പ്രവാസികളുടെ സ്വപ്‌നങ്ങളുമായി ഒരു സംഗീത ആല്‍ബം

By Web DeskFirst Published Jul 14, 2016, 2:24 PM IST
Highlights

പ്രവാസ ജീവിതത്തിന് ചടുല താളത്തിന്റെ ഇഴയടുപ്പവുമായി ഒരു സംഗീത ആല്‍ബം. ഇന്‍സ്‌പിര ബാന്‍ഡിന്റെ 'പ്രവാസി' എന്ന സംഗീത ആല്‍ബമാണ് ശ്രദ്ധേയമാകുന്നത്. ജീവിതം കെട്ടിപ്പടുക്കുന്നതിനായി സ്വന്തം മണ്ണിനെയും വീട്ടുകാരെയും പിരിഞ്ഞു ജീവിക്കുന്ന പ്രവാസികള്‍ക്ക് വേണ്ടി ഇന്‍‌സ്‌പിര ഒരുക്കിയ റോക്ക് വീഡിയോ ആണ് ആസ്വാദകര്‍ക്കിടയില്‍ ശ്രദ്ധേയമാകുന്നത്. മലയാള ഭാഷാപിതാവ് തുഞ്ചത്തെഴുത്തച്ഛന്റെ മണ്ണായ തിരൂരില്‍ നിന്നാണ് ഈ യുവ ബാന്‍ഡിന്റെ ഉദ്ഭവം. റംഷീദ് മുബാറക്ക്, അനീഷ്, മൊയ്തീന്‍, അഖില്‍, ധനേഷ്, വൈശാഖ് എന്നിവരാണ് ബാന്‍ഡിലെ അംഗങ്ങള്‍. 2010ല്‍ തുടങ്ങിയ ജി ഹാഷ് എന്ന ബാന്‍ഡ് പിന്നീട് ക്ലൗഡ് നയണ്‍ എന്ന പേരില്‍ അറിയപ്പെട്ടു. 2014 ഫെബ്രുവരി മുതലാണ് ഇന്‍സ്‌പിര എന്ന പേരിലേക്ക് ബാന്‍ഡ് മാറിയത്. ഇന്‍സ്‌പിര ബാന്‍ഡിന്റെ ആദ്യ സംഗീത ആല്‍ബമാണ് 'പ്രവാസി'. ഗാനം രചിച്ചതും സംഗീതം നല്‍കിയതും ബാന്‍ഡ് അംഗങ്ങള്‍ തന്നെയാണ്. ബാന്‍ഡ് അംഗങ്ങളുടെ ഗിറ്റാര്‍ അധ്യാപകനായ രാജു രാമചന്ദ്രനാണ് ഇന്‍സ്‌പിര ബാന്‍ഡിന്റെ ഉപദേഷ്‌ടാവായി വേണ്ട മാര്‍ഗനിര്‍ദ്ദേശങ്ങള്‍ നല്‍കുന്നത്. ഏതായാലും കൂടുതല്‍ മികച്ച ഗാനങ്ങളിലൂടെ സംഗീതപ്രേമികളുടെ മനസില്‍ ചിരപ്രതിഷ്‌ഠ നേടാമെന്ന പ്രതീക്ഷയിലാണ് ഇന്‍സ്‌പിര ബാന്‍ഡ് അംഗങ്ങള്‍.

 

ഇന്‍സ്‌പിര ബാന്‍ഡിന്റെ ഫേസ്ബുക്ക് പേജ്

click me!