പകുത്തെടുത്ത ജീവന്റെ കഷ്ണങ്ങളുമായി അവരോടിയെത്തിയത് 170 കിലോമീറ്റർ...

By Web TeamFirst Published Nov 19, 2018, 5:29 PM IST
Highlights

കോമയില്‍ തുടരുകയായിരുന്ന മധുസ്മിതയുടെ മസ്തിഷ്‌ക മരണം ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചത് ഇക്കഴിഞ്ഞ ശനിയാഴ്ചയാണ്. പിന്നെ ഏറെയൊന്നും വൈകിയില്ല. മധുസ്മിതയുടെ മാതാപിതാക്കളുമായി ആശുപത്രി അധികൃതര്‍ സംസാരിച്ചു

കൊല്‍ക്കത്ത: ജീവിതത്തിലേക്കോ മരണത്തിലേക്കോ എന്ന് നിശ്ചയമില്ലാതെ കഴിഞ്ഞിരുന്ന മൂന്ന് ജീവനുകള്‍ക്കാണ് ബങ്കുരയിലെ മെജിയ സ്വദേശിയായ മധുസ്മിത എന്ന പതിമൂന്നുകാരി പ്രതീക്ഷ പകര്‍ന്നിരിക്കുന്നത്. അവരെപ്പോലെ തന്നെ ജീവനും മരണത്തിനുമിടയില്‍ ദിവസങ്ങളോളം കിടന്നതാണ് അവളും. 

കോമയില്‍ തുടരുകയായിരുന്ന മധുസ്മിതയുടെ മസ്തിഷ്‌ക മരണം ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചത് ഇക്കഴിഞ്ഞ ശനിയാഴ്ചയാണ്. പിന്നെ ഏറെയൊന്നും വൈകിയില്ല. മധുസ്മിതയുടെ മാതാപിതാക്കളുമായി ആശുപത്രി അധികൃതര്‍ സംസാരിച്ചു. മകളുടെ അവയവങ്ങള്‍ കൈമാറാന്‍ അര്‍ വേദനയോടെ സമ്മതം മൂളി. 

കൊല്‍ക്കത്തയിലെ എസ്എസ്‌കെഎം ആശുപത്രിയില്‍ കഴിയുന്ന മൂന്ന് രോഗികള്‍ക്കാണ് വൃക്കകളും കരളും നല്‍കാന്‍ തീരുമാനിച്ചത്. കണ്ണുകള്‍ ഐ ബാങ്കില്‍ സൂക്ഷിക്കാനും തീരുമാനമായി. തുടര്‍ന്ന് ദുര്‍ഗാപൂരിലെ ആശുപത്രിയില്‍ നിന്ന് മധുസ്മിതയുടെ ആന്തരീകാവയവങ്ങളുമായി ഡോക്ടര്‍മാരുടെ സംഘം പൊലീസ് അകമ്പടിയോടെ കൊല്‍ക്കത്തയിലേക്ക് തിരിച്ചു. 

170 കിലോമീറ്ററാണ് പ്രത്യേക വാഹനത്തില്‍ അവയവങ്ങളുമായി അവര്‍ സഞ്ചരിച്ചത്. വഴിനീളെ വാഹനങ്ങളും തിരക്കും നിയന്ത്രിക്കാന്‍ ഫോഴ്‌സ് സജ്ജമായിരുന്നു. ഒടുവില്‍ ശസ്ത്രക്രിയകള്‍ക്കായി തയ്യാറെടുത്ത് കൊല്‍ക്കത്തയിലെ ആശുപത്രിയില്‍ കാത്തുനിന്നിരുന്ന ഡോക്ടര്‍മാരുടെ കൈകളിലേക്ക് അവര്‍ അവയവങ്ങള്‍ കൈമാറി. 

നോര്‍ത്ത് 24 പര്‍ഗാനയില്‍ നിന്നുള്ള രണ്ട് രോഗികള്‍ക്കും നദിയ ജില്ലയില്‍ നിന്നുള്ള ഒരാള്‍ക്കുമാണ് മധുസ്മിതയുടെ പകുത്തെടുത്ത ജീവന്‍ ഇനി തുണയാവുക. കണ്ണുകള്‍, യോജിച്ചയാളെ കണ്ടെത്തിയ ശേഷം മാറ്റിവയ്ക്കുമെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു.
 

click me!