സൗന്ദര്യം മാത്രം മതിയോ?; സ്ത്രീകളെ ആകര്‍ഷിക്കുന്ന പുരുഷന്റെ നാല് സവിശേഷതകള്‍...

By Web TeamFirst Published Jan 17, 2019, 2:01 PM IST
Highlights

പുരുഷനോട് സ്ത്രീക്ക് ലൈംഗികമായി ആകര്‍ഷണം തോന്നണമെങ്കില്‍ ചില വ്യക്തിത്വ സവിശേഷതകള്‍ ആവശ്യമാണ് എന്നാണ് പഠനത്തിന്റെ കണ്ടെത്തല്‍. അത്തരത്തില്‍ പ്രധാനപ്പെട്ട നാല് സവിശേഷതകള്‍ ഏതെന്നും ഇവര്‍ വിശദീകരിക്കുന്നു

പരസ്പരം ആകര്‍ഷിക്കപ്പെടുന്ന സ്ത്രീക്കും പുരുഷനുമിടയില്‍ ആ ആകര്‍ഷണത്തിന് കാര്യമായ കാരണങ്ങള്‍ കാണും. അത് പലപ്പോഴും വ്യക്തികളുടെ കാഴ്ചപ്പാട് അനുസരിച്ചുമിരിക്കും. എങ്കിലും സ്ത്രീകളുടെ കാര്യത്തില്‍ മിക്കപ്പോഴും സൗന്ദര്യത്തിന്റെ അടിസ്ഥാനത്തിലായിരിക്കും മാര്‍ക്ക് ഇടല്‍. പുരുഷനാണെങ്കില്‍ സൗന്ദര്യം വേണ്ട, പകരം സ്വഭാവഗുണം മതിയെന്നാണ് വയ്പ്. 

എന്നാല്‍ പുതിയ കാലത്തെ പുരുഷന്മാരെ ഈ പഴഞ്ചൊല്ലും പറഞ്ഞിരിക്കാന്‍ കിട്ടില്ല. അവര്‍ സൗന്ദര്യബോധത്തിന്റെ കാര്യത്തില്‍ ഇപ്പോള്‍ സ്ത്രീകളെക്കാള്‍ മുന്നിലാണെന്നാണ് തോന്നുന്നത്. വസ്ത്രധാരണത്തിലായാലും മുഖം മിനുക്കുന്നതിലായാലും മുടിയും ചര്‍മ്മവും സംരക്ഷിക്കുന്നതിലായാലും സ്ത്രീകളോളമോ അല്ലെങ്കില്‍ അവരെക്കാളുമോ ആവേശം. സൗന്ദര്യം തന്നെയാണ് ആകര്‍ഷണത്തിന്റെ അടിസ്ഥാനമെന്ന് പുരുഷനും പറയാന്‍ തുടങ്ങിയിരിക്കുന്നു. 

അതേസമയം സൗന്ദര്യം മാത്രം പോര, പുരുഷന്റെ കാര്യത്തില്‍ സ്വഭാവവുമായി ബന്ധപ്പെട്ട് ചില സങ്കല്‍പങ്ങള്‍ സ്ത്രീക്കുണ്ട് എന്നത് സത്യമാണെന്നാണ് ഒരു പഠനം തെളിയിക്കുന്നത്. ഓസ്‌ട്രേലിയയിലെ ക്വീന്‍സ്‍ലാൻഡ് യൂണിവേഴ്‌സിറ്റി ഓഫ് ടെക്‌നോളജിയില്‍ നിന്നുള്ള ഒരു സംഘമാണ് ഇത്തരത്തിലൊരു പഠനം നടത്തിയത്. 

പുരുഷനോട് സ്ത്രീക്ക് ലൈംഗികമായി ആകര്‍ഷണം തോന്നണമെങ്കില്‍ ചില വ്യക്തിത്വ സവിശേഷതകള്‍ ആവശ്യമാണ് എന്നാണ് പഠനത്തിന്റെ കണ്ടെത്തല്‍. അത്തരത്തില്‍ പ്രധാനപ്പെട്ട നാല് സവിശേഷതകള്‍ ഏതെന്നും ഇവര്‍ വിശദീകരിക്കുന്നു. 

