വായ്‌നാറ്റം അലട്ടുന്നുണ്ടോ; എങ്കിൽ കാരണങ്ങൾ ഇവയാകാം

By Web TeamFirst Published Feb 11, 2019, 11:18 PM IST
Highlights

വായ്‌നാറ്റമുള്ളവര്‍ എപ്പോഴും വായ ഉണങ്ങിപ്പോകാതെ സൂക്ഷിക്കണം. ഇതാണ് പ്രധാനമായും ശ്രദ്ധിക്കേണ്ടത്. ഇതിനായി ഇടയ്ക്കിടെ വെള്ളം കുടിക്കാം. ഒപ്പം മദ്യപാനം, പുകയില ഉപയോഗം എന്നീ ശീലങ്ങള്‍ മാറ്റിവയ്ക്കണം. ഇവ വായ്ക്കകത്തെ ജലാംശം ഇല്ലാതാകാന്‍ ഇടയാക്കും. 

മിക്കവരെയും അലട്ടുന്ന പ്രശ്നമാണ് വായ്‌നാറ്റം. പല കാരണങ്ങൾ കൊണ്ടാണ് വായ്‌നാറ്റം ഉണ്ടാകുന്നത്. വായ്‌നാറ്റം മനുഷ്യന്റെ ആത്മവിശ്വാസം പോലും തകർക്കാം. നന്നായി ബ്രഷ് ചെയ്തിട്ടും മൗത്ത് വാഷ് ഉപയോഗിച്ചിട്ടും വായ്‌നാറ്റം വിട്ടുമാറുന്നില്ലെങ്കില്‍ ഒരു ഡോക്ടറെ സമീപിക്കണം. എന്തൊക്കെയാണ് വായ്‌നാറ്റത്തിന് കാരണമാകുന്ന പ്രധാനകാരണങ്ങള്‍ എന്ന് നോക്കാം...

ദഹനപ്രശ്നങ്ങള്‍...

ദഹനസംബന്ധമായ പ്രശ്നങ്ങള്‍ ഉള്ളവര്‍ക്ക് വായ്‌നാറ്റം ഉണ്ടാകാം. ആഹാരം കഴിച്ചു കഴിഞ്ഞ് തികട്ടി വരുന്ന ബുദ്ധിമുട്ട് ഉള്ളവരുണ്ട്. Gastroesophageal reflux disease (GERD) എന്നാണ് ഇതിനു പറയുന്നത്. ഇവരില്‍ ഇത്തരത്തില്‍ ദുര്‍ഗന്ധമുള്ള വായ്‌നാറ്റം ഉണ്ടാകാം. 

വായയുടെ ശുചിത്വം..

ഭക്ഷണശീലം മാത്രമല്ല വായ്‌നാറ്റത്തിന് കാരണമാകുന്നത്. ശുചിത്വവും വായ്‌നാറ്റവും തമ്മിലും ബന്ധമുണ്ട്. വൃത്തിയാക്കുന്നതിലെ അപാകത, വായ ഡ്രൈ ആകുക, വായ, മൂക്ക്, തൊണ്ട എന്നിവിടങ്ങിലെ അണുബാധ,  ചില മരുന്നുകളുടെ ഉപയോഗം,  പുകവലി, മുറുക്ക് എന്നിവ വായുടെ ശുചിത്വത്തെ കേടാക്കുന്ന സംഗതികളാണ്. 

സൈനസ് പ്രശ്നം...

സൈനസ് അണുബാധ ഉള്ളവരില്‍ വായ്‌നാറ്റം സാധാരണമാണ്. ഇത് അവരുടെ തെറ്റല്ല, മറിച്ച് രോഗത്തിന്റെ പ്രശ്നമാണ്. സൈനസ് അണുബാധയാണ് ഇവിടെ വില്ലനാകുന്നത്. 

രാത്രിയിൽ പല്ല് തേച്ചില്ലെങ്കിൽ...

