'മീറ്റൂ' എന്ന് വിളിച്ചുപറയാനാകാത്ത കുട്ടികള്‍...

Published : Nov 25, 2018, 08:14 PM ISTUpdated : Nov 25, 2018, 08:15 PM IST
'മീറ്റൂ' എന്ന് വിളിച്ചുപറയാനാകാത്ത കുട്ടികള്‍...

Synopsis

നിങ്ങളുടെ കുട്ടികള്‍ സുരക്ഷിതരാണോ? സ്‌കൂളില്‍ പോകുമ്പോഴും തിരിച്ചുവരുമ്പോഴുമുള്ള വഴികളില്‍, കളിസ്ഥലങ്ങളില്‍, സ്‌കൂള്‍ വാഹനത്തിനുള്ളില്‍, ബന്ധുവീടുകളില്‍, പൊതുസ്ഥലങ്ങളില്‍ അവള്‍/അവന്‍ സുരക്ഷിതരാണോ?

കുട്ടികള്‍ ഇരയാകേണ്ടി വന്ന 3,478 കേസുകളാണ് കഴിഞ്ഞവര്‍ഷം പൊലീസ് റിപ്പോര്‍ട്ട് ചെയ്തത്. അതില്‍ 1,101 കേസുകള്‍ പോക്‌സോയുടെ (Protection of Children from Sexual Offences Act- (POCSO) കീഴില്‍ വരുന്നവയാണ്. തൃശൂര്‍ ജില്ലയില്‍ നിന്നുമാത്രം 2018 ജനുവരി 1നും, ഒക്ടോബര്‍ 27നും ഇടയില്‍ പീഡിപ്പിക്കപ്പെട്ടത് 280 കുട്ടികള്‍. കേരള സംസ്ഥാനത്തെ മുഴുവന്‍ ജില്ലകളിലെയും കണക്കുകള്‍ എടുത്തുനോക്കിയാല്‍ കാര്യങ്ങള്‍ എത്രമാത്രം തീവ്രമാണെന്ന് നമുക്ക് മനസ്സിലാകും. ലൈംഗിക അതിക്രമങ്ങള്‍ക്കും, ചൂഷണങ്ങള്‍ക്കും ഇരയാകേണ്ടിവരുന്ന  ഒരുപാട് കുട്ടികള്‍ (കണക്കുകളില്‍പ്പെടുന്നതും അല്ലാത്തതുമായ) നമുക്കിടയിലുണ്ട്. 

ലൈംഗിക അതിക്രമമോ, ചൂഷണമോ, പീഡനമോ എന്താണെന്ന് പോലും തിരിച്ചറിയാന്‍ കഴിയാത്ത ചെറുപ്രായത്തില്‍ ഇവര്‍ ഇരകളാകുന്നു. മുതിര്‍ന്നവരെപ്പോലെ 'മീറ്റൂ' (Metoo) ഹാഷ്ടാഗുകള്‍ ഇട്ട് പ്രതികരിക്കാനോ, പ്രതിഷേധിക്കാനോ ഇവര്‍ക്കറിയില്ല. ഈ സാഹചര്യത്തില്‍ കുട്ടികള്‍ ലൈംഗികചൂഷണത്തിനോ, അതിക്രമത്തിനോ വിധേയരായിട്ടുണ്ടോ എന്ന് കണ്ടെത്താനുള്ള ചില നിര്‍ദേശങ്ങളാണ് താഴെ കൊടുത്തിട്ടുള്ളത്.

(ഈ നിര്‍ദേശങ്ങളെല്ലാം ചില സൂചനകള്‍ മാത്രമാണ്. എന്നാല്‍ ഇവയില്‍ പത്തില്‍ കൂടുതല്‍ കാര്യങ്ങള്‍ ഒരു കുട്ടിയില്‍ കണ്ടാല്‍ കുട്ടി ഏതെങ്കിലും തരത്തിലുള്ള ലൈംഗിക അതിക്രമങ്ങള്‍ക്കോ, ചൂഷണത്തിനോ വിധേയരായിട്ടുണ്ടോ എന്ന് തീര്‍ച്ചയായും അന്വേഷിക്കേണ്ടതുണ്ട്.)

നിർദേശങ്ങൾ...

- കളിക്കാനായി ഉപയോഗിക്കുന്ന ടെഡിബിയര്‍ പോലുള്ള വലിയ ടോയ്‌സുകളുടെ (Dolls or Toys) വായ്ഭാഗത്ത് കുട്ടി തന്റെ ലൈംഗികാവയവം മുട്ടിക്കുകയോ, ജനനേന്ദ്രിയം/മലദ്വാരം തുടങ്ങിയ ഭാഗങ്ങളില്‍ സ്വന്തം ലൈംഗികാവയവം കടത്തുവാന്‍ ഉള്ള ശ്രമങ്ങള്‍ നടത്തുകയോ ചെയ്യുന്നത്. 

ലൈംഗികാവയവങ്ങളിലോ, ഗുഹ്യഭാഗങ്ങളിലോ അസാധാരണമായ പാടുകളോ, നിറംമാറ്റമോ, രക്തം വരികയോ, മുറിവുകളോ (Genital injury), അണുബാധയും മറ്റും കാണപ്പെടുകയോ, മൂത്രമൊഴിക്കാന്‍ ബുദ്ധിമുട്ടോ, വേദനയോ- കുട്ടി പറയുന്നുവെങ്കില്‍ ശ്രദ്ധിക്കേണ്ടതുണ്ട്. (മറ്റ് ശാരീരിക രോഗകാരണങ്ങള്‍ ഇല്ലാതെയിരിക്കുമ്പോള്‍)

നോട്ട് ബുക്കിലോ, സ്‌കൂള്‍ ഡയറിയിലോ അസാധാരണമായ (ലൈംഗികത കലര്‍ന്ന) ചിത്രങ്ങള്‍ വരയ്ക്കുക. ചിത്രങ്ങളില്‍ പ്രത്യേക ശരീരഭാഗങ്ങള്‍ക്കോ, ലൈംഗികാവയവങ്ങള്‍ക്കോ കൂടുതല്‍ പ്രാധാന്യം നല്‍കുകയും, ലൈംഗികാവയവങ്ങള്‍ അല്പം കടുപ്പിച്ച് വരയ്ക്കുകയും ചില പ്രത്യേക നിറങ്ങള്‍ നല്‍കുകയും ചെയ്യുക. ഉദ്ധരിച്ച് നില്‍ക്കുന്ന ലിംഗം, വലിയ വായ, ചുണ്ടുകള്‍, പല്ലുകള്‍ എന്നിവയൊക്കെ ലൈംഗിക പീഡനത്തിന് വിധേയരായ കുട്ടികളുടെ ചിത്രങ്ങളില്‍ പൊതുവെ കാണാന്‍ കഴിയും.


 
ലൈംഗികാവയവങ്ങളില്‍ സ്വയമായോ, മറ്റു കുട്ടികളുടെ സഹായത്താലോ എന്തെങ്കിലും ചെറിയ വസ്തുക്കള്‍ കടത്താന്‍ (lnsert) ഉള്ള ശ്രമം നടത്തുന്നുണ്ടെങ്കില്‍.

മുതിര്‍ന്നവരുടെയോ, കുട്ടികളുടെയോ, വളര്‍ത്തുമൃഗങ്ങളുടെയോ, ലൈംഗികാവയങ്ങളിലോ, സ്വകാര്യ ഭാഗങ്ങളിലോ സ്പര്‍ശിക്കാനോ (Touching) ഉരുമ്മാനോ (Rubbing) ഉള്ള ശ്രമങ്ങള്‍ മിക്കപ്പോഴും നടത്തുന്നത്.

പ്രത്യേകിച്ച് കാരണമൊന്നുമില്ലാതെ ചില വ്യക്തികളോടോ, ചില സാഹചര്യങ്ങളോടോ വല്ലാത്ത പേടി കാണിക്കുകയും അത്തരം സാഹചര്യങ്ങളില്‍ നിന്നോ, വ്യക്തികളില്‍ നിന്നോ ഒഴിഞ്ഞുമാറാനുള്ള ശ്രമം നടത്തുന്നതും. 

