
നായകൾ സാമൂഹിക ജീവികളാണ്. അവർക്ക് കൂടുതൽ സ്നേഹവും പരിപാലനവും ആവശ്യമായി വരുന്നു. എങ്കിൽ മാത്രമേ അവ നമ്മളോടും ഇണങ്ങുകയുള്ളു. ഓരോ നായക്കും വ്യത്യസ്തമായ രീതിയിലാണ് പരിചരണം ആവശ്യമായി വരുന്നത്. കൂടൊരുക്കുന്നതിലും വേണം പ്രത്യേകം ശ്രദ്ധ. വീട്ടിൽ നായയെ വളർത്തുന്നുണ്ടെങ്കിൽ ഇക്കാര്യങ്ങൾ നിങ്ങൾ അറിയാതെ പോകരുത്.
രോമം കുറവുള്ള നായകൾ
രോമങ്ങൾ അധികമില്ലാത്ത നായ്ക്കളെ വീടിനുള്ളിൽ തന്നെ വളർത്താവുന്നതാണ്. എന്നാൽ നായയെ വീട് മുഴുവൻ സഞ്ചരിക്കാൻ അനുവദിക്കരുത്. ഇതിന് മാത്രമായി പ്രത്യേക സ്ഥലം ക്രമീകരിക്കാൻ ശ്രദ്ധിക്കണം. മലമൂത്ര വിസർജനം ചെയ്യാൻ പുറത്തേക്ക് കൊണ്ട് പോയി ശീലിപ്പിക്കണം. നായയെ വളർത്തുന്ന മുറിയിൽ നല്ല വെളിച്ചവും വായുസഞ്ചാരവും ഉണ്ടെന്ന് ഉറപ്പ് വരുത്തണം. കൂടാതെ അവയ്ക്ക് കളിക്കാൻ പറ്റിയ കളിപ്പാട്ടങ്ങൾ എന്നിവ മുറിയിൽ ഉണ്ടാകേണ്ടതുണ്ട്.
വീടിന് പുറത്തുള്ള കൂട്
വീടിന് പുറത്ത് കൂടുകൾ സ്ഥാപിക്കുമ്പോൾ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. നിങ്ങൾക്ക് എപ്പോഴും കാണാൻ കഴിയുന്ന വിധത്തിലായിരിക്കണം കൂട് സ്ഥാപിക്കേണ്ടത്. നല്ല തണലുള്ള സ്ഥലങ്ങൾ തിരഞ്ഞെടുക്കാം. വലിപ്പമുള്ള കൂട് തന്നെ ക്രമീകരിക്കുക. നായയ്ക്ക് ഓടി കളിക്കാനും വിശ്രമിക്കാനും സാധിക്കുന്ന വിധത്തിലാവണം കൂട് നിർമ്മിക്കേണ്ടത്. കൂടാതെ തറയ്ക്ക് വഴുക്കലൊന്നും ഇല്ലെന്നും ഉറപ്പ് വരുത്തേണ്ടതുണ്ട്. വിസർജ്യങ്ങൾ കളയാൻ പ്രത്യേകം കുഴിയെടുക്കുന്നത് നല്ലതായിരിക്കും.
1. 12 കിലോയിൽ താഴെയുള്ള നായ്ക്കൾക്ക് കൂടൊരുക്കുമ്പോൾ ഒരു ചതുരശ്രമീറ്ററാണ് തറയുടെ വിസ്തീർണം വേണ്ടത്.
2. 30 കിലോയ്ക്ക് മുകളിൽ ആണെങ്കിൽ 2.23 ചതുരശ്രമീറ്റർ വിസ്തീർണം ആവശ്യമായി വരുന്നു.
3. ഒന്നോ രണ്ടോ നായ്ക്കൾ ഉണ്ടെങ്കിൽ 4 അല്ലെങ്കിൽ 5 ചതുരശ്രമീറ്റർ ഉണ്ടായിരിക്കണം.
4. 35 കിലോയ്ക്കും മുകളിലാണെങ്കിൽ തറയുടെ വിസ്തീർണം 8 ആയിരിക്കണം ഉണ്ടാവേണ്ടത്.