രാത്രിയിൽ ചിലർ പല്ല് തേയ്ക്കാൻ മടി കാണിക്കാറുണ്ട്. രാത്രിയിൽ പല്ല് തേച്ചില്ലെങ്കിൽ മോണരോ​ഗങ്ങൾ ഉണ്ടാകാം. അത് കൂടാതെ അണുക്കൾ പറ്റിപിടിച്ചിരുന്നാൽ പല്ല് പെട്ടെന്ന് പൊട്ടാനും അണുക്കൾ ഉണ്ടാകാനും സാധ്യത ഏറെയാണ്.‌ രാത്രിയിൽ പല്ല് തേയ്ക്കാതിരിക്കുന്നത് വായ്‌നാറ്റത്തിന് കാരണമാകും. 

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ...

1. വായ്‌നാറ്റമുള്ളവര്‍ എപ്പോഴും വായ ഉണങ്ങിപ്പോകാതെ സൂക്ഷിക്കണം. ഇതാണ് പ്രധാനമായും ശ്രദ്ധിക്കേണ്ടത്. ഇതിനായി ഇടയ്ക്കിടെ വെള്ളം കുടിക്കാം. ഒപ്പം മദ്യപാനം, പുകയില ഉപയോഗം എന്നീ ശീലങ്ങള്‍ മാറ്റിവയ്ക്കണം. ഇവ വായ്ക്കകത്തെ ജലാംശം ഇല്ലാതാകാന്‍ ഇടയാക്കും. 

2. ച്യൂയിംങ്ഗം ചവയ്ക്കുന്നതും എന്തെങ്കിലും മധുരം ഇടയ്ക്ക് കഴിക്കുന്നതുമെല്ലാം വായ്‌നാറ്റം അകറ്റാന്‍ സഹായിക്കും. ച്യൂയിംങ്ഗം ആണെങ്കില്‍ 'ഷുഗര്‍ ഫ്രീ' ആയത് തെരഞ്ഞെടുക്കുന്നതായിരിക്കും ഉചിതം. ഇത് വായ്ക്കകത്ത് എപ്പോഴും ഉമിനീരിന്റെ സാന്നിധ്യം ഉറപ്പുവരുത്തും. അതിലൂടെ വായ്‌നാറ്റം അകറ്റിനിര്‍ത്താനാകും. 

3. ഉള്ളി, വെളുത്തുള്ളി, മസാലയടങ്ങിയ ഭക്ഷണം, ചില മധുരമടങ്ങിയ ഭക്ഷണം എന്നിവയും വായ്‌നാറ്റമുണ്ടാക്കിയേക്കും. അതിനാല്‍ കഴിവതും ഇത്തരത്തിലുള്ള ഭക്ഷണപദാര്‍ത്ഥങ്ങള്‍ ഒഴിവാക്കുക. 

4. വായ്‌നാറ്റമുള്ളവര്‍ രാവിലെ ബ്രഷ് ചെയ്യുമ്പോള്‍ പല്ല് വൃത്തിയാക്കുന്നതോടൊപ്പം തന്നെ നാക്കും ബ്രഷ് ചെയ്ത് വൃത്തിയാക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുക. ഇത് യഥാര്‍ത്ഥത്തില്‍ എല്ലാവരും കരുതേണ്ട കാര്യമാണ്. എങ്കിലും വായ്‌നാറ്റമുള്ളവരാണെങ്കില്‍ ഇക്കാര്യം നിര്‍ബന്ധമായും ശ്രദ്ധിക്കുക. 

5. പഴങ്ങള്‍ എന്തെങ്കിലും രാവിലെ ഭക്ഷണത്തിന്റെ കൂട്ടത്തില്‍ ഉള്‍പ്പെടുത്തുന്നത് നല്ലതാണ്. ആപ്പിളാണ് വായ്‌നാറ്റം അകറ്റാന്‍ ഏറ്റവുമധികം സഹായിക്കുന്ന ഫ്രൂട്ട്. യോഗര്‍ട്ട് കഴിക്കുന്നതും വായ്‌നാറ്റത്തെ അകറ്റാന്‍ സഹായകമാണ്. 

 


 

click me!