ആരോഗ്യഭീഷണികളില്‍ കേരളം; പ്ലേഗ് ഉള്‍പ്പെടെയുള്ള രോഗങ്ങള്‍ക്ക് സാധ്യതയെന്ന് വിദഗ്ധര്‍

By Web TeamFirst Published Aug 24, 2018, 11:37 PM IST
Highlights

പ്രളയത്തില്‍ പെട്ട് കൂട്ടമായി ചത്തൊടുങ്ങിയ മൃഗങ്ങളുടെ ശരീരം ഇതിനോടകം അഴുകി വെള്ളവുമായി കലര്‍ന്നിട്ടുണ്ട്. ഇതാണ് ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് വഴിവെച്ചേക്കുകയെന്നാണ് ഡോക്ടര്‍മാര്‍ സൂചിപ്പിക്കുന്നത്
 

തിരുവനന്തപുരം: പ്രളയത്തെ തുടര്‍ന്ന് ആരോഗ്യഭീഷണികള്‍ വലയുകയാണ് സംസ്ഥാനം. ദുരിതാശ്വാസ ക്യാമ്പുകളിലും പുരത്തുമെല്ലാം രോഗഭീതിയാണ്. മലിനമായ ചുറ്റുപാടുകളും മലിനമായ വെള്ളവുമാണ് പ്രധാന വെല്ലുവിളിയുയര്‍ത്തുന്നത്. 

ഈ സാഹചര്യത്തിലാണ് ജാഗ്രതാനിര്‍ദേശവുമായി ഐ.എം.എ രംഗത്തെത്തിയിരിക്കുന്നത്. പ്ലേഗ് ഉള്‍പ്പെടെയുള്ള രോഗങ്ങള്‍ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. പ്രളയത്തില്‍ പെട്ട് കൂട്ടമായി ചത്തൊടുങ്ങിയ മൃഗങ്ങളുടെ ശരീരം ഇതിനോടകം അഴുകി വെള്ളവുമായി കലര്‍ന്നിട്ടുണ്ട്. ഇതാണ് ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് വഴിവെച്ചേക്കുകയെന്നാണ് ഡോക്ടര്‍മാര്‍ സൂചിപ്പിക്കുന്നത്. എത്രയും പെട്ടെന്ന് ചത്തൊടുങ്ങിയ മൃഗങ്ങളുടെ ശരീരം ശാസ്ത്രീയമായി സംസ്‌കരിക്കുന്നതിലൂടെ മാത്രമേ ഇതിന് പരിഹാരം കാണാനാകൂവെന്നും ഇവര്‍ ഓര്‍മ്മിപ്പിക്കുന്നു. 

പ്ലേഗിന് പുറമെ എലിപ്പനി, മഞ്ഞപ്പിത്തം, ടൈഫോയ്ഡ്, വയറിളക്കം തുടങ്ങിയ രോഗങ്ങള്‍ക്കും സാധ്യതയുണ്ട്. മലിനമായ വെള്ളം കുടിക്കാനുപയോഗിക്കുന്നതിലൂടെയാണ് മഞ്ഞപ്പിത്തം, ടൈഫോയ്ഡ് തുടങ്ങിയ അസുഖങ്ങള്‍ പിടിപെടുന്നത്. വീട്ടിലേക്ക് മടങ്ങുന്നവര്‍ വീട് വൃത്തിയാക്കാനും മറ്റും കെട്ടിക്കിടക്കുന്ന വെള്ളം ഉപയോഗിക്കുന്നതും രോഗഭീഷണി ഉയര്‍ത്തുന്നുണ്ടെന്ന് ആരോഗ്യ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
 

click me!