തണുപ്പുകാലത്തെ രോഗങ്ങളെ നേരിടാന്‍ ഇതാ അഞ്ച് ഭക്ഷണം...

By Web TeamFirst Published Nov 19, 2018, 6:18 PM IST
Highlights

പ്രധാനമായും രോഗ പ്രതിരോധശേഷി കുറയുന്നതിന്റെ ഭാഗമായാണ് ഇത്തരം അസുഖങ്ങള്‍ പിടിപെടുന്നത്. എന്നാല്‍ ഭക്ഷണകാര്യത്തില്‍ അല്‍പം ശ്രദ്ധ പുലര്‍ത്തുന്നതിലൂടെ ഈ പ്രശ്‌നങ്ങളെല്ലാം ഒരു പരിധി വരെ പരിഹരിക്കാവുന്നതേയുള്ളൂ

തണുപ്പുകാലമെത്തിയാല്‍ തുടങ്ങും പരാതികളുയരാന്‍. ജലദോഷം, ചുമ, കഫക്കെട്ട് അങ്ങനെ പോകും തണുപ്പുകാല രോഗങ്ങളുടെ പട്ടിക. പ്രധാനമായും രോഗ പ്രതിരോധശേഷി കുറയുന്നതിന്റെ ഭാഗമായാണ് ഇത്തരം അസുഖങ്ങള്‍ പിടിപെടുന്നത്. എന്നാല്‍ ഭക്ഷണകാര്യത്തില്‍ അല്‍പം ശ്രദ്ധ പുലര്‍ത്തുന്നതിലൂടെ ഈ പ്രശ്‌നങ്ങളെല്ലാം ഒരു പരിധി വരെ പരിഹരിക്കാവുന്നതേയുള്ളൂ. ഇതിനായി തണുപ്പുകാലത്ത് നിര്‍ബന്ധമായും കഴിക്കേണ്ട അഞ്ച് ഭക്ഷണങ്ങളേതെല്ലാം എന്ന് നോക്കാം...

ഒന്ന്...

ക്യാരറ്റാണ് തണുപ്പുകാലത്ത് നിര്‍ബന്ധമായും കഴിച്ചിരിക്കേണ്ട ഒരു ഭക്ഷണം. ബീറ്റ കരോട്ടിന്‍ കൊണ്ടും ധാരാളം ആന്റി ഓക്‌സിഡന്റുകള്‍ കൊണ്ടും സമ്പുഷ്ടമാണ് ക്യാരറ്റ്. 

ആരോഗ്യം സംരക്ഷിക്കുമെന്ന് മാത്രമല്ല, അമിതവണ്ണം തടയാനും ഒരുത്തമ മാര്‍ഗമാണ് ക്യാരറ്റ്. ക്യാരറ്റിലടങ്ങിയിരിക്കുന്ന ഫൈബറാണ് ഇതിന് സഹായിക്കുന്നത്. 

രണ്ട്...

മുട്ടയാണ് തണുപ്പുകാലരോഗങ്ങളെ നേരിടാന്‍ കഴിക്കാവുന്ന മറ്റൊരു ഭക്ഷണം. തണുപ്പിനെ ചെറുക്കാന്‍ ശരീരത്തിന് ചൂട് പകരുമെന്ന് മാത്രമല്ല, നമുക്കാവശ്യമായ പോഷകങ്ങളെല്ലാം ഒറ്റയടിക്ക് നല്‍കാനും മുട്ടയ്ക്ക് കഴിയും. 

പല രീതിയില്‍ പാകപ്പെടുത്തി, പല നേരങ്ങളിലായി ഭക്ഷണത്തോടൊപ്പമോ അല്ലാതെയോ കഴിക്കാമെങ്കിലും ബ്രേക്ക്ഫാസ്റ്റായി മുട്ട കഴിക്കുന്നതാണ് ഏറ്റവും നല്ലത്. 

മൂന്ന്...

