പൂക്കൾ ചേർത്ത ചായ കുടിച്ചിട്ടുണ്ടോ ​? ഗുണങ്ങൾ ഏറെയാണ്​

By Anooja NazarudheenFirst Published Sep 24, 2017, 10:04 PM IST
Highlights

ചെറുനാരങ്ങയും ഇഞ്ചിയും ഏലവും മസാലയും ചേർത്ത വിവിധ തരം ചായ വൈവിധ്യങ്ങൾ നിങ്ങൾ രുചിച്ചിട്ടുണ്ടാകും. എന്നാൽ പൂക്കളും ഇലകളും ചേർത്ത ചായയുടെ രുചിയും ഗുണവും അറിഞ്ഞവർ ചുരുക്കമായിരിക്കും. കാലാവസ്​ഥ മാറ്റത്തിലൂടെ​ വന്നുചേരുന്ന പകർച്ചവ്യാധികൾ നമ്മുടെ ആരോഗ്യത്തെയും പ്രതിരോധശേഷിയെയും തകർക്കുന്നവയാണ്​. ഇവിടെയാണ്​ പൂക്കളിട്ട ചായയുടെ ശക്​തി അറിയാതെ പോകുന്നത്​. ഇന്ത്യൻ അടുക്കളകളിൽ പൂക്കളുടെ സാന്നിധ്യം ഏറെക്കാലമായുള്ളതാണ്​.

കാലാവസ്​ഥ മാറ്റത്തിനൊപ്പം പിടിപെടുന്ന ജലദോഷത്തിന്​ ജമന്തി പൂവിട്ട ചായ നിങ്ങൾ കുടിച്ചിട്ടുണ്ടോ. പൂക്കൾ ചേർക്കുന്നതിനൊപ്പം അൽപ്പം തേൻ ചേർത്ത ചായ കുടിച്ചവർ ചുരുക്കമായിരിക്കും. രുചി വൈവിധ്യങ്ങൾക്കപ്പുറം ഇവ രോഗപ്രതിരോധത്തിന്​ കൂടി വഴിയൊരുക്കുമെന്നാണ്​ പ്രമുഖ പോഷകാഹാര വിദഗ്​ദർ പറയുന്നത്​. ഭാരം കൂടുന്നത്​ തടയാനും ശരീരത്തിന്​ സ്വഭാവിക കാന്തി നൽകുന്നതിനും ഇവ സഹായിക്കുമെന്നാണ്​ വിദഗ്​ദർ പറയുന്നത്​. കാൻസറിനെ പ്രതിരോധിക്കാൻ ശേഷിയുള്ള ആൻറി ഒാക്​സിഡൻറൽ ഗുണങ്ങൾക്കൊപ്പം പൂജ്യം കലോറി എന്നിവ പൂക്കളിട്ട ചായയിൽ നിന്ന്​ ലഭിക്കുന്നു.

മുല്ലപ്പൂ സൗരഭ്യം മാത്രമല്ല

മുല്ലപ്പൂവി​ന്‍റെ പരിമളം ആഗ്രഹിക്കാത്തവർ ആരുമുണ്ടാകില്ല. എന്നാൽ ചായക്കൊപ്പം മുല്ലപ്പൂ ആയാൽ ഗുണങ്ങൾ പതിൻമടങ്ങാണ്​. ചൂടുവെള്ളത്തിൽ ടീ ബാഗിനൊപ്പം ചതച്ചെടുത്ത മൂല്ലപ്പൂവും കൂടെ ചേർത്ത്​ രണ്ട്​ മുതൽ നാല്​ മിനിറ്റ്​ വരെ വെക്കുക.  ആഗ്രഹിക്കുന്ന കടുപ്പമെത്തിയാൽ ഇവ മാറ്റുക. കൂടുതൽ നേരം ഇവ വെക്കുന്നത്​ ചവർപ്പിനിടയാക്കും.ശേഷം പഞ്ചസാര​യോ ​തേനോ ചേർത്ത്​ കഴിക്കുക. പാലും ചേർത്ത്​ കഴിക്കാം. മാനസിക പിരിമുറുക്കം കുറയ്​ക്കാനും രക്​ത സമ്മർദം ഉയരാതിരിക്കാനും ഇൗ മിശ്രിതം സഹായിക്കും.

കൊളസ്​ട്രോൾ നിയന്ത്രിക്കും ​പനിനീർ (റോസ്​)

റോസ്​ ചെടികൾ ഉൽപ്പാദിപ്പിക്കുന്ന വിത്ത്​ ഉൾപ്പെടുന്ന റോസ്​ ഹിപ്പ്​, ചെമ്പരത്തി എന്നിവയും ഏതാനും തേയിലയും അൽപ്പസമയം ചൂടുവെള്ളത്തിൽ ചേർത്തു കടുപ്പമാകു​​മ്പോള്‍ മാറ്റുക. ആവശ്യമായ മധുരവും ചേർത്ത്​ കഴിക്കുക. വിറ്റാമിൻ സി കൂടുതലായി ലഭിക്കാനും പ്രതിരോധ ശേഷി കൂട്ടാനും ഇത്​ സഹായിക്കും. മോശം കൊളസ്​ട്രോൾ നിയന്ത്രണത്തിനും രക്​തസമ്മർദം കുറക്കുന്നതിനും ഇത്​ സഹായിക്കുമെന്നാണ്​ പോഷകാഹാര വിദഗ്​ദർ പറയുന്നത്​.

ശരീര വടിവ്​ ചോരാതിരിക്കാൻ ശംഖുപുഷ്​പം

ചൂടുള്ള വെള്ളത്തിൽ ശംഖുപുഷ്​പവും അൽപ്പം ചെറുനാരങ്ങാനീരും മൂന്ന്​ മിനിറ്റ്​ നേരം ചേർത്തുവെക്കുക. പാനീയം പർപ്പിൾ നിറത്തിലേക്ക്​ മാറുന്നത്​ കാണാനാകും. ഹൈഡ്രജൻ പൊട്ടൻഷ്യൽ കാരണമാണ്​ ഇൗ നിറംമാറ്റം. നിറംമാറ്റം വന്നുകഴിഞ്ഞാൽ ആവശ്യമായ മധുരം ചേർത്തുകഴിക്കാം. ശരീരഭാരം അമിതമാകാതെയും കൊളസ്​ട്രോൾ നിയന്ത്രിക്കാനും ഇത്​ സഹായിക്കും. ആന്‍റി ഒാക്​സിഡന്‍റ്​ ഘടകങ്ങളും ഇതുവഴി ലഭിക്കും. പ്രതിദിനം രണ്ട്​ കപ്പ്​ വരെ ഇൗ പാനീയം ഉപയോഗിക്കാം.

വിഷാദമകറ്റും കര്‍പൂരവളളി

വെളളത്തില്‍ ഒരു നുളള് ഗ്രാമ്പുവും ഒരു സ്പൂൺ കര്‍പൂരവളളി തേയിലും ഇടുക. ശേഷം വെളളം നന്നായി തിളപ്പിക്കുക. ആവശ്യത്തിന് മധുരം ഇട്ട് ദിവസവും രണ്ട് നേരം കുടിക്കുക. ഇത് വിഷാദരോഗത്തിനെയും മാനസിക സംഘര്‍ഷത്തിനെയും  അകറ്റും. കൂടാതെ കരുത്തുറ്റ മുടി വളരാനും ഇത് സഹായിക്കും.

 

click me!