
വീട്ടിൽ എപ്പോഴും വൃത്തിയുണ്ടായിരിക്കേണ്ട ഇടമാണ് അടുക്കള. എന്നാൽ തിരക്കുകൾക്കിടയിൽ എന്നും കഴുകി വൃത്തിയാക്കാൻ കഴിയാതെ പോകുന്നു. അഴുക്കും കറയും കൂടുതൽ ദിവസം പറ്റിയിരുന്നാൽ പിന്നീട് വൃത്തിയാക്കാൻ ബുദ്ധിമുട്ടാകുന്നു. ഇത് കഴുകി വൃത്തിയാക്കാൻ നമ്മൾ പലതരം ക്ലീനറുകൾ ഉപയോഗിക്കാറുണ്ട്. എന്നാൽ ഇവയിൽ രാസവസ്തുക്കൾ അടങ്ങിയിട്ടുള്ളതുകൊണ്ട് തന്നെ ഇത് ഉപയോഗിക്കുന്നത് സുരക്ഷിതമല്ല. അടുക്കളയിൽ നമ്മൾ സ്ഥിരം ഉപയോഗിക്കുന്ന വസ്തുക്കൾ ഉപയോഗിച്ച് തന്നെ വൃത്തിയാക്കാൻ സാധിക്കും. ഇങ്ങനെ ചെയ്താൽ മതി.
നല്ല ഗുണമേന്മയുള്ള ഡിഷ് വാഷ് ലിക്വിഡ് ഉപയോഗിച്ച് അടുക്കള പ്രതലങ്ങൾ വൃത്തിയാക്കാൻ സാധിക്കും. വാഷ് ലിക്വിഡ് ചെറുചൂട് വെള്ളത്തിൽ കലർത്തിയതിന് ശേഷം കറയുള്ള ഭാഗങ്ങൾ നന്നായി തുടച്ചെടുത്താൽ മതി.
വിനാഗിരി ഉപയോഗിച്ചും എളുപ്പം വൃത്തിയാക്കാൻ സാധിക്കും. ഏതു കഠിന കറയേയും നീക്കം ചെയ്യാൻ ഇതുമതി. വിനാഗിരിയുടെ അസിഡിറ്റി അത്രയും ശക്തിയുള്ളതാണ്. വെള്ളത്തിൽ കുറച്ച് വിനാഗിരി ചേർത്തതിന് ശേഷം വൃത്തിയാക്കാനുള്ള ഭാഗങ്ങൾ നന്നായി തുടച്ചെടുത്താൽ മതി.
ബേക്കിംഗ് സോഡ
ബേക്കിംഗ് സോഡ ഉപയോഗിച്ചും അടുക്കള പ്രതലങ്ങൾ എളുപ്പത്തിൽ വൃത്തിയാക്കാൻ സാധിക്കും. ഇത് വെള്ളത്തിൽ ചേർത്ത് കുഴമ്പ് പോലെയാക്കണം. ശേഷം കറപിടിച്ച ഭാഗങ്ങളിൽ നന്നായി തേച്ചുപിടിപ്പിക്കാം. അതുകഴിഞ്ഞ് സ്പോഞ്ച് ഉപയോഗിച്ച് നന്നായി ഉരച്ച് കഴുകിയാൽ മതി.
മൈക്രോഫൈബർ തുണി ഉപയോഗിക്കാം
മികച്ച ക്ലീനറുകൾ ഉപയോഗിച്ചതുകൊണ്ട് മാത്രം കാര്യമില്ല. വൃത്തിയാക്കാൻ ഉപയോഗിക്കുന്ന വസ്തുക്കളും ഇതിൽ പ്രധാന പങ്കുവഹിക്കുന്നുണ്ട്. മൈക്രോഫൈബർ തുണി ഉപയോഗിച്ച് വൃത്തിയാക്കുന്നതാണ് ഉചിതം. ഇതിന് പൊടിപടലങ്ങൾ, എണ്ണമയം, അണുക്കൾ എന്നിവയെ എളുപ്പത്തിൽ നീക്കം ചെയ്യാൻ സാധിക്കും.