ഏത് പരീക്ഷയും ജയിക്കാന്‍ ഒരു എളുപ്പ വഴിയുണ്ട്!

By Web DeskFirst Published Mar 3, 2017, 12:21 PM IST
Highlights

ഇത് പരീക്ഷാക്കാലമാണ്. പരീക്ഷ ജയിക്കാന്‍വേണ്ടി രാപ്പകലില്ലാതെ ഉറങ്ങാതെ കുത്തിയിരുന്ന് പഠിക്കുന്ന കാലം. രാത്രി ഏറെ വൈകിയും അതിരാവിലെ എഴുന്നേറ്റും പഠിക്കുന്ന കാലം. കൂട്ടായി ഉറങ്ങാതിരിക്കാന്‍ കോഫിയും ചായയുമൊക്കെ ഉണ്ടാകും. പഠിക്കാന്‍വേണ്ടി സാധ്യമായ എല്ലാ മാര്‍ഗങ്ങളും തേടും. കാണാതെ പഠിച്ചും, ചാര്‍ട്ടുകള്‍ തയ്യാറാക്കിയും, ചെറിയ കുറിപ്പുകള്‍ തയ്യാറാക്കിയും, പോയിന്റുകള്‍ എഴുതി വെച്ചുമൊക്കെ പഠിച്ചത് ഒരിക്കല്‍ക്കൂടി തറവാക്കി വേണം പരീക്ഷാ ഹാളിലേക്ക് പോകാന്‍. എന്നാല്‍ ഇപ്പോഴിതാ, പുതിയ പഠനം അനുസരിച്ച്, പഠിച്ചതൊക്കെ ഓര്‍ത്തുവെക്കാനും, പരീക്ഷയെ അനായാസം നേരിടാനും ഒരു എളുപ്പ വഴിയാണ് ഗവേഷകര്‍ കണ്ടെത്തിയിരിക്കുന്നത്. ലേണിങ് ആന്‍ഡ് മെമ്മറി എന്ന ജേര്‍ണലില്‍ പ്രസിദ്ധീകരിച്ച പഠനറിപ്പോര്‍ട്ടില്‍ പറയുന്നത്, പഠിച്ച ഭാഗങ്ങള്‍ സ്വയം ഓര്‍ത്തെടുത്ത്, അടുത്ത സുഹൃത്തുക്കള്‍ക്ക് മുന്നില്‍ അവതരിപ്പിക്കുക. ഇത് ഓര്‍മ്മശക്തി വര്‍ദ്ധിപ്പിക്കാനും പഠിച്ചത് മറക്കാതിരിക്കാനും സഹായിക്കുമത്രെ. ബെയ്‌ലര്‍ സര്‍വ്വകലാശാലയിലെ പ്രമുഖ സൈക്കോളജിസ്റ്റ് കൂടിയായ മെലാനി സീകേഴ്‌സിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇതുസംബന്ധിച്ച് പഠനം നടത്തിയത്. പഠിച്ച കാര്യങ്ങള്‍, വീണ്ടും കാണാതെ പഠിക്കാനും വായിച്ചുപഠിക്കാനും ശ്രമിക്കുന്നതിനേക്കാള്‍ ഓര്‍ത്തെടുക്കാന്‍ ശ്രമിക്കുന്നതാണ് പരീക്ഷാ ഹാളില്‍ ഗുണം ചെയ്യുകയെന്നും പഠനറിപ്പോര്‍ട്ടില്‍ പറയുന്നു. ഇത്തരത്തില്‍ പഠനഭാഗങ്ങള്‍ ഓര്‍ത്തെടുത്ത് സുഹൃത്തുക്കളോട് പങ്കുവെയ്‌ക്കുമ്പോള്‍, അവരോട് അതേക്കുറിച്ച് ചോദ്യങ്ങള്‍ ചോദിക്കാന്‍ പറയണം. അങ്ങനെ അവര്‍ ചോദിക്കുന്ന ചോദ്യങ്ങള്‍ക്ക് മറുപടി പറയാനും ശ്രമിക്കുക. ഇങ്ങനെ ചെയ്യുന്നത് പാഠഭാഗങ്ങള്‍ മനസില്‍ കൂടുതല്‍ തറവാകാന്‍ സഹായിക്കും. ഏതായാലും ഈ പരീക്ഷാക്കാലത്ത്, ഈ പഠനരീതി ഒന്നു പരീക്ഷിച്ചുനോക്കൂ... തീര്‍ച്ചയായും ഫലമുണ്ടാകും...

click me!