ദിവസവും ഓരോ നേന്ത്രപ്പഴം കഴിക്കാം; ചെറുക്കാം ഈ ആരോഗ്യപ്രശ്‌നങ്ങളെ...

By Web TeamFirst Published Dec 20, 2018, 6:01 PM IST
Highlights

രാവിലെയോ വൈകീട്ടോ ഒക്കെ പ്രധാന മെനുവായിത്തന്നെ നേന്ത്രപ്പഴം കഴിക്കാവുന്നതാണ്. വളരെ പെട്ടെന്ന് വിശപ്പിനെ പിടിച്ചുകെട്ടാന്‍ കഴിവുള്ള ഒരു ഫലം കൂടിയാണിത്. അതിനാല്‍ തന്നെ അമിതമായി കഴിക്കുന്നത് തടയാനും നേന്ത്രപ്പഴം കഴിക്കുന്നത് സഹായിക്കും

ദിവസവും ഓരോ നേന്ത്രപ്പഴം കഴിക്കുന്നത് ആരോഗ്യത്തിന് വളരെ നല്ലതാണെന്ന് ഡോക്ടര്‍മാര്‍ നിര്‍ദേശിക്കുന്നത് കേട്ടിട്ടില്ലേ? ഇത് വെറുതെയല്ല, എണ്ണമറ്റ ഗുണങ്ങളാണ് നേന്ത്രപ്പഴത്തിനുള്ളത്. 

ശരീരത്തിനാവശ്യമായ പോഷകങ്ങള്‍, വിറ്റാമിന്‍-സി, വിറ്റാമിന്‍ ബി-6 എന്ന് തുടങ്ങി നമുക്ക് അറിയാത്ത പല ആരോഗ്യപ്രശ്‌നങ്ങളെയും പരിഹരിക്കുന്ന അവശ്യം വേണ്ട ധാതുക്കള്‍, റൈബോഫ്‌ളേവിന്‍, ഫോളേറ്റ്, നിയാസിന്‍- തുടങ്ങി പല ഘടകങ്ങള്‍ കൊണ്ടും സമ്പുഷ്ടമാണ് നേന്ത്രപ്പഴം. ധാരാളം ഫൈബര്‍ അടങ്ങിയിട്ടുള്ളതിനാല്‍ ഉദര സംബന്ധമായ പ്രശ്‌നങ്ങള്‍ക്കും നേന്ത്രപ്പഴം ഉത്തമം തന്നെ.

ഏറ്റവും പ്രധാനപ്പെട്ട ഗുണം...

എണ്ണമറ്റ ഗുണങ്ങളുണ്ടെങ്കിലും നേന്ത്രപ്പഴത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട ഒരു സവിശേഷതയെന്തെന്നാല്‍ ഇത് അമിതവണ്ണം കുറയ്ക്കുന്നതിന് മറ്റേത് ഭക്ഷണത്തെക്കാള്‍ സഹായകമാണെന്നതാണ്. 

ശരാശരി 90 കലോറി മാത്രമേ ഒരു പഴത്തില്‍ അടങ്ങിയിട്ടുണ്ടാകൂ. അതേസമയം നേരത്തേ സൂചിപ്പിച്ചതുപോലെ ധാരാളം ഫൈബറുകളും അടങ്ങിയിട്ടുണ്ട്. കൊഴുപ്പിന്റെ കാര്യത്തില്‍ വളരെ പിന്നിലുമാണ്. ഇത്രയും മതിയല്ലോ! വണ്ണം കുറയ്ക്കാന്‍ ഇനിയെന്ത് വേണം. 

രാവിലെയോ വൈകീട്ടോ ഒക്കെ പ്രധാന മെനുവായിത്തന്നെ നേന്ത്രപ്പഴം കഴിക്കാവുന്നതാണ്. വളരെ പെട്ടെന്ന് വിശപ്പിനെ പിടിച്ചുകെട്ടാന്‍ കഴിവുള്ള ഒരു ഫലം കൂടിയാണിത്. അതിനാല്‍ തന്നെ അമിതമായി കഴിക്കുന്നത് തടയാനും നേന്ത്രപ്പഴം കഴിക്കുന്നത് സഹായിക്കും. ശരീരഭാരം കുറയ്ക്കല്‍ മാത്രമല്ല, മറ്റ് പല ആരോഗ്യകാര്യങ്ങള്‍ക്കും നേന്ത്രപ്പഴം ഉപകരിക്കും, ഇവയേതെല്ലാമെന്ന് ഒന്ന് നോക്കാം. 

നേന്ത്രപ്പഴത്തിന്റെ ആരോഗ്യ ഗുണങ്ങള്‍...

1. എല്ലിന് ബലം നല്‍കാന്‍ സഹായിക്കുന്നു. 
2. സന്ധിവാതത്തെ ചെറുക്കാന്‍ സഹായിക്കുന്നു. 
3. മലബന്ധത്തെ പ്രതിരോധിക്കും. എന്നാല്‍ നന്നായി പഴുത്ത പഴമല്ലെങ്കില്‍ ദഹനപ്രശ്‌നങ്ങള്‍ ഉണ്ടായേക്കാം. അതിനാല്‍ പാകം ചെയ്ത് കഴിക്കാന്‍ കരുതുക. 
4. അള്‍സറുള്ളവര്‍ക്ക് ഇത് ഗുണം ചെയ്യും.
5. വൃക്ക സംബന്ധമായ പ്രശ്‌നങ്ങളുള്ളവര്‍ക്കും കഴിക്കാന്‍ നല്ലതാണ്. 
6. കണ്ണിന്റെ ആരോഗ്യത്തിന് ഗുണം ചെയ്യും. 
7. പൈല്‍സ് ഉള്ളവര്‍ക്ക് മലബന്ധം ഒഴിവാക്കാന്‍ സഹായകമാണ്.
8. വിളര്‍ച്ച തടയാന്‍ സഹായിക്കുന്നു. 
9. ആര്‍ത്തവകാലത്തെ പ്രശ്‌നങ്ങളെ ചെറുക്കുന്നു.
 

click me!