പ്രിയപ്പെട്ട വളർത്തു നായകൾക്ക് 'എസി മുറി'; 34,465 യൂണിറ്റ് വൈദ്യുതി മോഷ്‌ടിച്ച് ഉടമ, ഒടുവിൽ 7 ലക്ഷം രൂപ പിഴ!

By Web TeamFirst Published Mar 8, 2020, 6:43 PM IST
Highlights

ആമീർ എന്ന യുവാവാണ് തന്റെ പ്രിയപ്പെട്ട നായകൾക്ക് വിശ്രമിക്കാൻ എസി മുറി ഒരുക്കിയത്. വീട്ടിലെ മൂന്ന് നായ്‌ക്കളുടെ സുഖവാസത്തിനായി 34,465 യൂണിറ്റ് വൈദ്യുതിയാണ് അമീർ മോഷ്‌ടിച്ചതെന്നാണ് അധികൃതർ പറയുന്നത്.

മുംബൈ: വളർത്തു മൃ​ഗങ്ങളെ എല്ലാവർക്കും ഏറെ ‌ഇഷ്ടമാണ്. കൂടുതൽ പേരും അവയെ പരിചരിക്കാനാകും സമയം ചിലവിടുക. പ്രിയപ്പെട്ട മൃ​ഗങ്ങൾക്ക് വേണ്ടി വസ്ത്രങ്ങൾ, കളിപ്പാട്ടങ്ങൾ, വണ്ടി തുടങ്ങി നിരവധി സാധനങ്ങൾ വാങ്ങികൊടുക്കാനും ഭൂരിഭാ​ഗം പേരും ശ്രമിക്കാറുണ്ട്. എന്നാൽ, തന്റെ വളർത്ത് നായകൾക്ക് എസി മുറി ഒരുക്കാൻ വൈദ്യുതി മോഷ്ടിച്ച നവി മുംബൈ സ്വദേശിയുടെ വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്.

ആമീർ എന്ന യുവാവാണ് തന്റെ പ്രിയപ്പെട്ട നായകൾക്ക് വിശ്രമിക്കാൻ എസി മുറി ഒരുക്കിയത്. വീട്ടിലെ മൂന്ന് നായ്‌ക്കളുടെ സുഖവാസത്തിനായി 34,465 യൂണിറ്റ് വൈദ്യുതിയാണ് അമീർ മോഷ്‌ടിച്ചതെന്നാണ് അധികൃതർ പറയുന്നത്. ഇതിലൂടെ 7 ലക്ഷം രൂപ പിഴയാണ് അമീറിന് ഏർപ്പെടുത്തിയിരിക്കുന്നത്. 

അമീറിനെതിരെ കേസ് നടപടികൾ സ്വീകരിച്ചിട്ടില്ലെന്നും പിഴ ഏർപ്പെടുത്തുക മാത്രമാണ് ചെയ്തതെന്നും അധികൃതർ വ്യക്തമാക്കി. താൻ വൈദ്യുതി മോഷ്‌ടിച്ചെന്ന് അമീറും സമ്മതിച്ച‍ിട്ടുണ്ട്.

"മൂന്ന് നായ്‌ക്കളാണ് ഉള്ളത്. ഇതിൽ ഗോൾഡൻ റിട്രീവർ എന്ന നായ്‌ക്കുട്ടിക്ക് നാട്ടിലെ ചൂട് താങ്ങാൻ കഴിയില്ല. അതുകൊണ്ട് എസി മുറി തയ്യാറാക്കേണ്ടി വന്നു. ഇതേത്തുടർന്നാണ് വൈദ്യുതി മോഷ്‌ടിച്ചത്,"അമീർ പറഞ്ഞു. അമീർ എങ്ങനെയാണ് വൈദ്യുതി മോഷ്‌ടിച്ചതെന്ന് വ്യക്തമായിട്ടില്ല. 

താമസസ്ഥലത്തിനോട് ചേർന്നുള്ള ക്യാബിനിൽ നിന്നും അമീർ രഹസ്യമായി നേരിട്ട് കണക്ഷൻ ലഭിച്ചിട്ടുണ്ടെന്ന് ഉദ്യോഗസ്ഥർ കണ്ടെത്തി. ഈ കണക്ഷൻ നിയമപരമായിട്ടുള്ളതല്ലെന്നും എക്‌സിക്യൂട്ടീവ് എഞ്ചിനിയറിൻ്റെ നേതൃത്വത്തിലുള്ള സംഘം നടത്തിയ പരിശോധനയിൽ കണ്ടെത്തി.

click me!