എല്ലാ കൊഴുപ്പും ഒഴിവാക്കരുത്; കഴിക്കാനാവുന്നതും അല്ലാത്തവയും...

By Web TeamFirst Published Dec 24, 2018, 4:30 PM IST
Highlights

ശരീരത്തിന് ആവശ്യമായ ഊര്‍ജ്ജമെത്തിക്കുകയാണ് കൊഴുപ്പിന്റെ ഒരു ധര്‍മ്മം. ആന്തരീകാവയവളുടെ പ്രവര്‍ത്തനത്തിന് ഈ ഊര്‍ജ്ജം കൂടിയേ തീരൂ. വിറ്റാമിന്‍ -എ, ഡി, ഇ, കെ എന്നിവയെ ആഗിരണം ചെയ്‌തെടുക്കാനും കൊഴുപ്പ് ആവശ്യമാണ്

കൊഴുപ്പെന്ന് കേള്‍ക്കുമ്പോഴേ മിക്കവരും ആദ്യം തന്നെ ഒന്ന് പേടിക്കും. ഹൃദയമുള്‍പ്പെടെ പല പ്രധാനപ്പെട്ട അവയവങ്ങളെയും അപകടത്തിലാക്കുന്ന വില്ലനായാണ് കൊഴുപ്പിനെ നമ്മള്‍ മനസ്സിലാക്കുന്നത്. അതിനാല്‍ തന്നെ അല്‍പമെങ്കിലും ശരീരത്തെ പറ്റി ചിന്തയുള്ളവരാണെങ്കില്‍ കൊഴുപ്പ് പരമാവധി ഒഴിവാക്കാനാണ് ശ്രമിക്കുക. 

എന്നാല്‍ എല്ലാ തരം കൊഴുപ്പുകളേയും മാറ്റിനിര്‍ത്തേണ്ടതില്ലെന്നാണ് ഡയറ്റീഷ്യന്മാര്‍ പറയുന്നത്. മാത്രമല്ല എല്ലാ തരം കൊഴുപ്പിനെയും അകറ്റിനിര്‍ത്തുന്നത് ശരീരത്തിന് ദോഷം ചെയ്യുമെന്നും ഇവര്‍ ഓര്‍മ്മിപ്പിക്കുന്നു. 

ശരീരത്തിന് ആവശ്യമായ ഊര്‍ജ്ജമെത്തിക്കുകയാണ് കൊഴുപ്പിന്റെ ഒരു ധര്‍മ്മം. ആന്തരീകാവയവളുടെ പ്രവര്‍ത്തനത്തിന് ഈ ഊര്‍ജ്ജം കൂടിയേ തീരൂ. വിറ്റാമിന്‍ -എ, ഡി, ഇ, കെ എന്നിവയെ ആഗിരണം ചെയ്‌തെടുക്കാനും കൊഴുപ്പ് ആവശ്യമാണ്. - ഇത്തരത്തില്‍ ശരീരത്തിന് അത്യന്താപേക്ഷിതമായ പല ഘടകങ്ങളുമെത്തുന്നത് കൊഴുപ്പിലൂടെയാണ്. അപ്പോള്‍ പിന്നെ ഡോക്ടര്‍മാര്‍ കൊഴുപ്പ് ഒഴിവാക്കണമെന്ന് പറയുന്നത് എന്തുകൊണ്ടാണ്?

ഒഴിവാക്കേണ്ടതും കഴിക്കേണ്ടതും... 

പ്രധാനമായും രണ്ട് തരം കൊഴുപ്പുകളെ കുറിച്ച് മനസ്സിലാക്കുന്നതാണ് സാധാരണക്കാര്‍ക്ക് എളുപ്പം. ശരീരത്തിന് പ്രശ്‌നമുണ്ടാക്കുന്നതും ശരീരത്തിന് ആവശ്യമുള്ളതും. ഇവയെ എങ്ങനെ തിരിച്ചറിയാമെന്നതാണ് അടുത്ത പ്രശ്‌നം. 

കോശങ്ങളുടെയും നാഡീവ്യവസ്ഥയുടെയുമെല്ലാം നിലനില്‍പിന് ആവശ്യമായ തരം കൊഴുപ്പ്, അഥവാ നമുക്ക് വേണ്ട തരംകൊഴുപ്പ് ശരീരത്തില്‍ കുറയുന്നത് പലവിധത്തിലുള്ള പ്രശ്‌നങ്ങള്‍ക്കുമിടയാക്കും. ഇനി കഴിക്കാവുന്ന ചിലയിനം കൊഴുപ്പ് ഏതെല്ലാമെന്ന് നോക്കാം. 

1. നട്ട്‌സ്
2. വിവിധയിനം വിത്തുകള്‍
3. ഒലിവ്
4. അവക്കാഡോ
5. വെജിറ്റബിള്‍ ഓയിലുകള്‍
6. ചിലയിനം മീനുകള്‍
7. പീനട്ട് ബട്ടര്‍
8. ആല്‍മണ്ട് ബട്ടര്‍

അപകടകാരിയായ കൊഴുപ്പ്...

ഹൃദയാഘാതത്തിലേക്കും പക്ഷാഘാതത്തിലേക്കുമെല്ലാം വഴിവയ്ക്കുന്ന അനാരോഗ്യകരമായ കൊഴുപ്പും നമ്മള്‍ നിത്യേന കഴിക്കുന്ന ഭക്ഷണത്തില്‍ ധാരാളം അടങ്ങിയിട്ടുണ്ട്. ഇവയെ ആണ് അല്‍പം സൂക്ഷ്മതയോടെ മാറ്റിനിര്‍ത്തേണ്ടത്. ഇത്തരം കൊഴുപ്പടങ്ങിയ ചില ഭക്ഷണം ഏതെന്ന് നോക്കാം.

1. ബട്ടര്‍
2. ചിക്കന്‍ ഉത്പന്നങ്ങള്‍
3. ചിലയിനം ചീസ്
4. ബീഫിന്റെയോ പോര്‍ക്കിന്റെയോ കൊഴുപ്പ്
 

click me!