ഹാര്‍ട്ട് അറ്റാക്ക് തടയാന്‍ കൊളസ്‌ട്രോള്‍ കൂട്ടണം!

Web Desk |  
Published : Aug 22, 2017, 01:00 PM ISTUpdated : Oct 04, 2018, 06:47 PM IST
ഹാര്‍ട്ട് അറ്റാക്ക് തടയാന്‍ കൊളസ്‌ട്രോള്‍ കൂട്ടണം!

Synopsis

തലവാചകം വായിച്ച് അമ്പരപ്പെടേണ്ട. കൊളസ്‌‌ട്രോള്‍ രണ്ടുതരമുണ്ട്. നല്ല കൊളസ്‌ട്രോളും ചീത്ത കൊളസ്‌ട്രോളും. ചീത്ത കൊളസ്‌ട്രോള്‍ കൂടുമ്പോഴാണ് ഹൃദയാരോഗ്യം അപകടകരമാകുന്നത്. എന്നാല്‍ നല്ല കൊളസ്‌ട്രോള്‍ അഥവാ എച്ച് ഡി എല്‍ കൂട്ടിയാലോ? തീര്‍ച്ചയായും ഹൃദയാഘാതം തടയാനാകുമെന്നാണ് ഡോക്‌ടര്‍മാര്‍ പറയുന്നത്. കൂടാതെ കരളിന്റെ ആരോഗ്യത്തിനും നല്ല കൊളസ്‌ട്രോള്‍ ഉത്തമമാണ്. അതുകൊണ്ടുതന്നെ ചീത്ത കൊളസ്ട്രോള്‍ കുറയ്‌ക്കുന്നതിനേക്കാള്‍, നല്ല കൊളസ്‌‌ട്രോള്‍ കൂട്ടുന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം.

ഇനി നല്ല കൊളസ്‌ട്രോള്‍ എങ്ങനെ വര്‍ദ്ധിപ്പിക്കാമെന്ന് നോക്കാം. വിവിധതരം പരിപ്പുകള്‍(കശുവണ്ടി, ബദാം, വാല്‍നട്ട്, പിസ്‌ത)നിത്യേനയുള്ള ഭക്ഷണക്രമത്തില്‍ ഇവ ഉള്‍പ്പെടുത്തുക. ഇതില്‍ ഏറ്റവും പ്രധാനപ്പെട്ടത് വാല്‍നട്ട് ആണ്. നട്ട്സ് രാവിലെ കഴിക്കുന്നതാണ് ഏറ്റവും ഉത്തമം.

നല്ല കൊളസ്‌ട്രോള്‍ ഉയര്‍ത്തി, ഹൃദ്രോഗം ചെറുക്കാന്‍ ഒമേഗാ ത്രീ ഫാറ്റി ആസിഡ് അടങ്ങിയ മല്‍സ്യം(മത്തി, ചൂര, അയല) ശീലമാക്കുക. എന്നാല്‍ മല്‍സ്യം പൊരിച്ചല്ല, കറിവെച്ചാണ് കഴിക്കേണ്ടത്. പൊരിച്ച് കഴിക്കുന്നത് ഗുണത്തേക്കാളേറെ ദോഷമാകും വരുത്തിവെയ്‌ക്കുക. മേല്‍പ്പറഞ്ഞ മൂന്നുതരം മല്‍സ്യങ്ങളിലാണ് നല്ല കൊളസ്‌ട്രോള്‍ ഉയര്‍ത്താന്‍ സഹായിക്കുന്ന ഒമേഗ ത്രീ ഫാറ്റി ആസിഡ് അമിതമായി ഉള്ളത്. നെയ്‌മീന്‍ പോലെയുള്ള വിലയേറിയ മല്‍സ്യങ്ങള്‍ നല്ല രുചികരമാണെങ്കിലും, ഹൃദയാരോഗ്യത്തിന് അത്ര നല്ലതല്ല.  മല്‍സ്യം കഴിക്കാത്തവരാണെങ്കില്‍ നിര്‍ബന്ധമായും മീന്‍എണ്ണ അടങ്ങിയ ഗുളിക കഴിക്കാന്‍ വിട്ടുപോകരുത്.

