ഗൗരി നേഘയ്‌ക്ക് ചികില്‍സ നിഷേധിച്ചുവെന്ന് ആരോപണം ഉയര്‍ന്ന ആശുപത്രിയിലെ ഡോക്‌ടര്‍ പറയുന്നത്

Web Desk |  
Published : Oct 25, 2017, 02:50 PM ISTUpdated : Oct 04, 2018, 05:09 PM IST
ഗൗരി നേഘയ്‌ക്ക് ചികില്‍സ നിഷേധിച്ചുവെന്ന് ആരോപണം ഉയര്‍ന്ന ആശുപത്രിയിലെ ഡോക്‌ടര്‍ പറയുന്നത്

Synopsis

കൊല്ലം നഗരത്തിലെ സ്കൂള്‍ കെട്ടിടത്തില്‍നിന്ന് വീണു മരിച്ച വിദ്യാര്‍ത്ഥിനിയ്‌ക്ക് ചികില്‍സ നിഷേധിച്ചതുമായ വിവാദം കത്തിപ്പടരുമ്പോള്‍ വിശദീകരണവുമായി ഡോക്‌ടര്‍ രംഗത്തെത്തി. കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലെ ന്യൂറോ സര്‍ജന്‍ ഡോ. ജയകുമാരന്‍ ശിവശങ്കരനാണ് ഫേസ്ബുക്ക് പോസ്റ്റിലൂടെ ഗൗരി നേഘയുടെ ചികില്‍സ സംബന്ധിച്ച കാര്യങ്ങള്‍ വിശദീകരിക്കുന്നത്. കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചപ്പോള്‍ത്തന്നെ തന്റെ നേതൃത്വത്തില്‍ വിദഗ്ദ്ധ ചികില്‍സ നല്‍കിയെന്നും, സ്ഥിതിഗതികള്‍ അത്ര ഗുരുതരമായിരുന്നില്ലെന്നുമാണ് ഡോക്‌ടര്‍ പറയുന്നത്. എന്നാല്‍ കുട്ടി പഠിക്കുന്ന സ്‌കൂളും ആശുപത്രിയും ഒരേ മാനേജ്മെന്റിന്റെതാണെന്നും, ഇവിടെ ചികില്‍സിച്ചാല്‍ അത് അപകടകരമാണെന്നും രക്ഷിതാക്കളെ, തെറ്റിദ്ധരിപ്പിച്ചുകൊണ്ട് മറ്റ് ആശുപത്രിയിലേക്ക് കൊണ്ടുപോയത് ആരോഗ്യനില വഷളാക്കിയതായും ഡോക്‌ടര്‍ ഫേസ്ബുക്ക് കുറിപ്പില്‍ പറയുന്നു. തന്റെ രണ്ടു കുട്ടികളും അതേ സ്‌കൂളിലാണ് പഠിക്കുന്നതെന്നും, ചെയ്യാനാകുന്ന പരമാവധി ചികില്‍സ നല്‍കിയെന്നുമാണ് ഡോക്‌ടര്‍ പറയുന്നത്. കുട്ടിയെ ആദ്യം എത്തിച്ച ഇതേ ആശുപത്രിയില്‍ ചികില്‍സ നിഷേധിച്ചതായി വിവാദം ഉയര്‍ന്നിരുന്നു. പൊലീസും ഇതേക്കുറിച്ച് അന്വേഷിക്കുന്നുണ്ട്. ഇതിനിടയിലാണ് ഡോക്‌ടറുടെ ഫേസ്ബുക്ക് കുറിപ്പ് പുറത്തുവരുന്നത്.

കെട്ടിടത്തിന്റെ മുകളില്‍ നിന്ന് വീണ കുഞ്ഞിന്റെ മരണം നമ്മെയെല്ലാപേരെയും വളരെയേറെ വേദനിപ്പിക്കുന്നു. അതേ സ്‌കൂളില്‍ തന്നെ പഠിക്കുന്ന രണ്ടു കുട്ടികളുടെ അച്ഛനെന്ന നിലയില്‍ എനിക്ക് ആ വേദന മറ്റുള്ളവരിലും ഏറെയാണ്. ആ മാതാപിതാക്കള്‍ക്ക് ഈ കഠിന വ്യഥ താങ്ങാനുള്ള മനശ്ശക്തി ഉണ്ടാകട്ടെ.

