
അക്വേറിയം പോലെ തന്നെയാണ് ടെറേറിയവും മീനുകൾക്ക് പകരം ചെടിയാണെന്നതാണ് ഇതിന്റെ പ്രത്യേകത. ചെറുതോ വലുതോ ആയ ഒരു ഗ്ലാസ് കണ്ടെയ്നറിൽ ടെറേറിയം ഒരുക്കാൻ സാധിക്കും. ഒരു ചെടിയോ അല്ലെങ്കിൽ പലതരം ചെടികളോ വിവിധ തട്ടുകളിലാക്കി ടെറേറിയം മിനി ഗാർഡൻ ഉണ്ടാക്കാൻ കഴിയും. എന്നാൽ ഇതിന് അക്വേറിയങ്ങളിൽ ഉള്ളതുപോലെ വെള്ളത്തിന്റെ ആവശ്യം വരുന്നില്ല. ചെടികൾ വെച്ചുപിടിപ്പിക്കുന്ന മണ്ണിൽ അല്പം വെള്ളത്തിന്റെ നനവ് മാത്രം മതി.
കാഴ്ചയിൽ ഇത് മിനി ഗാർഡൻ പോലെയോ അല്ലെങ്കിൽ ചെറിയൊരു കാടുപോലെയോ ആണ് ഉണ്ടാവുക. ടെറേറിയം ഉണ്ടാക്കാൻ വളരെ എളുപ്പമാണ്. യൂറോപ്യൻ രാജ്യങ്ങളിൽ നിന്നുമാണ് ടെറേറിയം മിനി ഗാർഡന്റെ ആശയം വന്നിരിക്കുന്നത്. രണ്ട് തരം രീതിയിലാണ് ടെറേറിയമുള്ളത്. ഒന്ന് ഗ്ലാസ് കണ്ടെയ്നർ മൂടിവെക്കുന്ന രീതിയും മറ്റൊന്ന് പാതി തുറന്ന രീതിയും. മൂടിവച്ച ടെറേറിയങ്ങളിൽ ചൂട് തങ്ങിനിൽക്കാൻ സാധ്യതയുള്ളതുകൊണ്ട് തന്നെ ചൂട് പ്രശ്നമില്ലാത്ത ചെടികൾ വേണം വളർത്തേണ്ടത്.
ടെറേറിയതിന്റെ ഗുണങ്ങൾ
1. വായുഗുണ നിലവാരത്തെ ഉയർത്താൻ സഹായിക്കുന്നവയാണ് ടെറേറിയം. ഇത് പുറത്തുള്ള കാർബൺ ഡയോക്സൈഡിനെ വലിച്ചെടുക്കുകയും ഓക്സിജനെ പുറത്ത് വിടുകയും ചെയ്യും.
2. ഇത് വീടിനുള്ളിൽ വളർത്തിയാൽ വായുമലിനീകരണവും, അലർജിയുണ്ടാകുന്നതും തടയും.
3. വായു മലിനീകരണം ഉണ്ടാകാൻ സാധ്യതയുള്ള നഗര പ്രദേശങ്ങളിൽ വളർത്തുന്നതാണ് കൂടുതൽ ഉപയോഗപ്രദം.
4. ടെറേറിയങ്ങൾക്ക് വെള്ളം ഒഴിച്ചുകൊടുക്കേണ്ട ആവശ്യം വരുന്നില്ല. അവയ്ക്ക് ആവശ്യമായതെന്തും സ്വന്തമായി ചെയ്യാൻ പ്രാപ്ത്തരാണ്.
5. പലതരത്തിലാണ് ടെറേറിയം കണ്ടെയ്നറുകളുടെ ഡിസൈൻ വരുന്നത്. അതുകൊണ്ട് തന്നെ നല്ലൊരു ഏസ്തെറ്റിക്ക് ലുക്ക് നൽകുകയും ചെയ്യുന്നു.
6. ബേർഡ്‌സ് നെസ്റ്റ്, മെയ്ഡൻ ഹെയർ, ബട്ടൺ ഫേൺ, സ ക്കുലന്റ് പ്ലാന്റുകൾ, പോത്തോസ്, സിങ്കോണിയം, പെപ്പറോമിയ, ഫിറ്റോണിയ, മോസ്, ആഫ്രിക്കൻ വയലറ്റ്, കള്ളിച്ചെടികൾ, ലിംനോഫില്ല, പൈലിയ തുടങ്ങിയ ചെടികൾ ടെറേറിയത്തിൽ വളർത്താവുന്നതാണ്.
ടെറേറിയം കണ്ടെയ്നർ
പലനിറത്തിലുള്ള ഉരുളൻകല്ലുകളും മണലും തുടങ്ങി അക്വേറിയത്തിൽ ഇടുന്ന പോലുള്ള സാധനങ്ങൾ ടെറേറിയത്തിലും ഇടാൻ സാധിക്കും. ഇത് ടെറേറിയത്തിന്റെ ഭംഗി കൂട്ടും. ചെടികൾ നടുമ്പോൾ വളങ്ങൾ ചേർത്തുണ്ടാക്കിയ മണ്ണ് മിശ്രിതം ഉപയോഗിക്കണം. ചെടിയുടെ നീളമനുസരിച്ച് കണ്ടെയ്നറുകൾ തെരഞ്ഞെടുക്കാം. സാധാരണ ഗാർഡനുകളിൽ ചെടികൾ സൂക്ഷിക്കുന്നതുപോലെ തന്നെ ടെറേറിയത്തിൽ വളരുന്ന ചെടികളേയും പരിപാലിക്കേണ്ടതുണ്ട്. കണ്ടെയ്നർ എപ്പോഴും വൃത്തിയാക്കി സൂക്ഷിക്കണം. ഗ്ലാസ് കണ്ടെയ്നർ പൊട്ടിപോകാൻ സാധ്യത ഉള്ളതുകൊണ്ട് ശ്രദ്ധയോടെ വേണം ഉപയോഗിക്കേണ്ടത്.
ഏത് പഴയ വീടും പുതിയതാക്കാം; ഈ നിറങ്ങൾ നൽകൂ