വെള്ളവും ഭക്ഷണവുമില്ല അവസ്ഥ വളരെ മോശം, 29 മൃഗങ്ങൾ വളർന്നത് മലമൂത്രത്തിനിടയിൽ; ദമ്പതികൾക്ക് മൃഗസംരക്ഷണ വിലക്ക്

Published : Jun 02, 2025, 05:05 PM IST
വെള്ളവും ഭക്ഷണവുമില്ല അവസ്ഥ വളരെ മോശം, 29 മൃഗങ്ങൾ വളർന്നത് മലമൂത്രത്തിനിടയിൽ; ദമ്പതികൾക്ക് മൃഗസംരക്ഷണ വിലക്ക്

Synopsis

14 പാമ്പുകൾ, 12 പൂച്ചകൾ, ഒരു ആമ, താടിയുള്ള ഒരു വ്യാളി, ഒരു പുള്ളിപ്പുലി ഗെക്കോ എന്നിവയെയാണ് ഇവർ വളർത്തിയത്

മതിയായ സൗകര്യങ്ങൾ ഇല്ലാതെ ഫ്ലാറ്റിൽ 29 മൃഗങ്ങളെ വളർത്തിയ ദമ്പതികൾക്ക് എട്ട് വർഷത്തേക്ക് മൃഗങ്ങളെ വളർത്തുന്നതിന് കോടതി വിലക്ക് ഏർപ്പെടുത്തി. യു.കെയിലെ എക്‌സെറ്റർ ടൗണ്ടൺ ക്ലോസിലുള്ള ഒറ്റമുറി ഫ്ലാറ്റിലാണ് മാർക്ക് വെസ്റ്റ് (39), റെബേക്ക സൗഡൻ (33) ദമ്പതികൾ 29 മൃഗങ്ങളെ വളർത്തിയത്. 14 പാമ്പുകൾ, 12 പൂച്ചകൾ, ഒരു ആമ, താടിയുള്ള ഒരു വ്യാളി, ഒരു പുള്ളിപ്പുലി ഗെക്കോ എന്നിവയെയാണ് ഇവർ വളർത്തിയത്. എക്‌സെറ്റർ മജിസ്‌ട്രേറ്റ് കോടതിയിലാണ് കേസിന്റെ വിചാരണ നടന്നത്.

വീടിന്റെയും വളർത്തുമൃഗങ്ങളുടെയും അവസ്ഥയെക്കുറിച്ച് മൃഗ ക്ഷേമ ചാരിറ്റിയായ ആർ‌എസ്‌പി‌സി‌എ, സോഷ്യൽ സർവീസസ്, പോലീസ്, കൗൺസിൽ ഉദ്യോഗസ്ഥർ തുടങ്ങിയവർ പല തവണ ദമ്പതികൾക്ക് ഉപദേശം നൽകിയിട്ടുണ്ട്. എന്നാൽ ഇവർ ഇത് കേൾക്കാൻ തയാറായില്ല. അതേസമയം തങ്ങളുടെ സംരക്ഷണയിലുള്ള മൃഗങ്ങളുടെ ക്ഷേമം ഉറപ്പാക്കുന്നതിൽ വീഴ്ചപറ്റിയെന്ന് ദമ്പതികൾ കോടതിയിൽ സമ്മതിച്ചു.

സൗഡൻ കോളേജിൽ പഠിക്കുമ്പോൾ മൃഗസംരക്ഷണത്തെ കുറിച്ച്  പഠിച്ചിട്ടുണ്ടെന്ന് ദമ്പതികൾ കോടതിയിൽ നൽകിയ മൊഴിയിൽ പറയുന്നു. അതേസയമം ഭർത്താവായ വെസ്റ്റ് ഒരു ഫാസ്റ്റ് ഫുഡ് ഡെലിവറി ഡ്രൈവറാണ്. 

മൃഗങ്ങൾക്ക് വേണ്ടത്ര തീറ്റയോ വെള്ളമോ വ്യായാമമോ ലഭിച്ചില്ല. ശരിയായ താമസസ്ഥലമോ ചൂടോ ലഭിക്കാതെ മലമൂത്രം നിറഞ്ഞ മുറിയിൽ താമസിക്കേണ്ടതായി വന്നു. മനുഷ്യർക്കോ മൃഗങ്ങൾക്കോ ​​താമസിക്കാൻ അനുയോജ്യമല്ലാത്ത ഫ്ലാറ്റ് ആയിരുന്നു അത്. അത്തരമൊരു സാഹചര്യത്തിലാണ് മൃഗങ്ങൾ വളരാൻ നിർബന്ധിതരായതെന്ന് കോടതി ജഡ്ജി സ്റ്റുവർട്ട് സ്മിത്ത് പറഞ്ഞു.

അതേസമയം ഒറ്റമുറി ഫ്ലാറ്റിലെ സാഹചര്യങ്ങൾ വളരെ മോശമായിരുന്നു. മൃഗങ്ങളെ അവഗണിക്കുകയും അവയുടെ ആരോഗ്യത്തിനും ക്ഷേമത്തിനും ഗുരുതരമായി ഭീഷണി ഉയർത്തുന്ന ഒരു സ്ഥലത്ത് ഒതുക്കി നിർത്തുകയും ചെയ്തുവെന്ന് കേസ് അന്വേഷിച്ച ആർഎസ്പിസിഎ ഇൻസ്പെക്ടർ മിറാൻഡ  പറഞ്ഞു.

കമ്മ്യൂണിറ്റി ഉത്തരവുകൾ പ്രകാരം 12 മാസത്തേക്ക് ശിക്ഷിക്കാൻ വിധിച്ചു. ഇരുവരും 514 പൗണ്ട് വീതം നൽകാൻ കോടതി ഉത്തരവിട്ടു. കൂടാതെ എട്ട് വർഷത്തേക്ക് ദമ്പതികൾക്ക് മൃഗ സംരക്ഷണം തടയുകയും ചെയ്തു. 

PREV
Read more Articles on
click me!

Recommended Stories

വീട്ടിൽ മീൻ വളർത്തുമ്പോൾ നിർബന്ധമായും അറിഞ്ഞിരിക്കേണ്ട 5 കാര്യങ്ങൾ
ഈ ഭക്ഷണങ്ങൾ വളർത്തുനായ്ക്കൾക്ക് കൊടുക്കാൻ പാടില്ല; കാരണം ഇതാണ്