അപകടശേഷം ആ കുഞ്ഞിനെ എത്തിച്ച ബിഷപ്പ് ബന്‍സിഗര്‍ ആശുപത്രിയിലെ ചികിത്സ നല്‍കിയ ഡോക്ടര്‍മാരുടെ ടീമിലെ ഒരംഗമാണ് ന്യൂറോ സര്‍ജനായ ഞാന്‍. അന്ന് ഉച്ചക്ക് രണ്ടേകാല്‍ മണിയോടെ അത്യാഹിത വിഭാഗത്തില്‍ നിന്ന് ഫോണ്‍ വന്നതനുസരിച്ച് ഞാന്‍ ഉടന്‍ തന്നെ അവിടെ എത്തി രോഗിയെ കാണുന്നു. തലയുടെ പിന്‍ഭാഗത്ത് രക്തസ്രാവം ഉണ്ടെന്ന് സ്‌കാനില്‍ ഉള്ളത് കുഞ്ഞിന്റെ അച്ഛനോട് പറഞ്ഞു. ഇത് സീരിയസാണോ എന്നു അദ്ദേഹം വ്യസന പൂര്‍വ്വം ചോദിച്ചു. കുഞ്ഞ് ഇപ്പോള്‍ അബോധാവസ്ഥയിലല്ല ഒരു മയക്കം മാത്രമേ കാണുന്നുള്ളൂ സ്‌കാനില്‍ തലച്ചോറില്‍ രക്തസ്രാവം കാണുന്നുണ്ട് . ഇനിയും മറ്റു പരിശോധനകള്‍ വേണ്ടിവരും അതെല്ലാം കഴിഞ്ഞേ എന്തെങ്കിലും ഉറപ്പ് പറയാന്‍ കഴിയൂ എന്നറിയിച്ചു. കഞ്ഞിന്റെ അച്ഛന്റെ പൂര്‍ണ്ണ സമ്മത പ്രകാരം കുഞ്ഞിനെ ന്യൂറോ വിഭാഗം തീവ്രപരിചരണ വിഭാഗത്തില്‍ ഉടന്‍ തന്നെ പ്രവേശിപ്പിച്ചു. വന്നപ്പോള്‍ തന്നെ കുട്ടിയുടെ രക്തസമ്മര്‍ദ്ധം താരതമ്യേന കുറവായത് കൊണ്ട് അത്യാഹിത വിഭാഗം ഡോക്ടര്‍ വയറിന്റെ FAST സ്‌കാന്‍ എടുത്തിരുന്നു. അതില്‍ കരളിനോ സ്പ്ലീഹക്കോ വൃക്കകള്‍ക്കോ ഗുരുതരമായ പരിക്കോ വയറ്റിനുള്ളില്‍ രക്തസ്രാവമോ കാണുന്നില്ല എന്ന് കുറിച്ചിരുന്നു. വേദന കൊണ്ട് തിരിഞ്ഞു മറിഞ്ഞു കൊണ്ടിരുന്ന കുട്ടിക്ക് ഉടന്‍ തന്നെ വേദന കുറയാനുള്ള കുത്തിവയ്പുകളും ഡ്രിപ്പുകളും ജന്നിവരാതിരിക്കാനുള്ള മരുന്നുകളും മറ്റു അവശ്യ ചികിത്സകളും തുടങ്ങി. Portable X ray ഉപകരണം വരുത്തി നെഞ്ചിന്റെയും നട്ടെല്ലിന്റെയും X ray എടുത്തു. നെഞ്ചിനുള്ളില്‍ x ray  ല്‍ രക്തസ്രാവമോ വായു നിറഞ്ഞതായ ലക്ഷണങ്ങളോ ഇല്ല. നട്ടെല്ലിന്റെ X rayല്‍ പൊട്ടലുകള്‍ കാണുന്നുണ്ട്. കുട്ടിയുടെ രക്തസമ്മര്‍ദ്ധം പിന്നെയും കുറഞ്ഞ് വരുന്നുണ്ട്. ഇന്റ്റന്‍സിവിസ്റ്റ് ഡോക്ടര്‍ രണ്ട് മണി മുതലേ കുട്ടിയുടെ കൂടെ ഉണ്ട്. അദ്ദേഹവുമായി ചര്‍ച്ച ചെയ്തു. ഡ്രിപ്പിന്റെ വേഗത കൂട്ടാനും വേണമെങ്കില്‍ രക്തസമ്മര്‍ദ്ധം കൂട്ടാനുള്ള മരുന്നുകള്‍ തുടങ്ങുവാനും തീരുമാനിച്ചു. രക്ത സ മ്മര്‍ദ്ധം വര്‍ദ്ധിക്കുന്ന മുറയ്ക്ക് വയറിന്റെയും നെഞ്ചിന്റേയും CT സ്‌കാന്‍ എടുക്കാനും തീരുമാനിച്ചു. എല്ലു ഡോക്ടറെയും സര്‍ജറി ഡോക്ടറെയും ഉടന്‍ തന്നെ വിളിച്ചു വരുത്താനും ഏര്‍പ്പാടാക്കി.

