
'എല്ലാവരെയും പോലെയല്ല നിങ്ങള്‍' എന്ന മാറ്റിനിര്‍ത്തലിനെ അവര്‍ക്ക് എങ്ങനെയും എടുക്കാമായിരുന്നു. അവസാന പ്രതീക്ഷയും കെടുത്തിവച്ച് ഇരുട്ടിലെവിടെയെങ്കിലും തപ്പിത്തടഞ്ഞ്, ആരെങ്കിലും നീട്ടുന്ന ദയവിലോ കരുണയിലോ കാലം കഴിക്കാമായിരുന്നു. എന്നാല്‍ തോറ്റുകൊടുക്കാന്‍ അവര്‍ക്ക് മനസ്സില്ലായിരുന്നു. 'എല്ലാവരെയും പോലെയല്ല, ഞങ്ങള്‍ വ്യത്യസ്തരാണ്' എന്ന് ജീവിതം കൊണ്ട് പ്രഖ്യാപിക്കുകയാണവര്‍.
മുംബൈയിലെ ജൂഹുവിലാണ് അതിജീവനത്തിന്‍റെ പുതിയ രുചിക്കൂട്ടുകളുമായി അവര്‍ ഭക്ഷണപ്രിയരെ കാത്തിരിക്കുന്നത്. ഭിന്നശേഷിക്കാരായ 12 പേര്‍ നേതൃത്വം കൊടുക്കുന്ന ഒരു കഫേ. 'അര്‍പണ്‍' എന്ന് പേരിട്ട കഫേയില്‍ ഓര്‍ഡറെടുക്കുന്നതും ഭക്ഷണമുണ്ടാക്കുന്നതും വിളന്പുന്നതും വൃത്തിയാക്കുന്നതുമെല്ലാം ഇവര്‍ തന്നെ. ഇതിനായി എല്ലാവരും പ്രത്യേകം പരിശീലനങ്ങള്‍ നേടിയിരിക്കുന്നു.
ഫിലിപ്പീന്‍സ് തലസ്ഥാനമായ മനിലയില്‍ ഓട്ടിസം ബാധിച്ച ഒരു യുവാവ് തുടങ്ങിയ കഫേയാണ് ഇത്തരത്തിലൊരു ആശയത്തിലേക്ക് ഇവരെയെത്തിച്ചത്. യഷ് ചാരിറ്റബിള്‍ ട്രസ്റ്റാണ് ഇതിനായി എല്ലാ സഹായങ്ങളുമൊരുക്കിയത്. 2012ല്‍ ഇതേ കൂട്ടായ്മ 'ലഞ്ച് ബോക്സ്' സര്‍വീസ് നടത്തിയിരുന്നു. ഇത് വിജയം കണ്ടതോടെയാണ് അല്‍പം കൂടി വിപുലമാക്കി, അതൊരു കഫേ മോഡലിലാക്കാന്‍ തീരുമാനിച്ചത്.
ഇക്കഴിഞ്ഞ ആഗസ്റ്റില്‍, കേരളത്തെ പ്രളയം പിടിച്ചുകുലുക്കിയ സമയത്താണ് 'അര്‍പണ്‍' തുറക്കുന്നത്. കേരളത്തിനുള്ള സഹായമഭ്യര്‍ത്ഥിച്ചുകൊണ്ട് മാനുഷികതയുടെ വലിയ മാനം ഉയര്‍ത്തിപ്പിടിച്ചാണ് അവര്‍ തങ്ങളുടെ അതിഥികളെ ആദ്യം വരവേറ്റത്. ചുരുങ്ങിയ കാലത്തിനുള്ളില്‍ തന്നെ വന്‍ ഇവര്‍ക്ക് വന്‍ സ്വീകരണം ലഭിച്ചു. ഫേസ്ബുക്ക് പേജിലൂടെയും 'അര്‍പണ്‍' പ്രമോഷന്‍ നടത്തുന്നുണ്ട്.
കേട്ടറിഞ്ഞെത്തുന്നവര്‍ തന്നെ ധാരാളം. ഒരുപാട് പ്രത്യേകതകളുള്ള ഭക്ഷണമൊന്നും ഇവര്‍ നല്‍കുന്നില്ല. പല തരം ചായകള്‍, സാന്‍ഡ്‍വിച്ച്, സ്പെഷ്യല്‍ സാന്‍ഡ്‍വിച്ച്, സലാഡുകള്‍, വിദേശി വട പാവ്... അങ്ങനെ ചില ലളിതമായ ഡിഷുകള്‍ മാത്രം. എങ്കിലും ഇവര്‍ വിളമ്പുമ്പോള്‍ ആ ഭക്ഷണം പ്രത്യേകതകളുള്ളതാകുന്നുവെന്നാണ് കഫേ സന്ദര്‍ശിച്ചവരെല്ലാം പറയുന്നത്.
ഭക്ഷണം മാത്രമല്ല, സംഗീതവും നൃത്തവും ഒക്കെ കാണും ഇവിടെ. ഇവരുടെ കൂട്ടായ്മക്ക് തന്നെ സ്വന്തമായി ഒരു ട്രൂപ്പുണ്ട്. ഹാര്‍മോണിയവും സിത്താറും തബലയും വായിക്കാനും, ഇവയുടെയെല്ലാം താളത്തിനൊത്ത് ചുവടുവയ്ക്കാനുമെല്ലാം ഇവര്‍ക്കറിയാം. മറ്റുള്ളവരില്‍ നിന്ന് 'ഞങ്ങള്‍ വ്യത്യസ്തരാണ്' എന്ന് മാത്രമല്ല, എങ്ങനെയാണ് വ്യത്യസ്തരാകുന്നതെന്നും അതെത്രമാത്രം മനോഹരമാണെന്നും ഇവര്‍ തെളിയിക്കുന്നു.