കുരങ്ങുകളെ പേടിച്ച് ഷിംല; ഈ വര്‍ഷം കടിയേറ്റത് 900 പേര്‍ക്ക്

By Web DeskFirst Published Jul 9, 2018, 12:04 PM IST
Highlights
  • 2014 മുതല്‍ മാത്രം കടിയേറ്റത് ആറായിരത്തോളം പേര്‍ക്ക്
  • ടൂറിസം മേഖലയേയും പ്രതികൂലമായി ബാധിക്കുന്നു

ഷിംല: കുരങ്ങുകള്‍ മനുഷ്യരെ ഉപദ്രവിക്കുന്നത് അത്ര അസാധാരണ സംഭവമല്ല. ഭക്ഷണമോ മറ്റന്തെങ്കിലും വസ്തുക്കളോ തട്ടിയെടുക്കാന്‍ ഓടി വരുന്നതൊഴിച്ചാല്‍ കുരങ്ങുകളെക്കൊണ്ട് പൊതുവേ മറ്റ് ശല്യങ്ങളുണ്ടാകാറുമില്ല. എന്നാല്‍ കുരങ്ങുകള്‍ വ്യാപകമായി കടിക്കാന്‍ തുടങ്ങിയതോടെ ഭീതിയിലായിപ്പോയിരിക്കുകയാണ് ഷിംലയിപ്പോള്‍. 

വീട്ടുമുറ്റത്ത് പന്ത് തട്ടി കളിച്ചുകൊണ്ടിരിക്കേ കുരങ്ങ് കടിയേറ്റ് രണ്ടര വയസ്സുകാരന്റെ കേസ് ഏറ്റവും ഒടുവലിത്തേത് മാത്രം. ഈ വര്‍ഷം മാത്രം 900ത്തോളം കേസുകളാണ് ഷിംലയിലെ ആശുപത്രികളില്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. പ്രദേശത്തെ ആശുപത്രികളിലെ കണക്കുകള്‍ സൂചിപ്പിക്കുന്നത് ദിവസവും മൂന്നോ നാലോ പേര്‍ക്കെങ്കിലും ഇവിടെ കുരങ്ങുകടി കിട്ടുന്നുണ്ട്. 

വര്‍ഷങ്ങളായി ഷിംലയില്‍ ഇതേ പ്രശ്‌നം റിപ്പോര്‍ട്ട് ചെയ്യുന്നു. അതായത് 2014 ജനുവരി മുതലുള്ള കണക്കുകള്‍ നോക്കിയാല്‍ ഏതാണ്ട് ആറായിരത്തോളം പേര്‍ക്ക് കുരങ്ങുകളുടെ കടിയേറ്റിരിക്കുന്നു. 

അശ്രദ്ധയോടെ കൈകാര്യം ചെയ്താല്‍ മരണം വരെ സംഭവിക്കാവുന്ന മുറിവുകളാണ് കുരങ്ങുകളുടെ ആക്രമണത്തിലുണ്ടാകുന്നതും. മുറിവ് പറ്റിയവര്‍ ആവശ്യമായ വാക്‌സിനുകള്‍ നിര്‍ബന്ധമായും എടുക്കണമെന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്. 

കുരങ്ങുകളെക്കൊണ്ടുള്ള ശല്യം വിനോദസഞ്ചാര മേഖലയേയും പ്രതികൂലമായി ബാധിച്ച് തുടങ്ങിയിട്ടുണ്ട്. ഈ വര്‍ഷം കടിയേറ്റവരില്‍ വിനോദസഞ്ചാരികളും ഉള്‍പ്പെട്ടിട്ടുണ്ട്. ഇതേ സ്ഥിതി ഇനിയും തുടര്‍ന്നാല്‍ കുരങ്ങ് ഭീഷണിയുള്ള പ്രദേശങ്ങളില്‍ സന്ദര്‍ശകരെത്താതിരിക്കുകയും അത് പ്രദേശത്തുള്ളവരുടെ ഉപജീവനത്തെ ബാധിക്കുകയും ചെയ്യും. കുരങ്ങ് ശല്യത്തെക്കുറിച്ച് പല തവണ മുനിസിപ്പല്‍ കോര്‍പറേഷനില്‍ പരാതിപ്പെട്ടതാണെന്നാണ് പ്രാദേശിക നേതാക്കള്‍ പറയുന്നത്. 

കുരങ്ങ് ശല്യം രൂക്ഷമായ ഇടങ്ങള്‍ വൃത്തിയാക്കാനുള്ള നടപടികള്‍ ഷിംലയില്‍ തുടങ്ങിയിട്ടുണ്ട്. എന്നാല്‍ മനുഷ്യവാസമുള്ള സ്ഥലങ്ങളില്‍ നിന്ന് കുരങ്ങുകളെ പിടികൂടി കാട്ടിലേക്ക് തുറന്നുവിടുകയാണ് അധികൃതര്‍ ചെയ്യേണ്ടതെന്നാണ് നാട്ടുകാര്‍ പറയുന്നത്. 

ഇപ്പോള്‍ വീടുകള്‍ പോലും സുരക്ഷിതമല്ലെന്ന അവസ്ഥയിലാണ് ഇവിടത്തുകാര്‍ ജീവിക്കുന്നത്. മിക്ക വീടുകളും പുറത്ത് ഇരുമ്പഴികള്‍ തീര്‍ത്താണ് കുരങ്ങുകളുടെ ആക്രമണം ചെറുക്കുന്നത്. 

click me!