ഈ സമയത്തൊക്കെ ICU വിന്റെ വാതിലില്‍ നിരന്തരം ആരൊക്കെയോ മുട്ടുകയും ചവിട്ടുകയും തുറക്കുകയും ചെയ്തു കൊണ്ടിരുന്നു. കണ്ടും കേട്ടും അറിഞ്ഞും വന്ന ജനക്കൂട്ടം ആശുപത്രി ജീവനക്കാരുമായും തമ്മില്‍ തമ്മിലും വഴക്കുണ്ടാക്കുകയും ICU വിനകത്തേക്ക് കടക്കാന്‍ നിരന്തരം ശ്രമിച്ചു കൊണ്ടുമിരുന്നു. മൂന്നു മണിക്കടുത്ത് സ്ഥലം സബ് ഇന്‍സ്പക്ടര്‍ കുഞ്ഞിന്റെ മൊഴി യെടുക്കാനായി എത്തിയെന്നറിയിച്ചു. കുഞ്ഞിന്റെ നില ഗുരുതരമായത് കൊണ്ട് ഇപ്പോള്‍ അതിന് കഴിയില്ല എന്ന് മറുപടി പറഞ്ഞു. സന്ദര്‍ശകരുടെ ബഹളവും ശല്യവും കാരണം, ICU വില്‍ ഗുരുതരമായ രക്തസ്രാവവുമായി പ്രവേശിപ്പിച്ച് ഇപ്പോള്‍ നില മെച്ചപ്പെട്ടു വന്നുകൊണ്ടിരുന്ന മറ്റൊരു രോഗിയുടെ രക്തസമ്മര്‍ദ്ധം കൂടി സ്ഥിതി വഷളായി. അദ്ദേഹത്തിനെ സമാധാനിപ്പിച്ച് മരുന്നുകള്‍ തുടങ്ങി. മൂന്ന് മണിയായപ്പോള്‍ കുഞ്ഞിന്റെ തലച്ചോറിലെ പരിക്കുകള്‍ക്ക് മറ്റു ശസ്ത്രക്രിയയൊന്നും ആവശ്യമില്ലാത്തതു കൊണ്ട് ഇന്റ്റന്‍സിവിസ്റ്റിന് വേണ്ട നിര്‍ദ്ദേശങ്ങളും നല്‍കി മറ്റു രോഗികളെ കാണാന്‍ ഞാന്‍ പോയി.