ലൈംഗികതയെപ്പറ്റി ഒട്ടും അറിവില്ലാത്ത കുട്ടി ലൈംഗിക കാര്യങ്ങളെക്കുറിച്ച് അറിവുള്ള തരത്തില്‍ മുതിര്‍ന്നവരെപ്പോലെ പെരുമാറുകയാണെങ്കില്‍.

തലവേദന, വയറുവേദന തുടങ്ങിയ ശാരീരിക പ്രശ്‌നങ്ങളോടൊപ്പം ഉറക്കക്കുറവ്, ഭക്ഷണത്തോടുള്ള വിരക്തി/അമിത താല്‍പര്യം എന്നിവ കാണിക്കുന്നത്. ഒപ്പം ദേഷ്യം, ഭയം, സങ്കടം എന്നിവ കാണിക്കുന്നുണ്ടെങ്കില്‍.

ലൈംഗികാവയവങ്ങളെ കുറിച്ചും, ലൈംഗിക കാര്യങ്ങളെക്കുറിച്ചും പ്രായപൂര്‍ത്തിയായ ആളുകള്‍ സംസാരിക്കുമ്പോള്‍ ഉപയോഗിക്കുന്ന വാക്കുകള്‍, ഭാഷ (Adult language)  എന്നിവ കുട്ടി ഉപയോഗിക്കുന്നുണ്ടെങ്കില്‍.

കുട്ടിയുടെ പെരുമാറ്റത്തിലോ, സ്വഭാവത്തിലോ, വൈകാരികാവസ്ഥയിലോ പെട്ടെന്ന് മാറ്റം വരിക. ഉറക്കത്തില്‍ കിടന്ന് മുള്ളുക, വിരല്‍ കുടിക്കുക തുടങ്ങിയ പ്രശ്നങ്ങള്‍ കാണിക്കുന്നുവെങ്കില്‍.

വീട്ടുകാരുടെയോ, ബന്ധുക്കളുടെയോ വാല്‍സല്യത്തോടെയുള്ള സ്പര്‍ശനത്തെ പേടിയോടെ കാണുന്നുവെങ്കില്‍.

കുട്ടികള്‍ സാധാരണ കളിക്കുമ്പോള്‍ ലൈംഗികാവയവങ്ങളില്‍ സ്പര്‍ശിക്കാറുണ്ട്. എന്നാല്‍ ലൈംഗികാവയവങ്ങളില്‍ ഏറെനേരം സ്പര്‍ശിക്കുകയോ, തിരുമ്മുകയോ ചെയ്യുകയാണെങ്കില്‍.

ശരീരത്തില്‍ മുറിവുകള്‍ ഉണ്ടാക്കുക, സ്വയം വേദനിപ്പിക്കുന്ന പ്രവര്‍ത്തികളില്‍ ഏര്‍പ്പെടുക. പ്രത്യേക കാരണം ഒന്നും തന്നെയില്ലാതെ ഞാന്‍ മോശം കുട്ടിയാണെന്ന് (I am bad girl /boy)  മറ്റുള്ളവരോട് ഇടയ്ക്കിടെ പറയുക.

പഠനകാര്യങ്ങളില്‍ താല്‍പര്യം കുറയുക. മറ്റ് കുട്ടികളോടും മുതിര്‍ന്നവരോടും അകലം പാലിക്കുക.

മാതാപിതാക്കളുടെ കൂടെയോ, ഒറ്റയ്‌ക്കോ കുട്ടി പോയിരുന്ന ബന്ധുവീടുകളിലും സുഹൃത്തുക്കളുടെ വീടുകളിലും പോകാന്‍ പെട്ടെന്ന് ഒരു ദിവസം മുതല്‍ താല്‍പര്യം കാണിക്കാതിരിക്കുക. പേടിയോടെ ഇതിന് വിസമ്മതിക്കുന്നുണ്ടെങ്കില്‍.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

click me!

Recommended Stories

രാത്രിയിൽ നന്നായി ഉറങ്ങാൻ പറ്റുന്നില്ലേ? ഇവ ഡയറ്റിൽ ഉൾപ്പെടുത്തൂ
ബ്ലഡ് ഷു​ഗർ അളവ് നിയന്ത്രിക്കാൻ ശ്രദ്ധിക്കേണ്ട ഏഴ് കാര്യങ്ങൾ