പല്ലുകളിലെ വെളുത്ത കുത്തുകളും കറയും ഒഴിവാക്കാം; വീട്ടില്‍ പരീക്ഷിക്കാവുന്ന ആറ് വഴികള്‍...

By Web TeamFirst Published Oct 30, 2018, 3:52 PM IST
Highlights

ഫ്‌ളൂറോസിസ് എന്ന അസുഖത്തിന്റെ ഭാഗമായി പല്ലിന്റെ ഇനാമലിന് തകരാര്‍ സംഭവിക്കുന്നത്, പല്ലുകള് വൃത്തിയായി സൂക്ഷിക്കാത്തത്, അസിഡിറ്റി, ധാതുക്കളുടെ കുറവ്, കാത്സ്യം പോലുള്ള പോഷകങ്ങളുടെ കുറവ്, അസിഡിക് ആയ ഭക്ഷണമോ പാനീയങ്ങളോ അമിതമായി കഴിക്കുന്നത്- ഇങ്ങനെ പല കാരണങ്ങള്‍ മൂലം പല്ലുകളില്‍ കുത്തുകള്‍ വീഴാം

ചിരി, ആത്മവിശ്വാസത്തിന്റെ ലക്ഷണമാണെന്ന് നമ്മള്‍ പറയാറില്ലേ. ആ ചിരിക്ക് ഒരു ഭംഗം സംഭവിച്ചാലോ! പല്ലുകളിലെ ഏത് തരം നിറം മാറ്റവും അത്തരത്തില്‍ ചിരിക്ക് ഭംഗം വരുത്തുന്നത് തന്നെയാണ്. പല്ലുകളിലെ കറ പോലെ തന്നെ പ്രധാനമാണ് പല്ലുകളില്‍ വരുന്ന വെളുത്ത കുത്തുകളും. ഇതും നിരനിരയായിരിക്കുന്ന പല്ലുകളുടെ മനോഹാരിതയെ മായ്ച്ചുകളയും. 

ഫ്‌ളൂറോസിസ് എന്ന അസുഖത്തിന്റെ ഭാഗമായി പല്ലിന്റെ ഇനാമലിന് തകരാര്‍ സംഭവിക്കുന്നത്, പല്ലുകള് വൃത്തിയായി സൂക്ഷിക്കാത്തത്, അസിഡിറ്റി, ധാതുക്കളുടെ കുറവ്, കാത്സ്യം പോലുള്ള പോഷകങ്ങളുടെ കുറവ്, അസിഡിക് ആയ ഭക്ഷണമോ പാനീയങ്ങളോ അമിതമായി കഴിക്കുന്നത്- ഇങ്ങനെ പല കാരണങ്ങള്‍ മൂലം പല്ലുകളില്‍ കുത്തുകള്‍ വീഴാം. 

ഡെന്റിസ്റ്റുകള്‍ ഇതിന് പല തരത്തിലുള്ള ചികിത്സകള്‍ നല്‍കാറുണ്ട്. എന്നാല്‍ മിക്കവാറും ചികിത്സകളും അല്‍പം ചിലവേറിയതാണ്. ഇത് പരിഹരിക്കാന്‍ വീട്ടില്‍ തന്നെ പരീക്ഷിക്കാവുന്ന ചില വഴികളുണ്ട്. അവയേതെല്ലാമെന്ന് നോക്കാം. 

ഒന്ന്...

ദിവസവും രണ്ട് നേരമെങ്കിലും പല്ല് ബ്രഷ് ചെയ്യുക എന്നതാണ് ആദ്യ പരിഹാരം. പല്ലുകളുടെ ശുചിത്വം ഉറപ്പുവരുത്താനാണിത്. പ്രത്യേകിച്ച് മധുരമുള്ള ആഹാരം കഴിച്ചുകഴിഞ്ഞാല്‍ പല്ല് നിര്‍ബന്ധമായും വൃത്തിയാക്കുക. വായ് എപ്പോഴും വൃത്തിയായി സൂക്ഷിക്കാന്‍ ആവശ്യമെങ്കില്‍ മൗത്ത് വാഷും ഉപയോഗിക്കാവുന്നതാണ്. 

