
മഴയെത്തിയാൽ പലതരം പ്രതിസന്ധികളാണ് മൃഗങ്ങൾക്ക് ഉണ്ടാകുന്നത്. കാലാവസ്ഥ മാറുമ്പോൾ അതിനനുസരിച്ചുള്ള മാറ്റങ്ങൾ അവരുടെ ജീവിത രീതിയിലും ഉണ്ടാകുന്നു. ഇത് അവയ്ക്ക് കൂടുതൽ അസൗകര്യങ്ങൾ ഉണ്ടാക്കുന്നു. അതുപോലെ തന്നെ വളർത്ത് മൃഗത്തിന്റെ ഭക്ഷണ രീതികളിലും മാറ്റം വരുത്തേണ്ടതുണ്ട്. നല്ല പോഷകങ്ങൾ അടങ്ങിയ ഭക്ഷണം നൽകുന്നത് മൃഗങ്ങളുടെ ആരോഗ്യത്തെ നന്നായി നിലനിർത്താൻ സഹായിക്കുന്നു. ഇക്കാര്യങ്ങൾ നിങ്ങൾ ശ്രദ്ധിക്കൂ.
വെറ്റ് ഫുഡ് നൽകാം
തണുപ്പ് കൂടുമ്പോൾ മൃഗങ്ങൾ വെള്ളം കുടിക്കുന്നത് കുറവായിരിക്കും. ഇത് മൃഗങ്ങളിൽ നിർജ്ജിലീകരണം ഉണ്ടാവാൻ കാരണമാകുന്നു. അതിനാൽ തന്നെ മൃഗങ്ങൾക്ക് ഇടയ്ക്കിടെ വെള്ളം കൊടുക്കാൻ ശ്രദ്ധിക്കണം. വെള്ളം പ്രത്യേകമായി കൊടുക്കുന്നതിനേക്കാളും വെറ്റ് ഫുഡ് കൊടുക്കുന്നതാണ് നല്ലത്. ഡ്രൈ ഫുഡുകൾ കൊടുക്കുന്നത് ഒഴിവാക്കാം. വെള്ളം നന്നായി കുടിച്ചില്ലെങ്കിൽ വൃക്കയ്ക്ക് തകരാറുകൾ സംഭവിക്കാനും സാധ്യതയുണ്ട്.
പെട്ടെന്ന് ദഹിക്കുന്ന ഭക്ഷണങ്ങൾ
മൃഗങ്ങൾക്ക് എളുപ്പത്തിൽ ദഹിക്കുന്ന ഭക്ഷണങ്ങൾ നൽകാൻ ശ്രദ്ധിക്കണം. മൽസ്യം, ഇറച്ചി തുടങ്ങിയ ഭക്ഷണങ്ങൾ നൽകുന്നതാണ് നല്ലത്. ഇതിൽ ധാരാളം പോഷകങ്ങൾ അടങ്ങിയിട്ടുണ്ട്. ഇതിനൊപ്പം ചോറ് കൊടുക്കുന്നത് നല്ലതായിരിക്കും.
പ്രതിരോധം വർദ്ധിപ്പിക്കാം
കാലാവസ്ഥയിൽ ഉണ്ടാകുന്ന മാറ്റങ്ങൾ മൃഗങ്ങളെ നന്നായി ബാധിക്കുന്നു. അതിനാൽ തന്നെ ഇത്തരം സമയങ്ങളിൽ മൃഗങ്ങളുടെ പ്രതിരോധ ശേഷി വർധിപ്പിക്കേണ്ടത് വളരെ പ്രധാനമാണ്. മത്തങ്ങ, മധുര കിഴങ്ങ് തുടങ്ങിയ ഭക്ഷണങ്ങൾ നൽകുമ്പോൾ ധാരാളം വിറ്റാമിനുകളും ഫൈബറും ആന്റിഓക്സിഡന്റ്സും ലഭിക്കാൻ സഹായിക്കുന്നു. ഇത് മൃഗങ്ങളുടെ രോഗപ്രതിരോധം വർധിപ്പിക്കുന്നു.
ഭക്ഷണക്രമീകരണം
ഭക്ഷണങ്ങൾ കൃത്യമായ അളവില്ലാതെ മൃഗങ്ങൾക്ക് കൊടുക്കരുത്. മഴക്കാലത്ത് പുറത്ത് ഇറക്കാൻ സാധിക്കാത്തതുകൊണ്ട് തന്നെ മൃഗങ്ങൾക്ക് ശരിയായ വ്യായാമം ലഭിക്കുകയില്ല. ഇത് മൃഗങ്ങളിൽ പൊണ്ണത്തടിയുണ്ടാകാൻ കാരണമാകുന്നു. അതിനാൽ തന്നെ അമിതമായി ഭക്ഷണം കൊടുക്കുന്നത് ഒഴിവാക്കാം.