
വാഹനങ്ങൾ നിറഞ്ഞ ഒരു റോഡിൽ നിശബ്ദാവസ്ഥ നിങ്ങൾക്ക് സങ്കൽപ്പിക്കാനാകുമോ? ദീപക് ദാസ് എന്ന കൊൽകൊത്തക്കാരൻ ഡ്രൈവർ അത് നേടാനാകുമെന്ന് വിശ്വസിക്കുന്നു. കഴിഞ്ഞ 18 വർഷമായി റോഡിൽ ഹോൺ മുഴക്കാതെ വാഹനമോടിച്ച ദീപക് ദാസിനെ തേടിയെത്തിയത് മുനഷ് സൻമാൻ അവാർഡാണ്. ദീപക് അപൂർവവും സവിശേഷവുമായ സ്വഭാവഗുണങ്ങളുള്ള വ്യക്തിയാണെന്ന് മനുഷ് മേള സംഘാടകർ വിലയിരുത്തി.
ദീപകുമായി കഴിഞ്ഞ 18 വർഷമായി ബന്ധമുള്ളവരിൽ നിന്ന് അഭിപ്രായം ശേഖരിച്ച് കൂടിയാണ് അവാർഡിനായി തെരഞ്ഞെടുത്തത്. തബല വിദ്വാൻ തൻമയ് ബോസ്, ഗിറ്റാറിസ്റ്റ് കുനാൽ എന്നിവർക്കൊപ്പമാണ് ഡ്രൈവറായ ദീപകും ആദരിക്കപ്പെടുന്നത്. ശബ്ദ മലിനീകരണം ഇല്ലാതാക്കാൻ നടത്തിയ ശ്രമങ്ങൾ മുൻനിർത്തിയാണ് ഇൗ പുരസ്ക്കാരം. ഹോൺ വിരുദ്ധ നയത്തിൽ വിശ്വസിക്കുന്ന ദീപക് മറ്റുള്ളവരെ അതിനായി പ്രേരിപ്പിക്കുകയും ചെയ്യുന്നു.
ഹോൺ മുഴക്കാത്ത ഡ്രൈവർ വാഹനമോടിക്കുമ്പോള് കൂടുതൽ ശ്രദ്ധാലുവായിരിക്കുമെന്ന് ദീപക് പറയുന്നു. സ്ഥലം, വേഗത, സമയം എന്നിവയെക്കുറിച്ച് ഡ്രൈവർക്ക് കൃത്യമായ ധാരണയുണ്ടെങ്കിൽ ഹോൺ മുഴക്കേണ്ട ആവശ്യമില്ല. യാത്രക്കാർ ഹോൺ മുഴക്കാൻ പറയാറുണ്ട്. അതുകൊണ്ട് പ്രശ്നം പരിഹരിക്കപ്പെടുകയില്ലെന്ന മറുപടിയാണ് അവരോട് ദീപക് പറയാറുള്ളത്.
‘ഹോൺ ഒരു സങ്കൽപ്പമാണ്, ഞാൻ നിങ്ങളുടെ ഹൃദയത്തിന് വേണ്ടി സൂക്ഷ്മത പുലർത്തുന്നു’ എന്ന പ്ലക്കാർഡുമായാണ് ദീപകിന്റെ കാർ ഒാടുന്നത്. ഡാർജിലിങ്, സിക്കിം എന്നിവിടങ്ങളിലേക്ക് ഉൾപ്പെടെയുള്ള ദീർഘയാത്രകളിൽ പോലും ഹോൺ മുഴക്കാത്ത ദീപകിന്റെ സ്വപ്നം കൊൽക്കത്ത ഹോൺ മുഴക്കാത്ത നഗരമവയി മാറുമെന്നാണ്. അവാർഡിനു ദീപക് സ്വാഭാവികമായി തന്നെ അർഹനാവുകയായിരുന്നെന്നാണ് മനുഷ്മേള അധികൃതർ പറയുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Lifestyle News അറിയൂ. Food and Recipes, Health News തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam