
അഹമ്മദാബാദ്: പതിനേഴ് മക്കളുള്ള ദമ്പതികള്‍ ഒടുവില്‍ കുടുംബാസൂത്രണത്തെ കുറിച്ച് തയ്യാറായി. ഗുജറാത്തിലെ പിന്നാക്ക ജില്ലയായ ദഹോദ് സ്വദേശികള്‍ക്കാണ് 17 മക്കള്‍ ജനിച്ചത്. 16 പെണ്‍കുട്ടികളും ഒരു ആണ്‍കുട്ടിയുമാണ് ഇവര്‍ക്കുള്ളത്.
കുടുംബത്തിന്റെ വലുപ്പം കൂട്ടാനുള്ള രാം സിന്‍ഹിന്റേയും (44) ഭാര്യ കാനു സങ്കോട്ടിന്റേയും (40) താല്‍പര്യത്തെ ഗ്രാമമുഖനും നാട്ടുകാരും ചേര്‍ന്നാണ് നിരുത്സാഹപ്പെടുത്തിയത്. സമ്മര്‍ദ്ദം ശക്തമായതോടെ രണ്ടാമതൊരു ആണ്‍കുട്ടിക്കു വേണ്ടിയുള്ള ശ്രമം ഉപേക്ഷിക്കാന്‍ ദമ്പതികള്‍ തയ്യാറാകുകയായിരുന്നു. രണ്ടാഴ്ച മുന്‍പ് ഭാര്യയെ വന്ധ്യംകരണത്തിന് അനുവദിക്കുകയും ചെയ്തു.
2015 സെപ്തംബറിലാണ് ഈ ദമ്പതികള്‍ക്ക് 17മത്തെ കുട്ടി ജനിച്ചത്. എന്നാല്‍ ഈ കുട്ടിയുടെ ജനന തീയതി രാം സിന്‍ഹിന് അറിയില്ല. കുട്ടിയ്ക്ക് ഇതുവരെ പേരും നല്‍കിയിട്ടില്ല. 2013ല്‍ ഇവര്‍ക്ക് ഒരു ആണ്‍കുട്ടി ജനിച്ചിരുന്നു. രണ്ടാമതൊരു ആണ്‍കുട്ടി കൂടി വേണമെന്ന ആഗ്രഹമാണ് വീണ്ടും ഗര്‍ഭധാരണത്തിന് കാരണമെന്നും ഇവര്‍ പറയുന്നു.
പതിനാറ് പെണ്‍കുട്ടികളില്‍ രണ്ടു പേര്‍ മരണമടഞ്ഞു. രണ്ടു പേര്‍ വിവാഹിതരായി. രണ്ടു പേരെ രാജ്‌കോട്ടിലേക്ക് ജോലിക്ക് അയച്ചിരിക്കുകയാണെന്നും രാം സിന്‍ഹ് പറയുന്നു. ചോളവും ഗോതമ്പും കൃഷി ചെയ്യുകയാണ് രാം സിന്‍ഹ്. ഭാര്യയാകട്ടെ മറ്റു കൃഷിയിടങ്ങളില്‍ ജോലി ചെയ്തുമാണ് കുടുംബത്തിന് ഭക്ഷണത്തിനുള്ള വരുമാനം കണ്ടെത്തുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Lifestyle News അറിയൂ. Food and Recipes, Health News തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam