സ്ലീപ് ആപ്‌നിയ കാര്യമാക്കിയില്ലെങ്കില്‍ ഉറക്കത്തിനിടയില്‍ മരണപ്പെടാം

Web Desk |  
Published : Feb 26, 2017, 04:03 AM ISTUpdated : Oct 05, 2018, 03:41 AM IST
സ്ലീപ് ആപ്‌നിയ കാര്യമാക്കിയില്ലെങ്കില്‍ ഉറക്കത്തിനിടയില്‍ മരണപ്പെടാം

Synopsis

മതിയായ ഉറക്കമില്ലായ്മ’ എന്നത് രാജ്യത്തെ ആരോഗ്യമേഖലയ്ക്ക് ഭീഷണിയായി ഭവിച്ചിട്ടുളള പ്രമേഹം (ഡയബറ്റിക്‌സ്), ഹൃദയധമനീരോഗങ്ങള്‍ (cardio vascular diseases), പൊണ്ണത്തടി (obesity), വിഷാദരോഗങ്ങള്‍ (depression) എന്നീ ദീര്‍ഘകാലരോഗങ്ങളുമായി വളരെയധികം ബന്ധപ്പെട്ടു കിടക്കുന്നു. ഇതിനുമപ്പുറം വാഹനാപകടങ്ങള്‍ മൂലവും യന്ത്രോപയോഗത്തിനിടയ്ക്ക് ഉണ്ടാക്കുന്ന അപകടങ്ങള്‍ മൂലവും ഓരോ വര്‍ഷവും ഉണ്ടായിക്കൊണ്ടിരിക്കുന്ന ഗുരുതരമായ പരുക്കുകള്‍ക്കും അംഗവൈകല്യങ്ങള്‍ക്കും മതിയായ ഉറക്കമില്ലായ്മ കാരണമായിത്തീരാറുണ്ട്. സുഖമായി ഉറങ്ങാന്‍ കഴിയുക എന്നത് ഒരു ആഢംബരജീവിതത്തിന്റെ ഭാഗമല്ല; മറിച്ച് ജീവിതത്തിന്റെ അനിവാര്യതയാണ്. മാത്രമല്ല ശരിയായ ആരോഗ്യത്തിന്റെ പ്രധാന ലക്ഷണവുമാണ്.

‘സ്ലീപ് ആപ്നിയ’ എന്നത് ഉറക്കത്തിനിടയ്ക്ക് ഒന്നോ രണ്ടോ തവണ അനുഭവപ്പെടുന്ന താല്ക്കാലിക ശ്വാസവിരാമമാണ്. ഇത്തരം ശ്വാസവിരാമങ്ങള്‍ കുറച്ച് സെക്കന്റുകളോ, മിനിട്ടുകളോ തന്നെയോ നീണ്ടുപോയെന്നും വരാം.

ഒരു മണിക്കൂറില്‍ മുപ്പതോ അതില്‍ കൂടുതലോ തവണ ഇപ്രകാരം സംഭവിച്ചുവെന്നും വരാം. സാധാരണശ്വാസോച്ഛ്വാസം സ്വാഭാവികമായിത്തന്നെ വീണ്ടും തുടങ്ങുമെങ്കിലും, പലപ്പോഴും വലിയ ശബ്ദത്തോടുകൂടിയ കൂര്‍ക്കം വലിയായോ അല്ലെങ്കില്‍ ഞരക്കങ്ങളോടു കൂടിയോ ആയിരിക്കും. ഇപ്രകാരം നിങ്ങളുടെ ഉറക്കത്തെ തടസ്സപ്പെടുത്തിക്കൊണ്ട്, വിട്ടുമാറാതെ നില്‍ക്കുന്ന ഒരവസ്ഥയായി ഇതുമാറും. നിങ്ങളുടെ ശ്വാസം ഇതുപോലെ ഇടയ്ക്ക് നിന്നുപോകയോ അല്ലെങ്കില്‍ ദുര്‍ബ്ബലമാവുകയോ ചെയ്യുമ്പോള്‍ നിങ്ങള്‍ക്ക് ഗാഢനിദ്ര നഷ്ടപ്പെടുകയും വെറുമൊരു മയക്കത്തിലേയ്ക്ക് കടക്കുകയും ചെയ്യും. അതിന്റെ ഫലമായി നിങ്ങളുടെ ഉറക്കത്തിന്റെ ഗുണനിലവാരം കുറയുകയും ദിവസം മുഴുവന്‍ നിങ്ങള്‍ ക്ഷീണിതനായി ത്തീരുകയും ചെയ്യുന്നു. സ്ലീപ് അപ്നിയ എന്ന അവസ്ഥ പകല്‍ സമയങ്ങളില്‍ അമിതമായ ഉറക്കച്ചടവ് അനുഭവപ്പെടാന്‍ കാരണമാകുന്നു.

