'റബ്ബര്‍ ബോയ്' എന്നല്ലാതെ ഇവനെ മറ്റെന്ത് വിളിക്കണം...?

By Web TeamFirst Published Feb 10, 2019, 5:39 PM IST
Highlights

ദിവസവരുമാനത്തില്‍ ജോലി ചെയ്യുന്ന അച്ഛന് പക്ഷേ, മകനെ വേണ്ട രീതിയില്‍ പ്രോത്സാഹിപ്പിക്കാനാകുന്നില്ലല്ലോ എന്ന ദുഖമാണ്. എങ്കിലും തന്നെക്കൊണ്ട് ആകുന്ന പോലെയെല്ലാം അദ്ദേഹവും ഉജ്ജ്വലിന് പിന്തുണയാകുന്നു

മുന്നിലേക്കോ പിന്നിലേക്കോ, താഴ്‌ന്നോ ഉയര്‍ന്നോ എങ്ങനെ വേണമെങ്കിലും വളയ്ക്കാവുന്ന ശരീരവുമായി ഒരു പത്തുവയസ്സുകാരന്‍. മാതാപിതാക്കള്‍ക്കും നാട്ടുകാര്‍ക്കും കൂട്ടുകാര്‍ക്കുമെല്ലാം അങ്ങനെ ഇവനൊരു അത്ഭുതമായി മാറി. ഉത്തര്‍പ്രദേശിലെ മീററ്റ് സ്വദേശിയായ ഉജ്ജ്വല്‍ വിശ്വകര്‍മ്മയെക്കുറിച്ചാണ് പറയുന്നത്. 

എങ്ങനെയും വളയ്ക്കാനാകുന്ന ശരീരമായതിനാല്‍ നാട്ടുകാര്‍ അവനെ സ്‌നേഹത്തോടെ 'റബ്ബര്‍ ബോയ്' എന്ന് വിളിച്ചുതുടങ്ങി. ഒരിക്കലെങ്കിലും ഉജ്ജ്വലിന്റെ യോഗാഭ്യാസങ്ങള്‍ കണ്ട ആരും ഈ പേര് ഒന്നംഗീകരിച്ചുപോകും. ഇതല്ലാതെ പിന്നെ ഉജ്ജ്വലിനെ എന്ത് വിളിക്കണമെന്നോര്‍ത്ത് മൂക്കത്ത് വിരല്‍ വച്ചുപോകും. 

വെറുതെയല്ല, കടുത്ത പരിശീലനമാണ് ഈ മെയ് വഴക്കത്തിനായി ഉജ്ജ്വല്‍ ചെയ്യുന്നത്. ആറ് വയസ്സ് മുതലുള്ള യോഗാഭ്യാസമാണ്. ദിവസവും മൂന്ന് മണിക്കൂറില്‍ കൂടുതല്‍ യോഗ അഭ്യസിക്കാനായി ചെലവിടും. യോഗയില്‍ തന്നെ ഏറ്റവും സങ്കീര്‍ണ്ണമായ 'നിരാലംബ പൂര്‍ണ്ണ ചക്രാസനം' 16 തവണ ചെയ്യാന്‍ ഇവന് ഒരേയൊരു മിനുറ്റ് മാത്രം മതി. 

 

ഇതേ യോഗമുറ ഒരു മിനുറ്റിനുള്ളില്‍ 15 തവണ ചെയ്ത മൈസൂരുകാരി പെണ്‍കുട്ടിയുടെ പേരില്‍ നിലവില്‍ ഗിന്നസ് റെക്കോഡുണ്ട്. ഇത് തകര്‍ത്ത് പുതിയ റെക്കോഡ് സ്ഥാപിക്കുകയെന്നതാണ് ഇപ്പോള്‍ ഉജ്ജ്വലിന്റെ ലക്ഷ്യം. ഇതിന് ഒരു ഗ്രാമം മുഴുവന്‍ ഉജ്ജ്വലിനൊപ്പമുണ്ട്. 

ദിവസവരുമാനത്തില്‍ ജോലി ചെയ്യുന്ന അച്ഛന് പക്ഷേ, മകനെ വേണ്ട രീതിയില്‍ പ്രോത്സാഹിപ്പിക്കാനാകുന്നില്ലല്ലോ എന്ന ദുഖമാണ്. എങ്കിലും തന്നെക്കൊണ്ട് ആകുന്ന പോലെയെല്ലാം അദ്ദേഹവും ഉജ്ജ്വലിന് പിന്തുണയാകുന്നു. ഇനി വൈകാതെ ലോകത്തിന്റെ അംഗീകാരം വേണം, അച്ഛനെയും അമ്മയെയും സന്തോഷിപ്പിക്കണം.... 'റബ്ബര്‍ ബോയു'ടെ ആഗ്രഹങ്ങള്‍ വാനോളം പറക്കുന്നു...

click me!