വാലന്‍റൈന്‍സ് ദിനത്തിൽ ഈ കഫേയിൽ മധുര പലഹാരം സൗജന്യം; പക്ഷേ പലഹാരം ലഭിക്കണമെങ്കിൽ ഇക്കാര്യം ചെയ്യണം

By Web TeamFirst Published Feb 14, 2019, 11:09 AM IST
Highlights

വാലന്റൈന്‍സ് ഡേയില്‍ ഭക്ഷണത്തിന് ശേഷമുളള മധുരപലഹാരമാണ് കഫേ വാഗ്ദാനം ചെയ്യുന്നത്. എന്നാൽ അത്ര പെട്ടെന്നൊന്നും പലഹാരം കിട്ടില്ല. പകരം കഫേ അധികൃതര്‍ ആവശ്യപ്പെടുന്ന ഒരു കാര്യം ചെയ്യണം. 

ബംഗളൂരു: ഇന്ന് ഫെബ്രുവരി 14, വാലന്‍റൈന്‍സ് ദിനം. ഈ പ്രണയദിനത്തിൽ അഹമ്മദാബാദിലെ വസ്ത്രാപൂരിയിലെ ഒരു കഫേയിൽ പ്രണയം ഇല്ലാത്തവര്‍ക്ക്  സൗജന്യ ചായ നല്‍കുന്നുണ്ടെന്ന വാര്‍ത്ത കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. എന്നാൽ ബംഗളൂരുവിലെ ഒരു കഫേ, പ്രണയം തകർന്നവരെയാണ് ക്ഷണിക്കുന്നത്.

കൊരാമംഗലയിലെ ‘റൗണ്ട് അപ് കഫെ’ ആണ് പ്രണയം തകര്‍ന്നവരെ ക്ഷണിക്കുന്നത്.വാലന്റൈന്‍സ് ഡേയില്‍ ഭക്ഷണത്തിന് ശേഷമുളള മധുരപലഹാരമാണ് കഫേ വാഗ്ദാനം ചെയ്യുന്നത്. എന്നാൽ അത്ര പെട്ടെന്നൊന്നും പലഹാരം കിട്ടില്ല. പകരം കഫേ അധികൃതര്‍ ആവശ്യപ്പെടുന്ന ഒരു കാര്യം ചെയ്യണം. സംഭവം വളരെ സിമ്പിളാണ്, മുന്‍ കാമുകിയുടെയോ  കാമുകന്റെയോ ചിത്രം കഫേയില്‍ വച്ച് കത്തിക്കണമെന്ന് മാത്രം.   

ചിത്രങ്ങൾ കത്തിക്കുകയാണെങ്കിൽ സൗജന്യമായി ഭക്ഷണശേഷം  മധുരപലഹാരം ലഭിക്കും. ഇന്‍സ്റ്റഗ്രാമിലൂടെയായിരുന്നു കഫേ അധികൃതര്‍ ഇത് സംബന്ധിച്ച പോസ്റ്റിട്ടത്. പോസ്റ്റിന് പിന്തുണയുമായി നിരവധി പേർ രം​ഗത്തെത്തുകയും ചെയ്തിട്ടുണ്ട്. അതേസമയം ഇപ്പോൾ നിങ്ങളുടെ കൂടെ  ഒരു കമിതാവ് ഉണ്ടെങ്കിൽ കഫേ മറ്റൊരു വാഗ്ദാനവും മുന്നോട്ട് വയ്ക്കുന്നുണ്ട്.

പ്രണയിതാക്കള്‍ക്ക് കഫേയില്‍ വച്ച്  ഇന്ന് സൗജന്യമായി ഫോട്ടോ ഷൂട്ട് നടത്തി കൊടുക്കും എന്നതാണ് ആ വാ​ഗ്ദാനം. വിദേശരാജ്യങ്ങളിലടക്കം കഫേകളിൽ വാലന്റൈന്‍സ് ഡേ ആഘോഷത്തിനായി വ്യത്യസ്ഥ തരത്തിലുളള ഓഫറുകളാണ്  മുന്നോട്ട് വച്ചിട്ടുള്ളത്. 

click me!