രണ്ട്...

അസിഡിക് ആയ ഭക്ഷണവും പാനീയങ്ങളും കഴിക്കുന്നതില്‍ അല്‍പം നിയന്ത്രണം വയ്ക്കുക. അമിതമായി ഇത്തരം ഭക്ഷണങ്ങളും പാനീയങ്ങളും കഴിക്കുന്നത് പല്ലിന്റെ ഇനാമലിന് കേടുപാടുകള്‍ വരുത്തും. 

മൂന്ന്...

ഇടയ്ക്ക് വെളിച്ചെണ്ണ വായില്‍ കൊള്ളുന്നതും പല്ലിലെ വെളുത്ത കുത്തുകള്‍ ഒഴിവാക്കാന്‍ ഉപകരിക്കും. രണ്ട് സ്പൂണോളം വെളിച്ചെണ്ണ വായില്‍ നിറച്ച് നന്നായി എല്ലായിടത്തുമെത്തിച്ച് പത്ത് മിനുറ്റ് വരെ പിടിച്ചുവയ്ക്കുക. ശേഷം പച്ചവെള്ളം കൊണ്ട് വായ കഴുകാം. ബാക്ടീരിയയ്ക്കും ഫംഗസിനുമെതിരെ പൊരുതാനുള്ള വെളിച്ചെണ്ണയുടെ കഴിവാണ് ഇവിടെ പല്ലുകളെ കറകളില്‍ നിന്ന് സംരക്ഷിക്കുന്നത്. 

നാല്...

ചെറുനാരങ്ങ ഉപയോഗിച്ചും പല്ലിലെ വെളുത്ത കുത്തുകള്‍ ഇല്ലാതാക്കാം. ചെറുനാരങ്ങയുടെ അസിഡിക് സ്വഭാവമാണ് ഇതിന്  സഹായിക്കുന്നത്. ചെറുനാരങ്ങാനീരില്‍ അല്‍പം ഉപ്പ് ചേര്‍ത്ത് ഇത് പല്ലില്‍ നന്നായി തേക്കുക. രണ്ടോ മൂന്നോ മിനുറ്റ് തേച്ച ശേഷം വെള്ളമുപയോഗിച്ച് വായ് വൃത്തിയായി കഴുകുക. 

അഞ്ച്...

മഞ്ഞളാണ് ഈ പ്രശ്‌നത്തിനുള്ള മറ്റൊരു പരിഹാരം. പല്ലിലെ വെളുത്ത കുത്തുകള്‍ മാത്രമല്ല, മറ്റ് കറകള്‍ക്കും മികച്ച മരുന്നാണ് മഞ്ഞള്‍. അല്‍പം മഞ്ഞള്‍ പൊടി ഉപ്പ് ചേര്‍ത്ത് ചെറുനാരങ്ങാ നീരില്‍ ചാലിക്കുക. ഈ മിശ്രിതം കൊണ്ട് രണ്ടോ മൂന്നോ മിനുറ്റ് നേരം പല്ല് തേക്കുക. പിന്നീട് വെള്ളമുപയോഗിച്ച് വായ് കഴുകാം. 

ആറ്...

വിനാഗിരിയുപയോഗിച്ചും പല്ല് വൃത്തിയാക്കാവുന്നതാണ്. വിനാഗിരിയുടെയും അസിഡിക് സ്വഭാവമാണ് ഇതിന് സഹായിക്കുന്നത്. വിനാഗിരി അല്‍പം ബേക്കിംഗ് സോഡയുമായി ചേര്‍ത്ത് ഒരു മിശ്രിതമാക്കിയ ശേഷം ഇതുപയോഗിച്ച് പല്ല് തേക്കുക. ആഴ്ചയിലൊരിക്കലോ മറ്റോ മാത്രം ഇത് ചെയ്താല്‍ മതിയാകും.

click me!