വൈകീട്ട് ബിസ്‌കറ്റിനും ചിപ്‌സിനും പകരം കുട്ടികള്‍ക്ക് നല്‍കാന്‍ ഒരു സ്‌നാക്ക്...

By Web TeamFirst Published Jan 16, 2019, 2:15 PM IST
Highlights

വൈകീട്ട് വിശപ്പോടെ വരുന്ന കുഞ്ഞുങ്ങള്‍ക്ക് നല്‍കുന്ന ഭക്ഷണത്തിന്റെ കാര്യത്തില്‍ നമുക്ക് അല്‍പം ശ്രദ്ധ പുലര്‍ത്താം. അവര്‍ക്ക് ആരോഗ്യകരമായി കൊടുക്കാവുന്ന ഒരു സ്‌നാക്ക് ആണ് ഇനി പറയുന്നത്. അത്ര അപരിചിതമായതോ പുതിയതോ ആയ സ്‌നാക്ക് ഒന്നുമല്ല ഇത്. പഴയകാലങ്ങളില്‍ വീടുകളില്‍ അമ്മമാര്‍ എപ്പോഴും ഉണ്ടാക്കിയിരുന്ന ഒന്ന്
 

സ്‌കൂളില്‍ പോകുന്ന കുട്ടികളാണെങ്കില്‍ രാവിലെയുള്ള ഭക്ഷണവും ഉച്ചയ്ക്കുള്ള ഭക്ഷണവുമെല്ലാം എപ്പോഴും നേരാംവണ്ണം കഴിക്കണമെന്നില്ല. മിക്കവാറും വൈകീട്ട് സ്‌കൂള്‍ കഴിഞ്ഞ് വരുമ്പോഴായിരിക്കും ഇവര്‍ക്ക് കൂടുതല്‍ വിശപ്പ്. അപ്പോള്‍ ഒരു പാക്കറ്റ് ചിപ്‌സോ അല്ലെങ്കില്‍ ഒരു ബിസ്‌കറ്റ് കൂടോ അവരുടെ കയ്യിലേക്കെടുത്ത് കൊടുക്കുന്നതാണ് മിക്ക വീടുകളിലെയും രീതി. 

എന്നാല്‍ ബിസ്‌കറ്റോ, ചിപ്‌സോ പോലുള്ള ഭക്ഷണവും, ബേക്കറി സാധനങ്ങളുമെല്ലാം കുട്ടികളുടെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുമെന്ന് നമുക്കറിയാം. എങ്കിലും കുട്ടികളെ അതുതന്നെ ശീലിപ്പിക്കും. രുചി ഇഷ്ടപ്പെട്ട് പോകുന്നതിനാല്‍ തന്നെ കുട്ടികള്‍ ആ ശീലത്തെ ഇഷ്ടപ്പെടുകയും ചെയ്യുന്നു. ഇത്തരത്തിലുള്ള ഭക്ഷണം കഴിക്കുന്നതോടെ രാത്രിയിലെ അത്താഴവും അവര്‍ നേരാംവണ്ണം കഴിക്കാതെയിരുന്നേക്കാം. ഇത് ക്രമേണ കുട്ടികളുടെ ആരോഗ്യത്തെ ബാധിക്കുന്നു. 

അതിനാല്‍ വൈകീട്ട് വിശപ്പോടെ വരുന്ന കുഞ്ഞുങ്ങള്‍ക്ക് നല്‍കുന്ന ഭക്ഷണത്തിന്റെ കാര്യത്തില്‍ നമുക്ക് അല്‍പം ശ്രദ്ധ പുലര്‍ത്താം. അവര്‍ക്ക് ആരോഗ്യകരമായി കൊടുക്കാവുന്ന ഒരു സ്‌നാക്ക് ആണ് ഇനി പറയുന്നത്. 

അത്ര അപരിചിതമായതോ പുതിയതോ ആയ സ്‌നാക്ക് ഒന്നുമല്ല ഇത്. പഴയകാലങ്ങളില്‍ വീടുകളില്‍ അമ്മമാര്‍ എപ്പോഴും ഉണ്ടാക്കിയിരുന്ന ഒന്ന്. ശര്‍ക്കരയുണ്ട പോലൊക്കെ. എന്നാല്‍ ശര്‍ക്കര ഉരുട്ടുമ്പോള്‍ കൂട്ടത്തില്‍ എന്തെങ്കിലും തരത്തിലുള്ള നട്ട്‌സും ചേര്‍ക്കണമെന്ന് മാത്രം. അത് കപ്പലണ്ടിയോ, ബദാമോ, അണ്ടിപ്പരിപ്പോ ഒക്കെയാകാം. ഇതില്‍ അല്‍പം നെയ് കൂടി കലര്‍ത്തി മയപ്പെടുത്തിയ ശേഷം ഉരുട്ടിയെടുക്കാം. ആവശ്യമെങ്കില്‍ തേങ്ങാക്കൊത്തുകളും ചേര്‍ക്കാം. 

നട്ട്‌സ് തന്നെയാണ് ഇതിന്റെ പ്രധാന ഘടകം. ആരോഗ്യത്തിനാവശ്യമായ പ്രോട്ടീന്‍ പകരാന്‍ നട്ട്‌സ് ഏറെ സഹായകമാണ്. എല്ലുകള്‍ക്ക് ശക്തി പകരാനും ഹൃദയാരോഗ്യം കാത്തുസൂക്ഷിക്കാനുമെല്ലാം ഉത്തമം. പഴങ്ങള്‍ കഴിക്കാന്‍ മടിയുള്ള കുട്ടികള്‍ക്ക്, അതുണ്ടാക്കുന്ന ഗുണങ്ങളുടെ അഭാവം പരിഹരിക്കാനും ഇത് സഹായിക്കുന്നു.
 

click me!