ഇതാ, നിങ്ങളുടെ ആരോഗ്യത്തെ തകര്‍ക്കുന്ന 10 ശീലങ്ങള്‍...

By Web TeamFirst Published Dec 30, 2018, 2:00 PM IST
Highlights

ഭക്ഷണം, ഉറക്കം, വ്യായാമം -അങ്ങനെ എല്ലാ കാര്യങ്ങളിലും പാലിക്കേണ്ട പരിമിതമായ ചിട്ടകളുണ്ട്. ഇതില്‍ ശ്രദ്ധ പുലര്‍ത്തിയില്ലെങ്കില്‍ ക്രമേണ, ആരോഗ്യത്തെ തകര്‍ക്കുന്ന വലിയ പ്രത്യാഘാതങ്ങള്‍ വരെ സംഭവിക്കാം

നിത്യേന നമ്മള്‍ ചെയ്യുന്ന ചെറുതും വലുതുമായ കാര്യങ്ങളെല്ലാം നേരിട്ടോ അല്ലാതെയോ ശരീരത്തിന്റെ ക്ഷമതയെ സ്വാധീനിക്കുന്നുണ്ട്. ഭക്ഷണം, ഉറക്കം, വ്യായാമം -അങ്ങനെ എല്ലാ കാര്യങ്ങളിലും പാലിക്കേണ്ട പരിമിതമായ ചിട്ടകളുണ്ട്. ഇതില്‍ ശ്രദ്ധ പുലര്‍ത്തിയില്ലെങ്കില്‍ ക്രമേണ, ആരോഗ്യത്തെ തകര്‍ക്കുന്ന വലിയ പ്രത്യാഘാതങ്ങള്‍ വരെ സംഭവിക്കാം. 

ഇത്തരത്തില്‍ ആരോഗ്യത്തെ തകര്‍ക്കുന്ന പല ശീലങ്ങളും നമുക്കുണ്ടായേക്കാം. അവയില്‍ പ്രധാനപ്പെട്ട 10 ശീലങ്ങള്‍ ഏതെല്ലാമെന്ന് നോക്കാം.

ഒന്ന്...

രാവിലെ കുളിച്ചൊരുങ്ങി, തിരക്കിട്ട് ഓഫീസിലേക്കോ കോളേജിലേക്കോ ഒക്കെ ഓടിപ്പോകുമ്പോള്‍ പലപ്പോഴും നമ്മള്‍ പ്രഭാതഭക്ഷണം ഒഴിവാക്കാറുണ്ട്. ഇത് ഗുരുതരമായ പ്രത്യാഘാതങ്ങളാണ് ഉണ്ടാക്കുക. അതിനാല്‍ രാവിലെ ഭക്ഷണം കഴിച്ച ശേഷം മാത്രം മറ്റ് കാര്യപരിപാടികളിലേക്ക് കടക്കുക. 

രണ്ട്...

കാപ്പിയും ചായയും ഒക്കെ കഴിക്കാത്തവര്‍ വളരെ ചുരുക്കമാണ്. ദിവസത്തില്‍ ഒന്നോ രണ്ടോ കാപ്പിയോ ചായയോ ആകുന്നതില്‍ യാതൊരു  തെറ്റുമില്ല. എന്നാല്‍ അതിലധികം ആകുന്നുണ്ടെങ്കില്‍ ഒന്ന് ശ്രദ്ധിക്കണം. ഇത് എല്ലാവരിലും ഒരുപോലെ ആരോഗ്യകരമായിരിക്കണം എന്നില്ല. കൂട്ടത്തില്‍ കാപ്പിയായാലും ചായ ആയാലും അതില്‍ ക്രീം ചേര്‍ത്ത് കുടിക്കുന്ന പതിവുണ്ടെങ്കില്‍ അക്കാര്യവും അല്‍പം ശ്രദ്ധിക്കുക. 

മൂന്ന്...

തിരക്കിട്ട ജീവിതത്തില്‍ എല്ലാ കാര്യങ്ങളും വേഗത്തില്‍ ചെയ്യുകയെന്നതാണ് നമ്മുടെ പതിവ്. മറ്റേത് കാര്യങ്ങള്‍ക്ക് അല്‍പം സമയമെടുത്താലും ഭക്ഷണം കഴിക്കാനുള്ള സമയമാണ് ഇത് പരിഹരിക്കാന്‍ നമ്മളാദ്യം വെട്ടിച്ചുരുക്കാറ്. ഇതത്ര ആരോഗ്യകമല്ലെന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. ഭക്ഷണം സാവധാനത്തില്‍ രുചിയറിഞ്ഞ്, ചവച്ചരച്ച് വേണം കഴിക്കാന്‍. ഇങ്ങനെ കഴിക്കുന്നത് മാത്രമേ ശരീരത്തിന് ഗുണം ചെയ്യുകയുമുള്ളൂ.

നാല്...

