
സാധാരണയായി അമ്പത് കടന്നവരിലാണ് പ്രായം മൂലമുള്ള ഓര്‍മ്മക്കുറവ് കണ്ടുതുടങ്ങാറ്. ഇത് ഓരോ വ്യക്തിയിലും അവരവര്‍ ഏര്‍പ്പെട്ടിരുന്ന ജോലിയുടേയും ഇടപെട്ടിരുന്ന സാമൂഹിക ചുറ്റുപാടുകളുടേയും അടിസ്ഥാനത്തില്‍ വ്യത്യാസപ്പെട്ട് കിടക്കുന്നു. അതുപോലെ തന്നെയാണ് ഓര്‍മ്മയ്ക്ക് സെക്‌സ് ലൈഫുമായുള്ള ബന്ധം.
മുമ്പും ഇതേ വിഷയത്തില്‍ പല പഠനങ്ങളും നടന്നിട്ടുണ്ട്. പ്രായമായവരിലെ ഓര്‍മ്മക്കുറവ് അവരുടെ സെക്‌സ് ലൈഫുമായി ബന്ധപ്പെട്ട് കൂടിയാണ് പ്രവര്‍ത്തിക്കുന്നതെന്ന് ഈ പഠനങ്ങള്‍ നേരത്തേ സാക്ഷ്യപ്പെടുത്തിയിരുന്നു.
'ആര്‍ക്കൈവ്‌സ് ഓഫ് സെക്ഷ്വല്‍ ബിഹേവിയര്‍' ഏതാണ്ട് 6 വര്‍ഷമായി നടത്തിവരികയായിരുന്ന പഠനത്തിന്റെ റിപ്പോര്‍ട്ടാണ് ഏറ്റവുമൊടുവില്‍ പുറത്തുവന്നിരിക്കുന്നത്. സന്തോഷപ്രദമായ സെക്‌സ് ലൈഫുമായി മുന്നോട്ടുപോകുന്നവരില്‍ പ്രായം കൂടുന്നത് മൂലമുണ്ടാകുന്ന ഓര്‍മ്മക്കുറവ് ബാധിക്കാന്‍ സാധ്യത വളരെ കുറവാണെന്നാണ് ഈ പഠനം കണ്ടെത്തിയിരിക്കുന്നത്.
അമ്പത് വയസ്സ് കടന്ന 6,016 പേരെ പങ്കെടുപ്പിച്ചാണ് പഠനം നടത്തിയത്. ഇതില്‍ 2,672 പേര്‍ പുരുഷന്മാരും 3,344 പേര്‍ സ്ത്രീകളുമായിരുന്നു. ജീവിതരീതികളും, ഭക്ഷണശീലങ്ങളും, ആരോഗ്യവുമെല്ലാം കണക്കിലെടുത്താണ് ആറായിരത്തിലധികം പേരെയും തെരഞ്ഞെടുത്തത്. 2012 മുതല്‍ നടത്തിയ പഠനത്തിന്റെ ഭാഗമായി പല ഘട്ടങ്ങളിലും ഇവരുടെ ഓര്‍മ്മശക്തിയെ പരീക്ഷിച്ചു.
ഇവരില്‍ ഓര്‍മ്മശക്തി കുറഞ്ഞുവരുന്നവരുടെ സെക്‌സ് ലൈഫ് താരതമ്യേന മോശമായിരുന്നു. അതായത് പ്രായമാകുന്നതിന് അനുസരിച്ച് സെക്‌സ് ലൈഫില്‍ നിന്ന് വിരമിക്കാന്‍ ഇവര്‍ സാമൂഹികമായ ഒരു സമ്മര്‍ദ്ദം നേരിട്ടു. എന്നാല്‍ അത് ഓര്‍മ്മശക്തിയെ മോശമായി ബാധിക്കുന്നു. മറിച്ച്, പ്രായം കൂടിയാലും സെക്‌സ് വേണ്ടെന്ന് വയ്ക്കാത്തവരില്‍ നല്ല ഓര്‍മ്മശക്തിയും കണ്ടെത്തി.
ഇതില്‍ തന്നെ പുരുഷന്മാരിലെയും സ്ത്രീകളിലെയും ഓര്‍മ്മശക്തിയുടെ കാര്യത്തില്‍ നേരിയ വ്യത്യാസങ്ങളുണ്ട്. സെക്‌സ് ലൈഫുമായി നല്ല രീതിയില്‍ മുന്നോട്ടുപോകുന്ന സ്ത്രീകള്‍ക്കാണ് പുരുഷന്മാരെക്കാള്‍ മികച്ച ഓര്‍മ്മശക്തിയുള്ളതെന്നാണ് 2016ല്‍ കാനഡിലെ മെക്.ഗില്‍ സര്‍വകലാശാല നടത്തിയ പഠനവും പറയുന്നത്.