ശരിക്കും എന്താണ് സ്ലീപ് ആപ്‌നിയ

‘സ്ലീപ് ആപ്നിയ’ എന്ന രോഗാവസ്ഥ പലപ്പോഴും നിര്‍ണ്ണയിക്കപ്പെടാതെ പോകുകയാണ് പതിവ്. പതിവു ക്രമമനുസരിച്ചുളള സന്ദര്‍ശനം കൊണ്ടു മാത്രം ഡോക്ടര്‍മാര്‍ക്ക് ഈ അവസ്ഥ കണ്ടുപിടിയ്ക്കാനാവില്ല. മാത്രമല്ല, ഒരു തരത്തിലുളള രക്തപരിശോധനയും ഈ അവസ്ഥയെ തിരിച്ചറിയുന്നതിന് സഹായകമായി ഇല്ലതാനും.

ഉറക്കത്തില്‍ മാത്രം ഉണ്ടാകുന്നതാണ് ഈ അവസ്ഥ എന്നതിനാല്‍ സ്ലീപ് ആപ്നിയ ബാധിച്ച മിക്കവര്‍ക്കും, തനിക്ക് ഇത്തരം ഒരു തകരാറുണ്ട് എന്നറിയാനും കഴിയില്ല. കൂടെ കിടന്നുറങ്ങുന്നയാളോ വീട്ടിലെ മറ്റേതെങ്കിലും ഒരംഗമോ ആയിരിയ്ക്കും സ്ലീപ് ആപ്നിയയുടെ ലക്ഷണങ്ങള്‍ ഇയാള്‍ക്കുണ്ടെന്ന് ആദ്യമായി കണ്ടെത്തുന്നത്.

ഒബ്‌സ്ട്രക്ടീവ് സ്ലീപ് ആപ്‌നിയ (obstructive sleep Apnea) യാണ് ഏറ്റവും സാധാരണയായി കണ്ടുവരുന്നത് ഈ അവസ്ഥയില്‍ ഉറക്തത്തിനിടയ്ക്ക് ശ്വാസനാളി ദുര്‍ബ്ബലപ്പെട്ട് അയഞ്ഞുപോകുകയോ അടഞ്ഞു (block) പോകുകയോ ചെയ്യും. ഇത് ദുര്‍ബ്ബലമായ ശ്വസനത്തിനോ ശ്വസനഭംഗത്തിനോ കാരണമായിത്തീരും. നിങ്ങള്‍ ശ്വാസമെടുക്കാന്‍ ശ്രമിയ്ക്കുമ്പോഴാകട്ടെ, തടസ്സമുളള ഭാഗത്തുകൂടെ വായു ഞങ്ങിഞരുങ്ങി കടക്കാനൊരുങ്ങുന്നത് ഉച്ചത്തിലുളള കൂര്‍ക്കം വലിയ്ക്ക് കാരണമാകുന്നു. അമിതഭാരമുളളവരിലാണ് ഒബ്‌സ്ട്രകീറ്റ് സ്ലീപ്പ് ആപ്നീയ (Obstructive sleep apnece) കൂടുതല്‍ സാധാരണയായി കണ്ടുവരുന്നത്. എന്നാല്‍ അത് ആരിലും കാര്യമായ പ്രശ്‌നങ്ങളുണ്ടാക്കുന്നില്ല. തൊണ്ടയില്‍ ടോണ്‍സില്‍ കോശങ്ങള്‍ വീര്‍ത്തിരിയ്ക്കുന്ന അവസ്ഥയില്‍ കൊച്ചുകുട്ടികള്‍ക്ക് ഒബ്‌സ്ട്രക്റ്റീവ് സ്ലീപ് ആപ്നിയ എന്ന അവസ്ഥ ഉണ്ടാകാറുണ്ട്.
    

ഇതിന്റെ ഫലമായി കുറച്ചു നേരത്തേയ്ക്ക് ശ്വാസോച്ഛസം ചെയ്യാന്‍ യാതൊരു ശ്രമവും നടത്താത്ത അവസ്ഥ വരും. എന്നാല്‍ സെന്‍ട്രല്‍ സ്ലീപ് ആപ്നിയ (Central sleep apnea) ആരിലും ഉപദ്രവകരമായ ഫലങ്ങള്‍ ഉണ്ടാകുന്നില്ല. എന്നിരുന്നാലും ചില പ്രത്യേക രോഗാവസ്ഥകളുള്ളവരിലും ചില മരുന്നുകള്‍ ഉപയോഗിച്ചു കൊണ്ടിരിയ്ക്കുന്നവരില്‍ ഇതു കൂടുതല്‍ സാധാരണയായി കണ്ടുവരുന്നു. സെന്‍ട്രല്‍ സ്ലീപ്പ് ആപ്നിയ തനിയെ തന്നെയോ ഒബ്‌സ്ട്രക്റ്റീവ് സ്ലീപ് ആപ്നിയോടൊപ്പമോ ഒരാളില്‍ കണ്ടെന്നു വരാം. എന്നാല്‍ കൂര്‍ക്കം വലി, സെന്‍ട്രല്‍ സ്ലീപ്പ് ആപ്നിയ തനിയെ തന്നെയോ ഒബ്‌സ്ട്രക്റ്റീവ് സ്ലീപ് ആപ്നിയയോടൊപ്പമോ ഒരാളില്‍ കണ്ടെന്നു വരാം. എന്നാല്‍ കൂര്‍ക്കംവലി സെന്‍ട്രല്‍ സ്ലീബ് ആപ്നിയ (Central Sleep Apnea) യോടൊപ്പം സംഭവിക്കാറില്ല.

1)    രക്തസമ്മര്‍ദ്ദം, ഹൃദയസ്തംഭനം, സ്‌ട്രോക്ക്, പൊണ്ണത്തടി, പ്രമേഹം എന്നീ രോഗങ്ങള്‍ കൊണ്ടുള്ള അപകട സാദ്ധ്യത വര്‍ദ്ധിക്കുന്നു.
2)    ഹൃദയത്തിന്റെ പ്രവര്‍ത്തനങ്ങളെ പ്രതികൂലമായി ബാധിയ്ക്കുകയും ഹൃദയസ്തംഭനത്തിനുള്ള സാധ്യത വര്‍ദ്ധിപ്പിയ്ക്കുകയും ചെയ്യുന്നു.
3)    അറിസ്മിയ (Arrhythmia) - (ക്രമരഹിതമായ ഹൃദയസ്തംഭനം)ന് കാരണമാകുന്നു.
4)    ജോലിയ്ക്കിടയിലോ, വാഹനമോടിയ്ക്കുമ്പോഴോ അപകടമുണ്ടാകാനുള്ള സാധ്യത വര്‍ദ്ധിപ്പിയ്ക്കുന്നു.

സ്ലീപ് ആപ്നിയ എന്നത് നീണ്ടകാലത്തെ ചികിത്സ ആവശ്യമായി വരുന്ന ഒരു രോഗമാണ്. ജീവിത ശൈലീമാറ്റം, സര്‍ജറി, ശ്വസന സഹായയന്ത്രങ്ങളുടെ ഉപയോഗം എന്നീ രീതികളിലൂടെ അനേകം പേര്‍ക്ക് സ്ലീപ് ആപ്നിയ എന്ന രോഗത്തെ വിജയപൂര്‍വ്വം തരണം ചെയ്യാന്‍ കഴിഞ്ഞിട്ടുണ്ട്.

നിങ്ങള്‍ ഉണര്‍ന്നിരിയ്ക്കുന്ന അവസ്ഥയില്‍ നിങ്ങളുടെ തൊണ്ടയിലെ മാംസപേശികള്‍ ദൃഢമായിരിക്കുകയും ശ്വാസനാളി തുറന്നിരിക്കാന്‍ സഹായിക്കുകയും ചെയ്യുന്നതിനാല്‍ ശ്വാസം അനായാസം ശ്വാസകോശങ്ങളിലേയ്ക്കു കടന്നു ചെല്ലുന്നു. എന്നാല്‍ നിങ്ങള്‍ ഉറങ്ങുമ്പോള്‍ നിങ്ങളുടെ മാംസപേശികള്‍ അയയുകയും, തൊണ്ട കുഴലിന്റെ വ്യാസം ചുരുങ്ങുകയും ചെയ്യുന്നു. സാധാരണ ഗതിയില്‍, തൊണ്ടയില്‍ സംഭവിയ്ക്കുന്ന ഈ സങ്കോചം, ശ്വാസകോശത്തിലേയ്ക്ക് വായുകടക്കുന്നതിനും, പുറത്തേയ്‌ക്കൊഴുകുന്നതിനും തടസ്സമാകാറില്ല. എന്നാല്‍ നിങ്ങള്‍ക്ക് സ്ലീപ് ആപ്നിയ ഉണ്ടെങ്കില്‍ നിങ്ങളുടെ ശ്വാസനാളം ഭാഗികമായോ, ചിലപ്പോള്‍ പൂര്‍ണ്ണമായോ അടഞ്ഞുപോയെന്നും വരാം. ഇതിന് പല കാരണങ്ങളുമുണ്ട്.

1)    നിങ്ങളുടെ തൊണ്ടയിലെ മാംസ പേശികളും നാള്‍ക്രമാധികം അയഞ്ഞ സ്ഥിതിയിലാകുന്നു.
2)    നിങ്ങളുടെ നാക്കും ടോണ്‍സില്‍സും (വായുടെ പുറകു വശത്തുള്ള കോശപിണ്ഡങ്ങള്‍) നിങ്ങളുടെ ശ്വാസനാളത്തിന്റെ പ്രവേശന ദ്വാരത്തേക്കാള്‍ വലുതാകുന്നു.
3)    നിങ്ങള്‍ അമിത വണ്ണമുള്ള ആളാണെങ്കില്‍, വളരെ മൃദുവായിട്ടുള്ള 'ഫാറ്റ് ടിഷ്യൂ'കള്‍ ശ്വാസനാളിയുടെ ഭിത്തിയെ കൂടുതല്‍ കട്ടിയുള്ളതാക്കുന്നു. അതിന്റെ ഫലമായി ശ്വാസനാളിയുടെ ഉള്‍ഭാഗം വളരെ ഇടുങ്ങിയതായിത്തീരുകയും തുറക്കാന്‍ ബുദ്ധിമുട്ടനുഭവപ്പെടുകയും ചെയ്യുന്നു.
4)    നിങ്ങളുടെ തലയുടെയും കഴുത്തിന്റെയും ആകൃതി (body structure) വായും തൊണ്ടയും കൂടുന്ന ഭാഗത്തുള്ള ശ്വസന കുഴലിന്റെ വ്യാസം ഇടുങ്ങിയതാവാന്‍ കാരണമാകുന്നു.
5)    ഉറക്കത്തില്‍ തൊണ്ടയിലെ മാംസപേശികള്‍ ദൃഢമായി നില്‍ക്കാന്‍ വേണ്ടി തലച്ചോറില്‍ നിന്നും പ്രത്യേക സിഗ്നലുകള്‍ അയക്കാറുണ്ട്. എന്നാല്‍ വാര്‍ദ്ധക്യത്തിന്റെ വരവോടെ ഈ സംവിധാനത്തിന്റെ പ്രവര്‍ത്തനക്ഷമത കുറയുകയും ഉറക്കത്തില്‍ മാംസപേശികള്‍ അടഞ്ഞുപോവുകയോ ചെയ്യുന്ന അവസ്ഥ ഉണ്ടാവുകയും ചെയ്യുന്നു.

ഇങ്ങനെ ഉറക്കത്തില്‍ വായുസഞ്ചാരമാര്‍ഗ്ഗങ്ങള്‍ ഭാഗികമായോ, പൂര്‍ണ്ണമായോ അടഞ്ഞുപോകുന്നതിന്റെ ഫലമായി നിങ്ങളുടെ ശ്വാസകോശത്തിലേയ്ക്ക് ആവശ്യാനുസരണമുള്ള വായു പ്രവാഹം ഇല്ലാതാവുന്നു. ഇതിന്റെ ഫലമായി ഉച്ചത്തിലുള്ള കൂര്‍ക്കംവലി ഉണ്ടാവുകയും ചെയ്യുന്നു. രക്തത്തില്‍ ഉണ്ടായിരിക്കേണ്ട ഓക്‌സിജന്റെ അളവില്‍ കുറവു സംഭവിക്കുക എന്നീ അവസ്ഥകള്‍ സംജാതമാവുകയും ചെയ്യുന്നു. ഇപ്രകാരം ഓക്‌സിജന്റെ അളവ് ഒരു ആപത്കരമായ ലവലിലേയ്ക്കും താണുപോയാല്‍, നിങ്ങളെ ഉറക്കത്തില്‍ നിന്ന് ഉടനെ ഉണര്‍ത്താന്‍ വേണ്ട പ്രേരണ കൊടുക്കാന്‍ സ്വാഭാവികമായിത്തന്നെ തലച്ചോറ് സജ്ജമാക്കപ്പെടും. ഇതോടെ ശ്വാസനാളിയുടെ മുകള്‍ഭാഗത്തെ മാംസപേശികള്‍ ദൃഢമാവുകയും അങ്ങനെ ശ്വാസനാളി തുറക്കപ്പെടുകയും അതുവഴി സാധാരണ നിലയിലുള്ള ശ്വാസോച്ഛ്വാസം പുനരാരംഭിയ്ക്കുകയും ചെയ്യും.

പലപ്പോഴും ഉച്ചത്തിലുള്ള ഒരു കൂര്‍ക്കം വലിയായിട്ടോ അല്ലെങ്കില്‍ ഞരക്കമായിട്ടോ ആയിരിയ്ക്കും തുടങ്ങുക. ഇപ്രകാരം തുടരെത്തുടരെ രക്തത്തിലെ ഓക്‌സിജന്‍ ലവല്‍ തടസ്സപ്പെടുകയും മതിയായ ഉറക്കം ലഭ്യമാകാതെ വരികയും ചെയ്യുന്നതിന്റെ ഫലമായി 'സ്‌ട്രെസ്സ് ഹോര്‍മോണ്‍' ഉല്പാദിപ്പിയ്ക്കപ്പെടാന്‍ സാധ്യതയുണ്ട്. ഈ ഹോര്‍മോണുകള്‍ നിങ്ങളുടെ ഹൃദയ സ്പന്ദനത്തിന്റെ തോത് വര്‍ദ്ധിപ്പിയ്ക്കുകയും ഉയര്‍ന്ന രക്തസമ്മര്‍ദ്ദം, ഹൃദയസ്തംഭനം (heart attack), സ്‌ട്രോക്ക്, അരിസ്മിയ (Arrhythmia), എന്നീ രോഗങ്ങള്‍കൊണ്ടുണ്ടാരുന്ന ആപത് സാധ്യതകളെ വര്‍ദ്ധിപ്പിയിക്കുകയും ചെയ്യുന്നു. ഒരു പക്ഷെ, ഇത് 'ഹാര്‍ട്ട്‌ഫെയ്‌ലിയര്‍' എന്ന അവസ്ഥയിലേയ്‌ക്കെത്തിച്ചുവെന്നും വരാം. മാത്രമല്ല, സ്ലീപ് ആപ്നിയ ചികിത്സിച്ചു ഭേദമാക്കാത്തപക്ഷം ശരീരത്തിന്റെ ഊര്‍ജ്ജ വിനിയോഗത്തില്‍ പോലും വ്യതിയാനങ്ങള്‍ സംഭവിക്കുകയും, പൊണ്ണത്തടി, പ്രമേഹം (ഡയബറ്റിക്‌സ്) എന്നീ രോഗങ്ങള്‍ക്ക് കാരണമാവുകയും ചെയ്യുന്നു.

'ഒബ്ജക്റ്റീവ് സ്ലീപ് ആപ്നിയ' എന്നത് ഒരു സാധാരണ അവസ്ഥ മാത്രമാണ്. ഈ അവസ്ഥ ഉള്ളവരില്‍ ഏകദേശം പകുതിപ്പേരും പൊണ്ണത്തടി ഉള്ളവരായിരിക്കും.

സ്ത്രീകളേക്കാള്‍ കൂടുതല്‍ പുരുഷന്മാരിലാണ് 'സ്ലീപ് ആപ്നിയ' കണ്ടുവരുന്നത്. ഏതു പ്രായത്തിലും ഇത് വരാമെങ്കിലും വാര്‍ദ്ധക്യത്തോടടുക്കുമ്പോഴാണ് അപകട സാധ്യത ഏറുന്നത്. കുടുംബപരമായിത്തന്നെ ഈ ഒരു ചരിത്രം ഉള്ളവരാണെങ്കില്‍ അപകട സാധ്യത വര്‍ദ്ധിയ്ക്കുന്നു. തൊണ്ട, മൂക്ക് എന്നിവിടങ്ങളിലെ ശ്വാസം കടന്നുവരാനുള്ള കുഴലുകള്‍ ഇടുങ്ങിയതാണെങ്കില്‍, അങ്ങനെയുള്ളവര്‍ക്ക് 'സ്ലീപ് ആപ്നിയ' ഉണ്ടായിരിക്കും. ഈ അവയവങ്ങളുടെ ആകൃതി വിശേഷം കൊണ്ടോ, അല്ലെങ്കില്‍ അലര്‍ജി മൂലമോ അതുമല്ലെങ്കില്‍ ദ്വാരങ്ങള്‍ ഇടുങ്ങിയതാവുന്ന വിധത്തില്‍ ഏതെങ്കിലും അവസ്ഥ സംജാതമാകുന്നതുമൂലമോ ആകാം ഈ ഭാഗങ്ങളിലെ ശ്വാസനാളികള്‍ ചെറുതായിപ്പോകുന്നത്. ചെറിയ കുട്ടികള്‍ക്ക് തൊണ്ടയിലുള്ള ടോണ്‍സില്‍ കോശങ്ങള്‍ വീര്‍ത്തു വരാറുണ്ട്. ഈ അവസ്ഥ കുട്ടികളില്‍ 'സ്ലീപ് ആപ്നിയ' യ്ക്കുള്ള സാധ്യത വര്‍ദ്ധിപ്പിക്കുന്നു. വണ്ണമുള്ള കുട്ടികളിലും ഇതിനുള്ള സാധ്യത കൂടുതലായിക്കാണുന്നു. 'സ്ലീപ് ആപ്നിയ' എന്ന രോഗാവസ്ഥ പുകവലി, മെറ്റബോളിക് സിന്‍ഡ്രോം, ഡയബറ്റിക്‌സ് എന്നിവയോട് ബന്ധപ്പെട്ടിരിക്കുന്നതു കൂടാതെ സ്‌ട്രോക്ക്, ഹാര്‍ട്ട് ഫെയ്‌ലിയര്‍, എന്നിവയ്ക്കും കാരണമാകുന്ന സാഹചര്യങ്ങളോടും ബന്ധപ്പെട്ടിരിക്കുന്നു. വംശ, പാരമ്പര്യ സ്വഭാവങ്ങളും സ്ലീപ് ആപ്നിയയ്ക്ക് കാരണമായേക്കാം.

പ്രധാനലക്ഷണങ്ങള്‍...

ദീര്‍ഘകാലമായി തുടരുന്ന ഉച്ചത്തിലുള്ള കൂര്‍ക്കം വലിയാണ് ഒബ്‌സ്ട്രക്റ്റീവ് സ്ലീപ് ആപ്നിയയുടെ സര്‍വ്വ സാധാരണമായ ലക്ഷണങ്ങളിലൊന്ന്. കൂര്‍ക്കം വലിയ്ക്ക് ഇടവേളകളുണ്ടാകാമെങ്കിലും, അതിനെത്തുടര്‍ന്ന് ശ്വാസതടസ്സവും, ഞരക്കങ്ങളും ഉണ്ടാകുന്നതായും കാണാം. സാധാരണയായി നിവര്‍ന്നു കിടന്നുറങ്ങുമ്പോള്‍ കൂര്‍ക്കംവലി ഏറ്റവും ഉച്ചത്തിലാവുന്നു. എന്നാല്‍ ചരിഞ്ഞുകിടന്നുള്ള ഉറക്കം കൂര്‍ക്കംവലിയുടെ ശക്തി കുറയ്ക്കുന്നു. എല്ലാ രാത്രികളിലും കൂര്‍ക്കംവലി ഉണ്ടാകുന്നില്ല. പലപ്പോഴും കൃത്യമായ സമയങ്ങളിലല്ലാതെ കൂര്‍ക്കംവലി ഉണ്ടാവുകയും അത് ഉച്ചത്തിലാവുകും ചെയ്യും.

കൂര്‍ക്കംവലിയോ, ശ്വാസതടസ്സമോ ഉണ്ടാകുമ്പോള്‍ നിങ്ങള്‍ ഉറക്കമായിരിയ്ക്കും. അതിനാല്‍ ഇത്തരം ശ്വസന പ്രശ്‌നങ്ങള്‍ നിങ്ങള്‍ക്ക് ഉണ്ടെന്നോ, അത് ഏതവസ്ഥയിലാണെന്നോ നിങ്ങള്‍ അറിഞ്ഞെന്നുവരിലരില്ല. കൂടെക്കിടക്കുന്നയാളോ അല്ലെങ്കില്‍ കുടുംബത്തിലുള്ള മറ്റാരെങ്കിലുമോ ആയിരിക്കും നിങ്ങളെക്കാള്‍ മുമ്പേ, നിങ്ങളുടെ ഈ പ്രശ്‌നങ്ങള്‍ കണ്ടെത്തുക. കൂര്‍ക്കം വലിക്കുന്ന എല്ലാവര്‍ക്കും 'സ്ലീപ് ആപ്നിയ' ഉണ്ടാകണമെന്നില്ല. 'സ്ലീപ് ആപ്നിയ' യുടെ മറ്റൊരു ലക്ഷണമാണ് പകല്‍ സമയങ്ങളില്‍ ജോലിയ്ക്കിടയ്‌ക്കോ, ഡ്രൈവ് ചെയ്തുകൊണ്ടിരിയ്ക്കുമ്പോഴോ ഉറങ്ങിപ്പോവുക എന്നത്. പകല്‍ സമയങ്ങളില്‍ ഒന്നും ചെയ്യാതിരിയ്ക്കുന്ന നിമിഷങ്ങളിലെല്ലാം തന്നെ പെട്ടെന്ന് ഉറക്കത്തിലേയ്ക്ക് വഴുതിവീഴുകയുമാകാം. ഇനി പകല്‍ സമയങ്ങളില്‍ ഉറക്കച്ചടവ് തോന്നുന്ന അവസ്ഥ ഉണ്ടാകുന്നില്ലെങ്കിലും, ഉറക്കത്തിനിടയ്ക്ക് ശ്വസന സംബന്ധമായ പ്രശ്‌നങ്ങള്‍ ഉണ്ടെങ്കില്‍ നിങ്ങള്‍ ഒരു ഡോക്ടറെ സമീപിച്ച് അഭിപ്രായമാരായേണ്ടതാണ്.
മറ്റു ലക്ഷണങ്ങളും സൂചനകളും (Other signs and symptoms)

കാലത്ത് ഉണരുമ്പോള്‍ തലവേദന ഉണ്ടാവുക, ഓര്‍മ്മിക്കാനും കാര്യങ്ങള്‍ ഗ്രഹിക്കാനും ബുദ്ധിമുട്ടനുഭവപ്പെടുക, കാര്യങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ കഴിയാതെ വരിക, മുന്‍കോപം, നിരാശ എന്നിവയ്ക്ക് അടിമപ്പെട്ടുപോവുക, മാനസിക ഭാവങ്ങളിലും (mood) സ്വഭാവത്തിലും പെട്ടെന്ന് മാറ്റങ്ങളുണ്ടാവുക, മൂത്രശങ്കയാല്‍ തുടരെത്തുടരെ ഉറക്കമുണരുക, ഉറക്കമുണരുന്ന സമയത്ത് വായ വരണ്ടിരിയ്ക്കുകയും തൊണ്ടയില്‍ കനം അനുഭവപ്പെടുകയും ചെയ്യുക എന്നിവയെല്ലാം ഇതില്‍പ്പെടും.
കുട്ടികളിലാവട്ടെ ഹൈപ്പര്‍ ആക്റ്റിവിറ്റി, വിദ്യാഭ്യാസ രംഗങ്ങളില്‍ പിന്നാക്കാവസ്ഥ, കോപവും വിരോധവും കലര്‍ന്ന പെരുമാറ്റ രീതി എന്നിവയ്ക്ക് 'സ്ലീപ്പ് ആപ്നിയ' കാരണമായെന്നു വരാം. എന്നു മാത്രമല്ല, 'സ്ലീപ് ആപ്നിയ' ഉള്ള കുട്ടികള്‍ പകല്‍ സമയങ്ങളിലും മൂക്കില്‍ കൂടിയല്ലാതെ വായിലൂടെ ശ്വസിയ്ക്കുന്നതായിക്കാണാം.

1)    സ്ലീപ് സ്റ്റഡീസ് : നിങ്ങള്‍ക്ക് എത്രത്തോളം നന്നായി ഉറങ്ങാന്‍ കഴിയുന്നുവെന്നും, ഉറക്കത്തിലുണ്ടാകുന്ന പ്രശ്‌നങ്ങളോട് നിങ്ങളുടെ ശരീരം ഏതു വിധത്തില്‍ പ്രതികരിയ്ക്കുന്നുവെന്നും അളക്കാനുള്ള പരിശോധനയ്ക്കാണ് 'സ്ലീപ് സ്റ്റഡീസ്' എന്നു പറയുന്നത്.
2)    പോളി സോമ്‌നോഗ്രാം (Poly somnogram)

'സ്ലീപ് ആപ്നിയ' എന്ന രോഗാവസ്ഥ നിര്‍ണ്ണയിക്കാന്‍ സര്‍വ്വസാധാരണയായി ഉപയോഗിക്കാവുന്ന ഒരു നിദ്രാ പഠന (Sleep Study) രീതിയാണിത്. ഇപ്രകാരമുള്ള ഒരു പഠന പ്രക്രിയയില്‍ തലച്ചോറിന്റെ പ്രവര്‍ത്തനങ്ങള്‍, കണ്ണിന്റെ ചലനങ്ങള്‍, ഹൃദയ സ്പന്ദനങ്ങളുടെ തോത്, രക്തസമ്മര്‍ദ്ദം എന്നിവ രേഖപ്പെടുത്തുന്നു. എന്നു മാത്രമല്ല, നിങ്ങളുടെ രക്തത്തിലുള്ള ഓക്‌സിജന്റെ അളവ് ശ്വാസം വലിയ്ക്കുമ്പോഴും, കൂര്‍ക്കം വലിയ്ക്കുമ്പോഴും നിങ്ങളുടെ നാസാദ്വാരങ്ങളിലൂടെയുണ്ടാവുന്ന വായു സഞ്ചാരം, ക്രമം, നെഞ്ചിന്റെ ചലനങ്ങള്‍ എന്നിവയും രേഖപ്പെടുത്തപ്പെടുന്നുണ്ട്. ശ്വാസം വലിയ്ക്കുന്നതിനായി നിങ്ങള്‍ ആയാസപ്പെടേണ്ടിവരുന്നുണ്ടോ എന്നത് P.S.G യുടെ (poli Somnogram) ആദ്യ ഘട്ടമാണിത്. അതിനു ശേഷം CPAP (Continuous Positive Way Pressure) മെഷീന്‍ നിങ്ങള്‍ക്ക് യോജിച്ച വിധത്തില്‍ ക്രമീകരിയ്ക്കുന്നതിനായി വീണ്ടും ഒരു PSG കൂടിനടത്തുന്നു. സ്ലീപ് ആപ്നിയയുള്ള ഏറ്റവും സാധാരണമായ ഒരു ചികിത്സാരീതിയാണ് CPAP. നിങ്ങള്‍ ഉറങ്ങുമ്പോള്‍ CPAP എന്ന ഈ യന്ത്രം ചെറിയ തോതിലുള്ള വായുമര്‍ദ്ദം (Mild Air Pressure) ചെലുത്തിക്കൊണ്ട് നിങ്ങളുടെ ശ്വസന മാര്‍ഗ്ഗങ്ങള്‍ (Air Ways) തുറന്നിരിക്കാന്‍ സഹായിക്കുന്നു. ഇപ്രകാരത്തിലുള്ള സ്ലീപ് സ്റ്റഡി ഹോസ്പിറ്റലില്‍ വെച്ചോ, വീട്ടില്‍ ഉപയോഗിക്കാവുന്ന വിധത്തില്‍ സജ്ജമാക്കിയിട്ടുള്ള കനം കുറഞ്ഞ മോണിറ്റര്‍ ഉപയോഗിച്ച് വീട്ടില്‍ വെച്ചോ ചെയ്യാവുന്നതാണ്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Lifestyle News അറിയൂ. Food and Recipes, Health News തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

click me!

Recommended Stories

ഈ അഞ്ച് പാനീയങ്ങൾ വൃക്കയിലെ കല്ലുകൾ തടയാൻ സഹായിക്കും
തണുപ്പുകാലത്ത് ഹൃദയസംബന്ധമായ പ്രശ്നങ്ങൾ തടയാൻ ആറ് വഴികൾ