തണുപ്പുകാലത്ത് ദഹനപ്രശ്‌നങ്ങളും രൂക്ഷമാകാന്‍ സാധ്യതകളേറെയാണ്. ഇതിനെ ചെറുക്കാന്‍ ദിവസവും അല്‍പം ഇഞ്ചി കഴിക്കുന്നത് വളരെ നല്ലതാണ്. സുഗമമായ ദഹനത്തിന് മാത്രമല്ല, പ്രതിരോധശേഷി ശക്തിപ്പെടുത്താനും ഇഞ്ചി ഏറെ സഹായകമാണ്. 

സാധാരണഗതിയില്‍ ഭക്ഷണം പാകം ചെയ്യുമ്പോഴാണ് നമ്മള്‍ ഇഞ്ചി ചേര്‍ക്കാറ്. എന്നാല്‍ വേവിക്കാതെ പച്ചയ്ക്ക് ഇഞ്ചിയുടെ ഗുണങ്ങള്‍ മുഴുവന്‍ കിട്ടുന്ന രീതിയില്‍ കഴിക്കുന്നതാണ് കുറച്ചുകൂടി നല്ലത്. ഇതിനായി ചായയിലോ സൂപ്പിലോ ഒക്കെ ഇഞ്ചി ചേര്‍ക്കാവുന്നതാണ്. 

നാല്...

ഇഞ്ചി പോലെ തന്നെ തണുപ്പുകാലത്തെ ആരോഗ്യപ്രശ്‌നങ്ങളെ നേരിടാന്‍ സഹായിക്കുന്ന ഒന്നാണ് വെളുത്തുള്ളി. വെളുത്തുള്ളിയും പരമാവധി പച്ചയ്ക്ക് കഴിക്കുന്നതാണ് നല്ലത്. രോഗ പ്രതിരോധശേഷി വര്‍ധിപ്പിക്കാനാണ് വെളുത്തുള്ളി പ്രധാനമായും സഹായകമാവുക. പ്രകൃതിദത്തമായ ആന്റിബയോട്ടിക്ക് എന്നാണ് വെളുത്തുള്ളിയെ വിശേഷിപ്പിക്കാറ് തന്നെ. 

മൂത്രാശയ സംബന്ധമായ പ്രശ്‌നങ്ങള്‍ക്കും, രക്തസമ്മര്‍ദ്ദത്തിലെ വ്യതിയാനത്തിനും, ശ്വാസകോശവുമായി ബന്ധപ്പെട്ട് ഉണ്ടാകുന്ന ബ്രോങ്കൈറ്റിസ്- ന്യുമോണിയ തുടങ്ങിയ രോഗങ്ങള്‍ക്കുമെല്ലാം ശമനം നല്‍കാന്‍ വെളുത്തുള്ളിക്കാവും. 

അഞ്ച്...

കറുവപ്പട്ടയാണ് തണുപ്പുകാലത്തെ പ്രതിരോധിക്കാന്‍ അടുക്കളയില്‍ കരുതാവുന്ന മറ്റൊരു മരുന്ന്. ധാരാളം കാത്സ്യവും ഇരുമ്പും അടങ്ങിയിട്ടുള്ളതിനാല്‍ ശരീരത്തിന് കരുത്തും ഊര്‍ജവുമേകാന്‍ കറുവപ്പട്ടയ്ക്കാവുന്നു. 

രക്തത്തിലെ ഹീമോഗ്ലോബിന്‍ വര്‍ധിപ്പിക്കാനും രക്തത്തിലെ പഞ്ചസാരയുടെ അളവ് തുലനപ്പെടുത്താനും കറുവപ്പട്ട സഹായിക്കുന്നു. കൂടാതെ പ്രതിരോധശേഷി ശക്തിപ്പെടുത്താനും ഇത് ഉപയോഗപ്രദമാണ്. ചായയിലോ കാപ്പിയിലോ മറ്റ് ഭക്ഷണങ്ങളിലോ ഒക്കെ ചേര്‍ത്ത് കഴിക്കാവുന്നതാണ്.

click me!