പിന്നെ എനിക്ക് മനസ്സിലാക്കാന്‍ കഴിഞ്ഞത് ഏതോ ശിശുസമിതിയുടെ പ്രവര്‍ത്തകരും ആള്‍ക്കൂട്ടത്തില്‍ ചിലരും ചേര്‍ന്ന് കുട്ടിയുടെ അച്ഛനെ, ആശുപത്രിയും സ്‌കൂളും നടത്തുന്നത് ഒരേ മാനേജ്‌മെന്റായതു കൊണ്ട് ഇവര്‍ വിവരങ്ങള്‍ മറച്ചു വെയ്ക്കും എന്ന് തെറ്റിദ്ധരിപ്പിച്ച് ഈ ആശുപത്രിയില്‍ നിന്ന് നിര്‍ബന്ധപൂര്‍വ്വം മറ്റൊരു ആശുപത്രിയിലേക്ക് കൊണ്ടു പോകാന്‍ പ്രേരിപ്പിക്കുകയായിരുന്നു എന്ന്. ഈ ദാരുണ സംഭവത്തില്‍ മാനസിക ആഘാതത്തില്‍ നില്‍ക്കുന്ന അദ്ദേഹത്തിന് ഈ കുബുദ്ധികളുടെ പ്രേരണ സംശയങ്ങള്‍ക്കും ആകാംഷയ്ക്കും കാരണമായി. അദ്ദേഹം നിര്‍ബന്ധപൂര്‍വ്വം ICU വാതില്‍ ചവിട്ടി തുറന്ന് കുഞ്ഞിനടുത്ത് നിലയുറപ്പിച്ചു. മറ്റാളുകളും ICU വിന് ഉള്ളില്‍ കയറി ഇറങ്ങാന്‍ തുടങ്ങി. ഇതിനിടക്ക് ശിശു സമിതി പ്രവര്‍ത്തകന്‍ മൊബൈല്‍ കാമറ ഉപയോഗിച്ച് വീഡിയോ എടുക്കാന്‍ തുടങ്ങി.

മൂന്നര മണിയായപ്പോള്‍ ആശുപത്രിയില്‍ നിന്ന് എനിക്ക് ഒരു ഫോണ്‍ വരുന്നു. കുഞ്ഞിന്റെ അച്ഛന് എന്നോട് സംസാരിക്കണം. ഞാന്‍ സംസാരിച്ചു. അദ്ദേഹം പറഞ്ഞു ഡോക്ടറെക്കുറിച്ച് ഞങ്ങള്‍ക്കറിയാം ഞങ്ങള്‍ക്ക് വിശ്വാസവുമാണ്. പക്ഷേ മറ്റു വിഷയങ്ങള്‍ ഉണ്ട്. ഞങ്ങള്‍ക്ക് ഉടന്‍ തന്നെ കുഞ്ഞിനെ മറ്റൊരാശുപത്രിയിലേക്ക് മാറ്റണം. ഞാന്‍ പറഞ്ഞു അത് റിസ്‌കാണല്ലോ. എന്താണ് കാര്യം എന്ന് അന്വേഷിച്ചു. അത് നേരില്‍ കാണുമ്പോള്‍ പറയാം എന്നദ്ദേഹം പറഞ്ഞു. ഇത്രയും ഗുരുതരാവസ്ഥയിലുള്ള രോഗിയുടെ വിലപ്പെട്ട ഒന്നൊന്നര മണിക്കൂര്‍ ആംബുലന്‍സില്‍ ചിലവഴിക്കുന്നത് ഒട്ടും ശരിയല്ല എന്ന് ഞാന്‍ പറഞ്ഞപ്പോള്‍ എന്റെ മോളെ എങ്ങനെയെങ്കിലും ജീവനോടെ ഒന്ന് നഗരത്തിലെ ആശുപത്രിയില്‍ എത്തിച്ചു തരൂ ഡോക്ടര്‍ എന്ന് അപേക്ഷിച്ചപ്പോള്‍ മറുത്തു പറയാന്‍ തോന്നിയില്ല. വിശ്വാസം നഷ്ടപ്പെട്ടാല്‍ പിന്നെ ചികിത്സിച്ചിട്ടെന്തു കാര്യം? ICU വിലേക്ക് വീണ്ടും ഫോണ്‍ ചെയ്തു. അപ്പോഴേക്കും കുഞ്ഞിന് BP കൂടാനുള്ള ഡോപ്പമിന്‍ മരുന്നു തുടങ്ങിയിരുന്നു. ഞാന്‍ ICU ഡോക്ടറിനോട് കാര്യം പറഞ്ഞു. സാര്‍ ഇവിടെ ആകെ ബഹളമാണ്. ഒന്നിനും ആരും സമ്മതിക്കുന്നില്ല. രക്തം അടപ്പിക്കാനെങ്കിലും പറ്റുമോ എന്നു ഞാന്‍ ചോദിച്ചു. ഇല്ല അവര്‍ ഒന്നിനും സമ്മതിക്കുന്നില്ല എന്നാണ് മറുപടി. എന്നാല്‍ ഉടന്‍ തന്നെ ICU ആംബുലന്‍സ് വരുത്തി രോഗിയെ ഓക്‌സിജനും ഡോപ്പമിനുമുള്‍പ്പെടെ സുരക്ഷിതമാക്കി വിട്ടു കൊള്ളാന്‍ പറഞ്ഞു. അപ്പോള്‍ ബന്‍സിഗര്‍ ആശുപത്രിയില്‍ ICU ആംബുലന്‍സ് ലഭ്യമല്ലാത്തതു കൊണ്ട് മറ്റൊരിടത്തു നിന്ന് അതു വിളിപ്പിച്ചു. നഗരത്തിലെ ആശുപത്രിയില്‍ വിളിച്ച് അവിടെ ICU വില്‍ ബഡ്ഡ് ഉണ്ടെന്ന് ഉറപ്പാക്കി. ഗുരുതരമായ രോഗിയെ അങ്ങോട്ടേക്ക് അയക്കുന്നു എന്ന് അറിയിച്ചു.