എപ്പോഴും പ്രസന്നതയോടെ കാണപ്പെടുകയെന്നതാണ് ഇതില്‍ ഒരു സവിശേഷത. ഏത് കാര്യത്തെയും ശുഭാപ്തി വിശ്വാസത്തോടെ കൈകാര്യം ചെയ്യാനുള്ള കഴിവ്. സന്തോഷത്തോടെ ജീവിതത്തെ സമീപിക്കാനുള്ള മനോഭാവം എന്നൊക്കെ പറയാം. 

തന്റെ സ്വഭാവത്തെയും വ്യക്തിത്വത്തെയും ഉള്‍ക്കൊള്ളും, അല്ലെങ്കില്‍ അതിനോട് ഐക്യപ്പെടുകയോ പൊരുത്തപ്പെടുകയോ ചെയ്യും എന്ന വിശ്വാസമാണ് രണ്ടാമത്തെ സവിശേഷത. തനിക്ക് ആ വ്യക്തിയില്‍ ഒരു സ്വീകാര്യത ലഭിക്കുമെന്ന ആത്മവിശ്വാസം കൂടി ഇത് അര്‍ത്ഥമാക്കുന്നുണ്ട്.

വൈകാരികമായി ശക്തമായി നില്‍ക്കാനുള്ള കഴിവാണ് മൂന്നാമത്തെ സവിശേഷതയായി കണ്ടെത്തിയത്. സ്ത്രീകള്‍ പൊതുവേ വൈകാരികമായി എളുപ്പത്തില്‍ മാറിമറിയാന്‍ സാധ്യതയുള്ളതിനാല്‍ ആയിരിക്കണം, ആ അവസ്ഥകളെ പിന്താങ്ങുന്ന ശക്തമായ സാന്നിധ്യം അവര്‍ ആഗ്രഹിക്കുന്നത്. 

തുറന്നതും സത്യസന്ധവുമായ പെരുമാറ്റമാണ് നാലാമതായി പുരുഷന്മാരോട് സ്ത്രീക്ക് ആകര്‍ഷണം തോന്നാന്‍ ഇടയാക്കുന്ന സവിശേഷതയത്രേ. വിശ്വസിക്കാന്‍ കഴിയുന്ന ആളെന്ന തോന്നലുണ്ടാകണം. അത്തരത്തിലുള്ള പരസ്പര വിശ്വാസവും രണ്ട് പേര്‍ തമ്മിലുള്ള ശാരീരിക ബന്ധത്തില്‍ വലിയ പങ്ക് വഹിക്കുന്നുവെന്നാണ് പഠനത്തിന്റെ കണ്ടെത്തല്‍. 

ഈ സവിശേഷതകളില്‍ എത്രയെണ്ണമുണ്ടോ അത്രയും ആകര്‍ഷണീയത ആ പുരുഷനുണ്ടായിരിക്കുമെന്നാണ് പഠനം വിലയിരുത്തുന്നത്. എന്നാല്‍ എല്ലാവരുടെയും കാര്യത്തില്‍ ഇത് ഒരുപോലെ ആയിരിക്കണമെന്നില്ലെന്നും ഇവര്‍ വ്യക്തമാക്കുന്നു. സ്ത്രീകളുടെ വ്യക്തിത്വത്തിന്റെ കാര്യം കണക്കിലെടുക്കുമ്പോള്‍ പുരുഷന്മാരുടേതില്‍ നിന്ന് വ്യത്യസ്തമായ സവിശേഷതകളായിരിക്കും ആകര്‍ഷണ കേന്ദ്രമായി പ്രവര്‍ത്തിക്കുകയെന്നും സംഘം ഓര്‍മ്മിപ്പിക്കുന്നു. 

click me!