരാതിയുമായി വന്നിട്ടുമില്ല. പരിശോധനാഫലം വൈകിയത് അന്വേഷണത്തെ ബാധിച്ചിരുന്നു. 

ലിംഗ നിര്‍ണ്ണയം നടത്താന്‍ കഴിയാതിരുന്നതാണ് പരിശോധന വൈകാനിടയായതെന്നാണ് വിശദീകരണം. ശരീര ഭാഗങ്ങളില്‍ നിന്ന് ലഭിച്ച പല്ലാണ് ആദ്യം പരിശോധിച്ചത്. എന്നാല്‍ ഇതില്‍ നിന്ന് ലിംഗ നിര്‍ണ്ണയം നടത്താന്‍ കഴിഞ്ഞിരുന്നില്ല. തള്ളവിരല്‍, എല്ലിന്റെ ഭാഗങ്ങള്‍, മാംസ ഭാഗങ്ങള്‍ എന്നിവ പരിശോധിച്ചതോടെ ശരീരഭാഗം പുരുഷന്റെതാണെന്ന സ്ഥീരികരണത്തിലെത്തി. തൃശൂര്‍ മെഡിക്കല്‍ കോളജില്‍ പോസ്റ്റ്മാര്‍ട്ടം നടത്തിയ ഫോറന്‍സിക് മെഡിസിന്‍ വിഭാഗം ശരീരഭാഗങ്ങള്‍ സ്ത്രീയുടെതാണെന്ന നിഗമനത്തിലായിരുന്നു. എന്നാല്‍ കാക്കനാടും തിരുവനന്തപുരത്തുമുള്ള ലാബുകളില്‍ നടത്തിയ പരിശോധനയിലാണ് ശരീരം പുരുഷന്റേതെന്ന് തെളിഞ്ഞത്. ലിംഗ നിര്‍ണയം പോലും സാധ്യമല്ലാത്ത വിധം കത്തിക്കരിഞ്ഞ മൃതദേഹം കണ്ടത് പൊലിസിന് തലവേദനയായി. കത്തിക്കരിഞ്ഞ നിലയില്‍ തലയുടെയും കാലുകളുടെയും ഭാഗങ്ങളാണ് കണ്ടെത്തിയത്. 

ആടിനെ മേയ്ക്കാന്‍ എത്തിയ സ്ത്രീകളാണ് കാക്കകള്‍ കൊത്തിവലിക്കുന്ന ശരീരഭാഗങ്ങള്‍ ആദ്യം കണ്ടത്. വിവരം അറിയിച്ചതിനെതുടര്‍ന്ന് പൊലീസെത്തി പരിശോധന നടത്തിയെങ്കിലും ഇരുട്ട് പരന്നതിനാല്‍ ആദ്യദിനത്തിലെ ശ്രമം പരാജയമായി. പിറ്റേന്ന് രാവിലെ ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി ശരീര ഭാഗങ്ങള്‍ പോസ്റ്റ് മോര്‍ട്ടത്തിനായി തൃശൂര്‍ ഗവ. മെഡിക്കല്‍ കോളജിലേക്ക് മാറ്റി. മൂന്ന് മണിക്കൂറോളം നീണ്ട പോസ്റ്റ്മോര്‍ട്ടമാണ് നടന്നത്. സംഭവ സ്ഥലത്തെ പരിശോധനയില്‍ നിര്‍ണ്ണായകമായ ചില തെളിവുകള്‍ ലഭിച്ചുവെങ്കിലും പോസ്റ്റ്മോര്‍ട്ടം കഴിഞ്ഞിട്ടും ശരീര ഭാഗങ്ങള്‍ പുരുഷന്റെയോ സ്ത്രീയുടേയൊ എന്ന് തിരിച്ചറിയാന്‍ സാധിക്കാത്തതാണ് പൊലിസിന് കുഴക്കിയത്. സ്ത്രീയുടെ ശരീരാവശിഷ്ടങ്ങളാണെന്നാണ് പ്രാഥമിക നിഗമനമുണ്ടായിരുന്നതെങ്കിലും സിഗരറ്റ് ലൈറ്റര്‍, ഹാന്‍സ് പാക്കറ്റ് എന്നിവ സംഭവസ്ഥലത്ത് നിന്ന് ലഭിച്ചത് പുരുഷന്റെ ശരീര ഭാഗമാണോ എന്ന സംശയവുമുയര്‍ത്തി. കോടതിയുടെ അനുമതിയോടെയാണ് തിരുവനന്തപുരത്തുള്ള ലാബിലേക്ക് നട്ടെല്ലിന്റെ ഭാഗമുള്‍പ്പെടെ അയച്ചത്. ശരീരത്തിന്റെ 20 ശതമാനം ഭാഗം മാത്രമാണ് ലഭ്യമായത്. 

മേഖലയില്‍ നിന്ന് കാണാതായവരെയും ഇതര സംസ്ഥാനക്കാരെയും കുറിച്ചുമായിരുന്നു തുടക്കം മുതലെയുള്ള അന്വേഷണം. മേഖലയിലെ സ്ഥാപനങ്ങളിലെ സിസിടിവി കാമറകള്‍ പരിശോധിച്ചെങ്കിലും തുമ്പൊന്നും കിട്ടിയില്ല. മേഖലയില്‍ നിന്ന് ലഭിച്ച മൊബൈല്‍ സിം കാര്‍ഡ് പരിശോധനയ്ക്ക് അയച്ചെങ്കിലും ഇത് സംഭവുമായി ബന്ധമുള്ളതല്ലെന്ന നിഗമനത്തിലാണ് പൊലീസ്. അതിനിടെ നിര്‍ണായക തെളിവെന്ന നിരീക്ഷണത്തില്‍ ഷര്‍ട്ടിന്റെ ഒരു ഭാഗം കിട്ടിയിരുന്നു. ഇത് പൊലിസിനെ സംബന്ധിച്ച് ഏറെ ആശ്വാസകരമായി. സംഭവത്തെകുറിച്ച് യാതൊരു സൂചനയുമില്ലാത്ത ഘട്ടത്തില്‍ ഷര്‍ട്ടിന്റെ കൈയുടെ ഭാഗം ലഭിച്ചതാണ് നിര്‍ണായകമായെടുത്തിരിക്കുന്നത്.

 

click me!