
നമ്മള്‍ ഇതുവരെ കണ്ട സാനിറ്ററി നാപ്‌കിന്റെ പരസ്യങ്ങളില്‍ ആര്‍ത്തവരക്തത്തിന്റെ നിറം നീലയായിരുന്നു. പ്രതീകാത്മകമായാണ് അത് അങ്ങനെ കാണിച്ചിരുന്നത്. ആര്‍ത്തവരക്തം ചുവപ്പ് നിറമാണെന്ന് പരസ്യത്തിലൂടെ സമ്മതിക്കാന്‍ ഇതുവരെ ഒരു ബ്രാന്‍ഡും തയ്യാറായിരുന്നില്ല. എന്നാല്‍ ബ്രിട്ടനിലെ ഫെമിനൈന്‍ ഹൈജീന്‍ ബ്രാന്‍ഡായ ബോഡിഫോമിന്റെ പുതിയ പരസ്യം ഈ പരമ്പരാഗതരീതി അട്ടിമറിച്ചിരിക്കുകയാണ്. ആര്‍ത്തവം സാധാരണമാണെന്നും, അത് അങ്ങനെ തന്നെ കാണിക്കണമെന്നുമുള്ള പരസ്യവാചകമാണ് ഇതില്‍ ശ്രദ്ധേയമായിരിക്കുന്നത്. വെറുമൊരു പരസ്യവാചകം എന്നതിനേക്കാള്‍ #BloodNormal എന്ന പേരിലുള്ള ഹാഷ് ടാഗ് ക്യാംപയിനുമായാണ് ആര്‍ത്തവ രക്തത്തിന്റെ നിറം ചുവപ്പാണെന്നും അത് അങ്ങനെ തന്നെ കാണിക്കണമെന്നുമുള്ള പരസ്യം വന്നിരിക്കുന്നത്. സ്‌ത്രീയുടെ തുടയിലൂടെ ഒലിച്ചിറങ്ങുന്ന രക്തച്ചാലിന്റെ ദൃശ്യവും അടങ്ങിയ പരസ്യത്തില്‍, ഒരു പുരുഷന്‍ സൂപ്പര്‍മാര്‍ക്കറ്റില്‍നിന്ന് സാനിറ്ററി നാപ്‌കിന്‍ തെരഞ്ഞെടുത്ത് വാങ്ങുന്നതും ചിത്രീകരിച്ചിട്ടുണ്ട്. പതിവുരീതികളെ പൊളിച്ചെഴുതിയ ഈ പരസ്യം ഇതിനോടകം സാമൂഹികമാധ്യമങ്ങളില്‍ വന്‍ ചര്‍ച്ചയായി മാറിക്കഴിഞ്ഞു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Lifestyle News അറിയൂ. Food and Recipes, Health News തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam