മസാലയിട്ട് 'റോസ്റ്റ്' ആക്കാന്‍ എലിയിറച്ചി; കിലോയ്ക്ക് വെറും 200 രൂപ മാത്രം!

By Web TeamFirst Published Dec 26, 2018, 11:22 PM IST
Highlights

മുള കൊണ്ടുണ്ടാക്കിയ കെണികള്‍ വൈകീട്ടോടെ കൃഷിയിടങ്ങള്‍ക്കടുത്തായി എലികള്‍ കഴിയുന്ന മാളങ്ങള്‍ക്ക് പുറത്ത് വയ്ക്കും. രാത്രിയില്‍ പുറത്തിറങ്ങുന്ന എലികള്‍ കെണിയില്‍ പെടും. കെണിയില്‍ പെട്ട് ചാകുന്ന എലികളെ മറ്റ് ജീവികള്‍ കൊണ്ടുപോകാതിരിക്കാന്‍ ഉറങ്ങാതെ കാത്തിരിക്കണം

കുമരികട്ട: പാകത്തിന് എരിവും ഉപ്പും മസാലയും ചേര്‍ത്ത് പാകം ചെയ്ത ചിക്കനോ പോര്‍ക്കോ ഒക്കെ മുന്നിലിരുന്നാലും 'എലിയിറച്ചി' വരട്ടിയതോ കറി വച്ചതോ ഇല്ലെങ്കില്‍ അസമിലെ കുമരികട്ടക്കാര്‍ക്ക് സദ്യ, സദ്യയാകില്ല. കേള്‍ക്കുമ്പോള്‍ നെറ്റി ചുളിച്ചിട്ട് കാര്യമില്ല, ഇതാണ് അവിടത്തെ രീതി. ചിക്കനും മട്ടനും പോര്‍ക്കുമൊന്നും എലിയിറച്ചിക്ക് മുന്നില്‍ ഒന്നുമല്ല. 

ഗ്രാമപ്രദേശങ്ങളിലെ തേയിലത്തോട്ടങ്ങളില്‍ ജോലി ചെയ്യുന്ന ആദിവാസികള്‍ക്ക് ഇതൊരു പ്രധാന വരുമാനമാര്‍ഗം കൂടിയാണ്. തോട്ടങ്ങളില്‍ ജോലിയില്ലാത്തപ്പോള്‍ ഇവര്‍ എലിവേട്ടയ്ക്കിറങ്ങും. കൃഷിയിടങ്ങളാണ് പ്രധാന വേട്ടസ്ഥലം. 

മുള കൊണ്ടുണ്ടാക്കിയ കെണികള്‍ വൈകീട്ടോടെ കൃഷിയിടങ്ങള്‍ക്കടുത്തായി എലികള്‍ കഴിയുന്ന മാളങ്ങള്‍ക്ക് പുറത്ത് വയ്ക്കും. രാത്രിയില്‍ പുറത്തിറങ്ങുന്ന എലികള്‍ കെണിയില്‍ പെടും. കെണിയില്‍ പെട്ട് ചാകുന്ന എലികളെ മറ്റ് ജീവികള്‍ കൊണ്ടുപോകാതിരിക്കാന്‍ ഉറങ്ങാതെ കാത്തിരിക്കണം. 

ഒറ്റ രാത്രി കൊണ്ട് 10 മുതല്‍ 20 കിലോ വരെ എലിയിറച്ചി സമ്പാദിക്കാമെന്ന് ഇവര്‍ പറയുന്നു. മാര്‍ക്കറ്റില്‍ കിലോയ്ക്ക് 200 രൂപ വരെയാണ് ഇതിന് ഈടാക്കുക. കുമരികട്ടയിലെ മാംസമാര്‍ക്കറ്റില്‍ എലിയിറച്ചിയോളം ഡിമാന്‍ഡ് ഉള്ള മറ്റൊരു ഇറച്ചിയില്ല. 

രോമം നീക്കം ചെയ്തും അല്ലാതെയുമെല്ലാം ചത്ത എലികളെ അങ്ങനെ നിരത്തിക്കിടത്തും. വാങ്ങാനെത്തുന്നവര്‍ക്ക് തെരഞ്ഞെടുത്ത് വാങ്ങാം. പിന്നെ വീട്ടില്‍ കൊണ്ടുപോയി തൊലിയുരിച്ച് ആവശ്യാനുസരണം കറി വച്ച് കഴിക്കാം. 

അടുത്തിടെയായി എലികള്‍ കൂടുതലായി പെരുകുന്നുണ്ടെന്നും എലിയിറച്ചി വില്‍പന പൊടിപൊടിക്കുന്നതാണ് തങ്ങളെ വിളനഷ്ടത്തില്‍ നിന്ന് രക്ഷപ്പെടുത്തുന്നതെന്നും സസന്തോഷം ഇവിടങ്ങളിലുള്ള കര്‍ഷകര്‍ പറയുന്നു. 

click me!