ചെരുപ്പ് ധരിക്കുന്ന കാര്യത്തിലും വളരെയധികം ശ്രദ്ധ പുലര്‍ത്തേണ്ടതുണ്ട്. ഇക്കാര്യത്തില്‍ പിഴവ് സംഭവിച്ചാല്‍ ശരീരത്തിന്റെ മൊത്തം ബാലന്‍സിനെ ബാധിക്കുന്ന പ്രശ്‌നമാണ് സംഭവിക്കുക. വിട്ടുമാറാത്ത നടുവേദനയായിരിക്കും ഇതിന്റെ ഒരു ഫലം. അതിനാല്‍ നടക്കാന്‍ സൗകര്യമുള്ള, ഹീല്‍സും അമിതഭാരവും ഇല്ലാത്ത ചെരുപ്പുകള്‍ തെരഞ്ഞെടുത്ത് ഉപയോഗിക്കുക. 

അഞ്ച്...

ദിവസത്തില്‍ ചുരുങ്ങിയത് രണ്ട് നേരമെങ്കിലും ബ്രഷ് ചെയ്യാന്‍ കരുതുക. രാവിലെയും രാത്രിയില്‍ കിടക്കുന്നതിന് മുമ്പുമാണ് നിര്‍ബന്ധമായും പല്ല് വൃത്തിയാക്കേണ്ടത്. ഇല്ലാത്ത പക്ഷം പല്ലുകള്‍ നശിക്കുമെന്ന് മാത്രമല്ല, അണുബാധയുണ്ടാകാനും വായ്‌നാറ്റമുണ്ടാകാനുമെല്ലാം ഇടയാകും. 

ആറ്...

ഉറക്കമാണ് നമ്മള്‍ ശ്രദ്ധ ചെലുത്തേണ്ട മറ്റൊരു പ്രധാന ശീലം. ആവശ്യത്തിന് ഉറക്കം ലഭിച്ചില്ലെങ്കില്‍ പലവിധത്തിലുള്ള ആരോഗ്യപ്രശ്‌നങ്ങളായിരിക്കും നമ്മള്‍ നേരിടേണ്ടിവരിക. ഉറക്കം കുറഞ്ഞാലും കൂടിയാലും ശരീരവണ്ണത്തെയാകും അത് ആദ്യം ബാധിക്കുക. അതുപോലെ തന്നെ വീക്കെന്‍ഡുകളിലോ അവധി ദിവസങ്ങളിലോ മണിക്കൂറുകളോളം ഉറങ്ങുന്നതും അത്ര ആരോഗ്യകരമായ ശീലമല്ല. 

ഏഴ്...

ചെറുപ്പക്കാരാണെങ്കില്‍ മിക്കവാറും എല്ലാവരും ജിമ്മില്‍ പോകുന്നവരാണ്. എന്നാല്‍ ഇത് പലപ്പോഴും ശരീരസൗന്ദര്യത്തിന് വേണ്ടി മാത്രമായിരിക്കും. ആരോഗ്യത്തിന് അത്ര തന്നെ പ്രാധാന്യം നല്‍കിക്കോളണമെന്നില്ല. പ്രത്യേകിച്ച് ഹൃദയത്തിന്റെ ആരോഗ്യത്തിന് ചില പരിമിതമായ വ്യായാമങ്ങള്‍ ആവശ്യമാണ്. നടത്തം, ഓട്ടം- തുടങ്ങിയ വ്യായാമമുറകള്‍ ഹൃദയാരോഗ്യത്തിന് വളരെ നല്ലതാണ്. 

എട്ട്...

ശരീരം ഇടയ്ക്കിടെ 'സ്‌ട്രെച്ച്' ചെയ്യുന്ന പതിവുണ്ടെങ്കില്‍ ഇത് നല്ലതുതന്നെ. നടുവേദനയുള്ളവര്‍ക്ക് ഇത് നല്ലരീതിയില്‍ ആക്കം പകരും. എന്നാല്‍ രാവിലെ എഴുന്നേറ്റയുടന്‍ ഇത് ചെയ്യുന്നത് അത്ര നല്ലതല്ല. എഴുന്നേറ്റ് പ്രഭാതകര്‍മ്മങ്ങളെല്ലാം ചെയ്ത ശേഷം മാത്രമേ ശരീരം 'സ്‌ട്രെച്ച്' ചെയ്യാവൂ. 

ഒമ്പത്...

മൂത്രമൊഴിക്കാന്‍ തോന്നിയാലും അത് പിടിച്ചുവയ്ക്കുന്ന ശീലമുള്ളവര്‍ ധാരളമാണ്. പ്രത്യേകിച്ച് സ്ത്രീകളാണ് ഇത് ഏറ്റവുമധികം ചെയ്യാറ്. എന്നാല്‍ ഈ ശീലം അണുബാധയുള്‍പ്പെടെ ഗുരുതരമായ ശാരീരികപ്രശ്‌നങ്ങള്‍ക്കാണ് വഴിവയ്ക്കുക. അതിനാല്‍ മൂത്രമൊഴിക്കാനുളള തോന്നലുണ്ടായാല്‍ അധികം പിടിച്ചുവയ്ക്കാതെ അത് സാധിക്കാന്‍ കരുതുക. 

പത്ത്...

ദിവസവും ബാഗ് തൂക്കുന്നവരാണെങ്കില്‍ അത് ഇരുതോളുകളിലും മാറിമാറി തൂക്കാന്‍ ശ്രദ്ധിക്കുക. ഒരു തോളില്‍ മാത്രം കനം തൂക്കുന്നത് ക്രമേണ കഴുത്തുവേദന, പുറംവേദന, കൈവേദനയ്‌ക്കൊക്കെ ഇടയാക്കും. 

click me!