
ആര്‍.എസ്.എസിന്‍റെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് സെര്‍വിക്കല്‍ ക്യാന്‍സറിനു കാരണമായ ഹ്യൂമന്‍ പാപ്പിലോമ വൈറസിനെ തുരത്താനുള്ള പ്രതിരോധ വാക്‌സിനെ ആരോഗ്യ പദ്ധതിയില്‍ നിന്നും ഒഴിവാക്കുന്ന തീരുമാനവുമായി കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും ആവശ്യമായ പ്രതിരോധ വാക്‌സിനുകള്‍ ശരിയാംവണ്ണം ഉറപ്പു വരുത്തുകയാണ് കേന്ദ്ര ഗവണ്‍മെന്‍റിന്‍റെ സാമ്പത്തിക സഹായത്താടെ ഇന്ത്യ നടത്തുന്ന യൂണിവേഴ്‌സല്‍ ഇമ്മ്യൂണൈസേഷന്‍ പ്രോഗ്രാമിലൂടെ ലക്ഷ്യം വെക്കുന്നത്.
ഈ പദ്ധതിയില്‍ സെര്‍വിക്കല്‍ ക്യാന്‍സറിന് കാരണമായ ഹ്യൂമന്‍ പാപ്പിലോമ വൈറസിനുള്ള പ്രതിരോധ വാക്‌സിന്‍ ഉള്‍പ്പെടുത്തുന്നത് ഒഴിവാക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് ആര്‍.എസ്.എസിന്റെ സാമ്പത്തിക വിഭാഗമായ സ്വദേശി ജാഗരണ്‍ മഞ്ച് വിങ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചതിനു പിന്നാലെയാണ് മന്ത്രാലയത്തിന്‍റെ തീരുമാനമെന്ന് ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ടു ചെയ്യുന്നു.
കൂടുതല്‍ ഗുണകരമായ മറ്റു ആരോഗ്യപ്രവര്‍ത്തനങ്ങളെ ഇല്ലാതാക്കുകയാണ് ഇത്തരം പ്രവര്‍ത്തനങ്ങളിലൂടെ ഉണ്ടാകുന്നതെന്നാരോപിച്ചായിരുന്നു ആര്‍.എസ്.എസിന്‍റെ കത്ത്. ‘ഹ്യൂമന്‍ പാപ്പിലോമ വൈറസിനെതിരെയുള്ള വാക്‌സിന്‍ ഇന്ത്യയില്‍ അവതരിപ്പിക്കുന്നത് ഒഴിവാക്കണമെന്നാണ് തങ്ങളുടെ അപേക്ഷ. രാജ്യത്തെ ശാസ്ത്രമേഖലയെ അപകീര്‍ത്തിപ്പെടുത്തുന്നതാണ് ഇത്തരം പ്രവര്‍ത്തനങ്ങള്‍. സയന്‍സിനെ ദുരുപയോഗം ചെയ്തുകൊണ്ട് പാശ്ചാത്യ താല്‍പര്യത്തിനു വേണ്ടി രാജ്യത്തെ പണയം വെക്കുന്ന ഇത്തരം തീരുമാനങ്ങള്‍ക്കെതിരെ കടുത്ത നടപടി സ്വീകരിക്കാനും തങ്ങള്‍ അപേക്ഷിക്കുന്നതായി’ കത്തില്‍ പറയുന്നു.
സെര്‍വിക്കല്‍ ക്യാന്‍സറിനുള്ള പ്രതിരോധ വാക്‌സിനെ ഉള്‍പ്പെടുത്തണോ വേണ്ടയോ എന്ന കാര്യത്തില്‍ പദ്ധതിയുടെ രോഗ പ്രതിരോധ വിഭാഗത്തിലെ വിദഗ്ധര്‍ ഇപ്പോഴും ആശയക്കുഴപ്പത്തിലാണ്. ഡിസംബര്‍ 19 ന് നടന്ന ചര്‍ച്ചയില്‍ ഈ പ്രതിരോധ വാക്‌സിനെ പദ്ധതിയില്‍ ഉള്‍പ്പെടുത്തുമെന്നാണ് ഉപദേശക സമിതി പറഞ്ഞതെങ്കിലും തീരുമാനം ഇതുവരെ നടപ്പില്‍ വന്നിട്ടില്ല.
സ്ത്രീകളെ മാത്രം ബാധിക്കുന്ന ഒരു ക്യാന്‍സറാണ് സെര്‍വിക്കല്‍ ക്യാന്‍സര്‍ അഥവാ ഗര്‍ഭാശയമുഖ കാന്‍സര്‍ . ഹ്യൂമന്‍ പാപിലോമ വൈറസാണ് (HPV) 77 ശതമാനം സെര്‍വിക്കല്‍ കാന്‍സറിനും കാരണമാകുന്നത്. 80 ശതമാനം സ്ത്രീകളിലും 50 വയസ്സാകുമ്പോള്‍ ഹ്യൂമന്‍ പാപിലോമ വൈറസ് അണുബാധ ഉണ്ടാകാം എന്നു പറയപ്പെടുന്നു. ഇന്ത്യയില്‍ ക്യാന്‍സര്‍ മൂലം മരിക്കുന്ന സ്ത്രീകളില്‍ രണ്ടാം സ്ഥാനത്തുള്ളത് സെര്‍വിക്കല്‍ ക്യാന്‍സര്‍മൂലം മരണമടയുന്നവരാണ്. അടുത്തകാലത്തായി പ്രതിവര്‍ഷം ഒരു ലക്ഷം സ്ത്രീകളാണ് സെര്‍വിക്കല്‍ ക്യാന്‍സര്‍ മൂലം രാജ്യത്ത് മരണമടയുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Lifestyle News അറിയൂ. Food and Recipes, Health News തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam