വൃത്തിയായി കൈ കഴുകിയില്ലെങ്കില്‍ കണ്ണടിച്ച് പോകും!

By Web TeamFirst Published Oct 15, 2018, 5:17 PM IST
Highlights

ഇന്ന് ലോക കൈ കഴുകൽ ദിനമാണ്. കൈകൾ വൃത്തിയായി സൂക്ഷിക്കാതിരിക്കുന്നത് പല അസുഖങ്ങൾക്കാണ് കാരണമാകുന്നത്. എന്നാൽ ഇത് ആദ്യം ബാധിക്കുന്ന ഒരവയവമാണ് കണ്ണ്. എങ്ങനെയെന്നല്ലേ?

വ്യക്തി ശുചിത്വത്തിന്റെ ഏറ്റവും അടിസ്ഥാന കാര്യങ്ങളില്‍ പെട്ട ഒന്നാണ് കൈ കഴുകല്‍. പല അസുഖങ്ങളുടെയും ഉറവിടം തേടിച്ചെന്നാല്‍ നമ്മളെത്തുക കൈവിരലുകളിലോ നഖങ്ങളിലോ ഒക്കെയാകും. കണ്ണില്‍ കാണാന്‍ കഴിയാത്ത കീടങ്ങളും അണുക്കളുമെല്ലാം കൈകളില്‍ നിന്ന് ഭക്ഷണം വഴിയും വെള്ളം വഴിയും തൊലിയിലൂടെയുമൊക്കെ ശരീരത്തിനകത്തെത്തുന്നു. പിന്നെയുണ്ടാകുന്നത് പറയേണ്ടതില്ലല്ലോ!

എന്നാല്‍ കൈ കഴുകുന്നതും കണ്ണിന്റെ ആരോഗ്യവും തമ്മില്‍ എന്താണ് ബന്ധം? കുട്ടികളോട് വൃത്തിയില്‍ കൈ കഴുകണമെന്ന് പറയുന്ന കൂട്ടത്തില്‍ ഇനി കണ്ണിന്റെ കാര്യവും പ്രത്യേകിച്ച് എടുത്ത് പറയണം. കാരണം ഇതാണ്...

കൈ കഴുകുന്നതും കണ്ണും തമ്മിലുള്ള ബന്ധം...

നമ്മള്‍ പോകുന്നയിടങ്ങളില്‍ നിന്നെല്ലാം നമ്മുടെ ശരീരത്തിലേക്ക് പല തരത്തിലുള്ള അണുക്കളെത്താനുള്ള സാധ്യതകളുണ്ട്. ഇത് പല തരത്തിലുള്ള ആരോഗ്യപ്രശ്‌നങ്ങളാണ് ഉണ്ടാക്കുക. കാലുകളെക്കാള്‍ കൂടുതല്‍ കൈകളാണ് ഇക്കാര്യത്തില്‍ നമ്മളെ ചതിക്കാറ്. 

അണുക്കള്‍ കയറിയിരിക്കുന്ന വിരലുകള്‍ കൊണ്ട് നമ്മള്‍ കണ്ണുകള്‍ തിരുമ്മും. കണ്ണുകളമര്‍ത്തി തിരുമ്മുമ്പോള്‍ തീര്‍ച്ചയായും ഈ അണുക്കള്‍ കണ്ണിലേക്കും പടരും. ബാക്ടീരിയകളുണ്ടാക്കുന്ന 'ട്രാക്കോമ' അല്ലെങ്കില്‍ 'പിങ്ക് ഐ' ആണ് ഇത്തരത്തില്‍ കണ്ണിനെ ബാധിക്കുന്ന പ്രധാന പ്രശ്‌നം. കണ്ണെരിച്ചിലും, ചൊറിച്ചിലും, വെളിച്ചത്തിനോടുള്ള അസ്വസ്ഥതയും, വീക്കവും, കലക്കവുമൊക്കെയാണ് ഇതിന്റെ പ്രധാന ലക്ഷണങ്ങള്‍. 

സ്ഥിരമായി കണ്ണില്‍ അണുക്കളെത്തുന്നത് ക്രമേണ കാഴ്ചയെ തന്നെ സാരമായി ബാധിച്ചേക്കും. മറ്റ് അവയവങ്ങളില്‍ നിന്ന് വ്യത്യസ്തായി പെട്ടെന്ന് ബാധിക്കുകയും, പരിഹരിക്കാന്‍ ബുദ്ധിമുട്ടുള്ളതുമായ പ്രശ്‌നങ്ങളാണ് കണ്ണിനെ ബാധിക്കുക. അതിനാല്‍ തന്നെ, കണ്ണിന്റെ ആരോഗ്യത്തിന് വളരെ പ്രധാനമാണ് കൈകളുടെ ശുചിത്വവും. 

എപ്പോഴൊക്കെയാണ് കൈ കഴുകേണ്ടത്?

ദിവസത്തില്‍ പല തവണ നമ്മള്‍ കൈകള്‍ കഴുകാറുണ്ട്. എങ്കിലും കൃത്യമായും നിര്‍ബന്ധമായും കൈ കഴുകേണ്ട സാഹചര്യങ്ങളുണ്ട്. അവയേതെല്ലാമെന്ന് നോക്കാം...

1. ടോയ്‌ലറ്റില്‍ പോയി വന്ന ശേഷം.
2. യാത്രയ്ക്ക് ശേഷം.
3. ഭക്ഷണത്തിന് മുമ്പ്.
4. പാചകം ചെയ്യുന്നതിന് മുമ്പ്.
5. വളര്‍ത്തുമൃഗങ്ങളെ തൊട്ടതിനോ ഭക്ഷണം നല്‍കിയതിനോ ശേഷം.
6. ആശുപത്രിയില്‍ പോയിവന്നാല്‍.
7. മുറിവോ ചതവോ ഉണ്ടായാല്‍.
8. പച്ചമാംസം, മത്സ്യം തുടങ്ങിയ പാകം ചെയ്യാത്ത ഭക്ഷണം കൈകാര്യം ചെയ്ത ശേഷം.
9. ഭക്ഷണാവശിഷ്ടമോ മറ്റ് വെയ്‌സ്റ്റുകളോ മാറ്റിയ ശേഷം.
10. കൈകളില്‍ മണ്ണോ അഴുക്കോ പറ്റിയാല്‍.
 

click me!