ചീത്ത കൊളസ്ട്രോള്‍ കുറയ്‌ക്കാനും നല്ല കൊളസ്‌ട്രോള്‍ കൂട്ടുന്നതിനുമായി എണ്ണ ഒഴിവാക്കേണ്ടതില്ല. പകരം എണ്ണയുടെ അളവ് കുറയ്‌ക്കണം. ഒരേ എണ്ണ ഉപയോഗിക്കുന്നതിന് പകരം വെളിച്ചെണ്ണ, ഒലിവ് എണ്ണ, സണ്‍ഫ്ലവര്‍ എണ്ണ എന്നിവ മാറി മാറി ഉപയോഗിക്കുക. ഇതില്‍ ഒലിവ് എണ്ണയുടെ ഉപയോഗം നല്ല കൊളസ്‌ട്രോള്‍ നന്നായി വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കും. എണ്ണ ഉപയോഗിക്കുമ്പോള്‍, അധികം ചൂടാകാതിരിക്കാന്‍ ശ്രദ്ധിക്കുക. ഒലിവ് എണ്ണ വഴി, നല്ല കൊളസ്‌ട്രോള്‍ കൂട്ടണമെന്നുള്ളവര്‍, സാലഡിനൊപ്പം ചൂടാക്കാതെ ഒരു സ്പൂണ്‍ ചേര്‍ത്ത് കഴിക്കുക. അതുപോലെ ഒരുകാരണവശാലും ഒരേ എണ്ണയില്‍ വിവിധ ഭക്ഷണങ്ങള്‍ പാകം ചെയ്യരുത്. ഇത് കൊളസ്‌ട്രോള്‍ പ്രശ്നം മാത്രമല്ല, ക്യാന്‍സറിനും കാരണമാകും.

മലയാളികളുടെ ഭക്ഷണ ശീലത്തില്‍ ഏറ്റവും പ്രധാനം വറുത്തരച്ച കറികളാണ്. എന്നാല്‍ നല്ല കൊളസ്‌ട്രോള്‍ ഉയര്‍ന്ന് നില്‍ക്കാന്‍ തേങ്ങ അരച്ചുള്ള കറികള്‍ പരമാവധി കുറയ്‌ക്കണം. തേങ്ങ വറുത്തരച്ച് ഉപയോഗിക്കുന്നത് ചീത്ത കൊളസ്‌ട്രോള്‍ ഉയര്‍ത്തുമെന്ന് മാത്രമല്ല, കരളിന്റെ ആരോഗ്യത്തിന് ദോഷകരവും അസിഡിറ്റി വര്‍ദ്ധിക്കാനും കാരണമാകും.

ശരീരത്തിലെ ചീത്ത കൊളസ്‌ട്രോളും ട്രൈ ഗ്ലിസറൈഡും കുറയ്‌ക്കുന്നതിനും നല്ല കൊളസ്‌ട്രോള്‍ നില ഉയര്‍ത്തുന്നതിനും ഇലക്കറികള്‍ക്കും പഴവര്‍ഗങ്ങള്‍ക്കും നല്ല പങ്കുണ്ട്. ആമാശയവും, കുടലും എപ്പോഴും വൃത്തിയാക്കി, അവിടെയുള്ള ചീത്ത കൊളസ്‌ട്രോള്‍ ശരീരത്തിലേക്ക് ആഗിരണം ചെയ്യപ്പെടുന്നത് ഇലക്കറികളും പഴവര്‍ഗങ്ങളും ചെറുക്കുന്നു. ഇതേ ഗുണം ഓട്ട്സ് കഴിക്കുന്നര്‍ക്കും ലഭിക്കും.

കടപ്പാട് - ഡോ. രാജേഷ് കുമാര്‍, തിരുവനന്തപുരം

വീഡിയോ കാണാം...

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Lifestyle News അറിയൂ. Food and Recipes, Health News തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

click me!

Recommended Stories

ദിവസവും പഴം കഴിക്കുന്നത് ഈ ആരോഗ്യ പ്രശ്നങ്ങൾ ഇല്ലാതാക്കാൻ സഹായിക്കുന്നു
വീട്ടിൽ നിർബന്ധമായും വളർത്തേണ്ട 7 ആയുർവേദ ചെടികൾ ഇതാണ്