മുടിയും തൊലിയും അഴകുള്ളതാക്കാന്‍ ആര്യവേപ്പ്; തയ്യാറാക്കാന്‍ 4 മാര്‍ഗങ്ങള്‍

By Web TeamFirst Published Aug 5, 2018, 10:41 AM IST
Highlights

തൊലിയുമായി ബന്ധപ്പെട്ട പല പ്രശ്നങ്ങള്‍ക്കും മികച്ച മരുന്നാണ് ആര്യവേപ്പ്. ഇതിന്‍റെ ഇലകള്‍ അരച്ചും പൊടിച്ചും വെള്ളത്തില്‍ തിളപ്പിച്ചുമെല്ലാം ഉപയോഗിക്കാവുന്നതാണ്

പല ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും വീട്ടില്‍ എളുപ്പത്തില്‍ കണ്ടുപിടിക്കുന്ന ഒരു മരുന്നാണ് ആര്യവേപ്പ്. മുടിക്കും തൊലിക്കും ഭംഗിയേകാനും ആര്യവേപ്പ് മികച്ചത് തന്നെ. എന്നാല്‍ എങ്ങനെയെല്ലാമാണ് ഇത് ഉപയോഗിക്കേണ്ടത്. ഏറ്റവും ലളിതമായ 4 രീതികള്‍ നോക്കാം..

ഒന്ന്...

ഒരു പിടി വേപ്പില അര ലിറ്റര്‍ വെള്ളത്തില്‍ നന്നായി തിളപ്പിക്കുക. നല്ല പച്ച നിറത്തിലായി വരുമ്പോള്‍ വാങ്ങിവെച്ച് തണുപ്പിക്കുക. തണുപ്പിച്ച ശേഷം ഇത് നന്നായി അരിച്ച് ഒരു കുപ്പിയില്‍ സൂക്ഷിക്കാവുന്നതാണ്. ഓരോ ദിവസവും ഇതില്‍ നിന്ന് അല്‍പമെടുത്ത് മുഖത്തും കഴുത്തിലുമെല്ലാം തേച്ച് പിടിപ്പിക്കാം. ആര്യവേപ്പിലടങ്ങിയിരിക്കുന്ന ആന്റി ബാക്ടീരിയല്‍ ഘടകങ്ങള്‍ മുഖക്കുരു, ഡെഡ് സ്‌കിന്‍ എന്നിവയെ മുഖത്ത് നിന്ന് നീക്കാന്‍ സഹായിക്കുന്നു. കൂടാതെ മുഖത്തെ അമിതമായ എണ്ണയും ഇത് നീക്കം ചെയ്യുന്നു. 

രണ്ട്...

തൊലിയിലുണ്ടാകുന്ന ചെറിയ പാടുകളേയും കറുത്ത അടയാളങ്ങളേയും കളയാനും വേപ്പ് തന്നെയാണ് മികച്ച മരുന്ന്. രണ്ട് സ്പൂണ്‍ വീതം ആര്യവേപ്പിലയുടെ പൊടിയും ചന്ദനപ്പൊടിയും എടുത്ത് ഒരു ടേബിള്‍ സ്പൂണ്‍ റോസ് വാട്ടറുമായി കലര്‍ത്തുക. ഇതൊരു പേസ്റ്റ് പരുവത്തിലാക്കിയ ശേഷം മുഖത്ത് തേക്കുക. 20 മിനുറ്റിന് ശേഷം തണുത്ത വെള്ളത്തില്‍ മുഖം കഴുകാം. സാധാരണയായി ഉപയോഗിക്കുന്ന ഫെയ്‌സ് പാക്കുകള്‍ക്ക് പകരം ഇത് പരീക്ഷിക്കാവുന്നതാണ്. 

മൂന്ന്...

ചിക്കന്‍പോക്‌സ് പോലുള്ള അസുഖങ്ങള്‍ തൊലിയില്‍ അവശേഷിപ്പിക്കുന്ന ചെറിയ കുഴിവുകളും പാടുകളുമെല്ലാം മാറാനും ആര്യവേപ്പില ഉപയോഗിക്കാറുണ്ട്. ഇത്തരത്തിലുള്ള ആവശ്യങ്ങള്‍ക്കാണെങ്കില്‍ മഞ്ഞള്‍ കൂടി ചേര്‍ത്ത് വേപ്പില ഉപയോഗിക്കുന്നതാണ് ഉത്തമം. അതായത് വേപ്പില നന്നായി അരച്ച് പേസ്റ്റ് പരുവത്തിലാക്കുക. ഇതിലേക്ക് മഞ്ഞള്‍ പൊടിയോ മഞ്ഞള്‍ അരച്ചതോ ചേര്‍ക്കാം. തുടര്‍ന്ന് ഇത് മുഖത്ത് തേച്ചുപിടിക്കുക. നന്നായി ഉണങ്ങിയ ശേഷം തണുത്ത വെള്ളത്തില്‍ മുഖം കഴുകാം. 

നാല്...

താരനും മുടികൊഴിച്ചിലിനും ഫലപ്രദമായ പരിഹാരമാണ് ആര്യവേപ്പ്. ഇതിനായി ഒരു പിടി ഇലയെടുത്ത് തിളച്ചുകൊണ്ടിരിക്കുന്ന വെള്ളത്തിലേക്ക് ചേര്‍ക്കുക. ഈ വെള്ളത്തില്‍ ഒരല്‍പം തേനും ചേര്‍ക്കാവുന്നതാണ്. തണുപ്പിച്ച ശേഷം ഇത് തലയോട്ടിയിലും മുടിയിലുമെല്ലാം നന്നായി തേച്ച് പിടിപ്പിക്കണം. അല്‍പസമയം കഴിഞ്ഞ വീര്യം കുറഞ്ഞ ഷാമ്പൂ ഉപയോഗിച്ച് കഴുക്കിക്കളയാവുന്നതാണ്

click me!