
ഇന്ന് രാജ്യാന്തര നായ ദിനമാണ്. നിലവിലെ സാഹചര്യത്തിലെ ഏറെ പ്രാധാന്യം അർഹിക്കുന്ന ദിവസമാണിത്. നായ്ക്കളോടുള്ള ഇഷ്ടമാണ് ഒരു വശത്തെങ്കിൽ മറ്റൊരു വശത്ത് അതിഭീകരമായ പേടി സമൂഹത്തിൽ നിലനിൽക്കുന്നു. ദിവസവും നിരവധി ആളുകൾക്കാണ് തെരുവ് നായയുടെ കടിയേൽക്കുന്നത്. തെരുവ് നായ്ക്കളാണ് വിഷയമെങ്കിലും അവരും നമ്മുടെ ആരോഗ്യകരമായ ആവാസവ്യവസ്ഥയുടെ ഒരു ഭാഗമാണ്. അതിനാൽ തന്നെ പൂർണമായും അവയെ ഒഴിവാക്കാൻ സാധിക്കുകയില്ല. എന്നാൽ മുൻകരുതലുകൾ എടുക്കാനും അതിനനുസരിച്ചുള്ള സംവിധാനങ്ങൾ കൈക്കൊള്ളാനും സാധിക്കും. അതിനു വേണ്ടി നമ്മുടെ നിയമ സംവിധാനങ്ങൾ മെച്ചപ്പെട്ട രീതിയിൽ പ്രവർത്തിക്കേണ്ടതുണ്ട്. ഇക്കാര്യങ്ങൾ നിർബന്ധമായും നിങ്ങൾ അറിഞ്ഞിരിക്കേണ്ടതുണ്ട്.
വാക്സിനേഷൻ
തെരുവ് നായ്ക്കളുടെ എണ്ണത്തിൽ വലിയ വർദ്ധനവ് ഉണ്ടായിട്ടുണ്ട്. റോഡിന്റെ ഏത് ഭാഗത്തും നായ്ക്കൾ അലഞ്ഞു തിരിഞ്ഞു നടക്കുന്നത് നമുക്ക് കാണാൻ സാധിക്കും. ഇവയുടെ എണ്ണം വർധിക്കുന്നതിന് അനുസരിച്ച് ആക്രമണവും കൂടുന്ന സാഹചര്യമാണ് നിലവിൽ ഉള്ളത്. ആക്രമണത്തെ പൂർണമായും തടയാൻ കഴിയുന്ന സാഹചര്യമല്ല നിലവിലുള്ളത്. അതിനാൽ തന്നെ തെരുവ് നായയുടെ കടിയേറ്റാൽ വാക്സിനേഷൻ എടുക്കാൻ മടിക്കരുത്. വാക്സിനേഷനിലൂടെ അപകടത്തിന്റെ വ്യാപ്തി കുറയ്ക്കാൻ സാധിക്കും. അതേസമയം വളർത്തുനായ്ക്കൾക്കും കൃത്യമായ സമയത്ത് വാക്സിനേഷൻ എടുക്കാൻ മറക്കരുത്.
പേവിഷബാധ
വാക്സിനേഷനിലൂടെ പേവിഷബാധ തടയാൻ സാധിക്കും. നായ്ക്കളുടെ കടിയേൽക്കുന്ന എല്ലാവർക്കും പേവിഷബാധ വരുന്നില്ല. എന്നാൽ വന്നുകഴിഞ്ഞാൽ പിന്നീട് ഒന്നും ചെയ്യാൻ കഴിയാത്ത സാഹചര്യം ഉണ്ടാകുന്നു. ഒരു മുൻകരുതൽ എന്ന നിലയ്ക്ക് നായയുടെ കടിയേറ്റാൽ എല്ലാ വാക്സിനുകളും ഡോക്ടർ പറയുന്നതിന് അനുസരിച്ച് എടുക്കാൻ ശ്രദ്ധിക്കണം.
രോഗങ്ങൾ
ഇന്ന് ഉണ്ടാകുന്ന പല രോഗങ്ങളും മൃഗങ്ങളിൽ നിന്നും മനുഷ്യരിലേക്ക് പടരുന്നതാണ്. മൃഗങ്ങൾക്ക് കൃത്യമായ സമയങ്ങളിൽ വാക്സിൻ എടുക്കുന്നതിലൂടെ സൂനോട്ടിക് രോഗങ്ങളെ ചെറുത്ത് നിർത്താൻ സാധിക്കുന്നു. ഇതിലൂടെ ഒരു സമൂഹത്തെ സംരക്ഷിക്കാനും കഴിയും. കൂടാതെ രോഗബാധകൾ ഉണ്ടാകുന്നതിൽ നിന്നും നായ്ക്കളെ സംരക്ഷിക്കാനും ഇത് സഹായിക്കുന്നു.
കടിയേറ്റാൽ
നായ്ക്കളുടെ കടിയേറ്റാൽ അടിയന്തിരമായി ചെയ്യേണ്ടത് മുറിവ്, ഒഴുകുന്ന വെള്ളത്തിൽ സോപ്പ് ഉപയോഗിച്ച് നന്നായി കഴുകി കളയുക എന്നതാണ്. കുറഞ്ഞത് 15 മിനിറ്റെങ്കിലും ഇത്തരത്തിൽ മുറിവ് കഴുകണം. ഇത് പേവിഷബാധ ഉണ്ടാകുന്നതിനെ തടയാൻ ഒരു പരിധിവരെ സഹായിക്കുന്നു.
മുറിവ്
ചെറിയ മുറിവല്ലേ എന്ന് കരുതി ഒരിക്കലും നിസാരവത്കരിക്കാൻ ശ്രമിക്കരുത്. ഇതാവാം ഒരു പക്ഷെ വലിയ പ്രശനങ്ങളിലേക്ക് എത്തിക്കുക. അതിനാൽ കടിയേറ്റാൽ വൈകിപ്പിക്കാതെ ചികിത്സ തേടാൻ ശ്രദ്ധിക്കണം.