നിര്‍ഭാഗ്യമെന്നു പറയട്ടെ ആ കുഞ്ഞിന്റെ ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. സ്ഥാപിത താല്‍പര്യക്കാര്‍ കലക്കവെള്ളത്തില്‍ മീന്‍ പിടിക്കുന്നവര്‍ പല കഥകളും മെനഞ്ഞുണ്ടാക്കി. മസാലക്കഥകളില്‍ അഭിരമിക്കുന്നവര്‍ക്കായി മാധ്യമങ്ങള്‍ പൊടിപ്പും തൊങ്ങലും വച്ച് കഥകള്‍ എഴുതി. ചികിത്സ നിഷേധിച്ചു, അസുഖം കണ്ട് പിടിച്ചില്ല, വച്ചു താമസിപ്പിച്ചു, ന്യുറോ സര്‍ജന്‍ വന്നതേയില്ല, ന്യൂറോ സര്‍ജന്‍ ഉണ്ടായിരുന്നിട്ടും വന്നില്ല അങ്ങനെ എന്തൊക്കെ കഥകകള്‍.. ഗുരുതര പരിക്ക് തലക്കില്ലാഞ്ഞിട്ടും മറ്റ് സെപഷ്യലിസ്റ്റ് ഡോക്ടര്‍മാരെത്തുന്നതിനും മുന്നെ എത്തി ആ കുഞ്ഞിനെ കാണാനുള്ള അബോധമായ ഒരുള്‍പ്രേരണ ഒരു പക്ഷേ എന്റെ പതിനാലുകാരിയായ മകളും അതേ സ്‌കൂളില്‍ തന്നെ പഠിക്കുകയാണല്ലോ എന്നതാവാം. മാധ്യമങ്ങളില്‍ രാഷ്ട്രീയക്കാര്‍ കാര്യമറിയാതെ ഡോക്ടറെ ശിക്ഷിക്കണമെന്ന് കുരയ്ക്കുന്നത് കേട്ട് കണ്ണീരണിഞ്ഞ് മകള്‍ ചോദിക്കുന്നു അച്ഛാ അച്ഛനെന്തിങ്കിലും പറ്റുമോ? വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇന്ത്യന്‍ സേനയില്‍ ഡോക്ടറായി ജോലി നോക്കുമ്പോള്‍, സ്വന്തം പട്ടാളക്കാരെ കൊന്നു തള്ളിയ പാകിസ്ഥാനി ശത്രുവും മുറിവേറ്റ് വരുമ്പോള്‍ അവരെ ചികിത്സിക്കണമെന്ന് ശീലിച്ച ഒരു പഴയ പട്ടാളക്കാരന്റെ കണ്ണുകളും ഈറനണിയുന്നു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Lifestyle News അറിയൂ. Food and Recipes, Health News തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

click me!

Recommended Stories

ഈ അഞ്ച് പാനീയങ്ങൾ വൃക്കയിലെ കല്ലുകൾ തടയാൻ സഹായിക്കും
തണുപ്പുകാലത്ത് ഹൃദയസംബന്ധമായ പ്രശ്നങ്ങൾ തടയാൻ ആറ് വഴികൾ