പകര്‍ച്ചപ്പനിയും നിപ്പാ വൈറസും: വരാതിരിക്കാന്‍‌ ശ്രദ്ധിക്കേണ്ട ഏഴ് കാര്യങ്ങള്‍

Web Desk |  
Published : May 21, 2018, 08:29 AM ISTUpdated : Jun 29, 2018, 04:03 PM IST
പകര്‍ച്ചപ്പനിയും നിപ്പാ വൈറസും: വരാതിരിക്കാന്‍‌ ശ്രദ്ധിക്കേണ്ട ഏഴ് കാര്യങ്ങള്‍

Synopsis

മൃഗങ്ങളിൽ നിന്നും മൃഗങ്ങളിലേക്ക് പകരുന്ന അസുഖമാണ് നിപ്പാ വൈറസ്. 

വീണ്ടുമൊരു പനി കാലം കൂടിയെത്തിയിരിക്കുന്നു. പകർച്ചപ്പനിക്ക്‌ പിന്നിൽ നിപ്പാ വൈറസ്‌ എന്ന്‌ സ്‌ഥിരീകരിച്ചിരിക്കുന്നു. അഞ്ച് പേരാണ് ഇതുവരെ ഇതുമൂലം മരിച്ചത്.  പരിഭ്രാന്തിയോ ഭീതിയോ കൊണ്ട്‌ നമുക്ക്‌ ഇതിനെ നേരിടാനാകില്ല. പകരം, വിവേകത്തോടെയും വകതിരിവോടെയും നമുക്ക്‌ ഈ ഭീഷണിയെ നേരിടാനായി ഒന്നിച്ച്‌ നിൽക്കാം. 

എന്താണ് നിപ്പാ വൈറസ് 

മൃഗങ്ങളിൽ നിന്നും മൃഗങ്ങളിലേക്ക് പകരുന്ന അസുഖമാണ് നിപ്പാ വൈറസ്. വൈറസ് ബാധയുള്ള വവ്വാലുകളിൽ നിന്നോ പന്നികളിൽ നിന്നോ മനുഷ്യരിലേക്ക് പകരാൻ സാധ്യതയുണ്ട്. മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്കും പകരാം. അസുഖബാധയുള്ളവരെ പരിചരിക്കുന്നവരിലേക്ക് രോഗം പകരാൻ വളരെ വലിയ സാധ്യതയുണ്ട്. അതുപോലെതന്നെ ആശുപത്രി ജീവനക്കാരും വളരെയധികം ശ്രദ്ധിക്കണം. വൈറസ് ബാധയുള്ള വവ്വാലുകളുടെ കാഷ്ഠം കലർന്ന പാനീയങ്ങളും വവ്വാൽ കടിച്ച പഴങ്ങളും മറ്റും കഴിക്കുന്നതിലൂടെയും പകരാം.

അഞ്ച് മുതൽ 14 ദിവസം വരെയാണ് ഇൻകുബേഷൻ പീരിയഡ്. രോഗബാധ ഉണ്ടായാലും ലക്ഷണങ്ങൾ വ്യക്തമാകാൻ ഇത്രയും ദിവസങ്ങൾ വേണം. 

പ്രധാന ലക്ഷണങ്ങള്‍

പനിയും തലവേദനയും തലകറക്കവും ബോധക്ഷയവുമൊക്കെയാണ് പ്രധാന ലക്ഷണങ്ങൾ. ചുമ, വയറുവേദന, മനംപിരട്ടൽ, ഛർദി, ക്ഷീണം, കാഴ്ചമങ്ങൽ തുടങ്ങിയ ലക്ഷണങ്ങളും അപൂർവമായി പ്രകടിപ്പിക്കാം.

രോഗലക്ഷണങ്ങൾ ആരംഭിച്ച് ഒന്നുരണ്ടു ദിവസങ്ങൾക്കകം തന്നെ കോമ അവസ്ഥയിലെത്താൻ സാധ്യതയുണ്ട്. തലച്ചോറിനെ ബാധിക്കുന്ന എൻസഫലൈറ്റിസ് ഉണ്ടാവാനും വലിയ സാധ്യതയാണുള്ളത്. തൊണ്ടയിൽ നിന്നും മൂക്കിൽ നിന്നുമുള്ള ശ്രവം, രക്തം, മൂത്രം, തലച്ചോറിലെ നീരായ സെറിബ്രോ സ്പൈനൽ ഫ്ളൂയിഡ് എന്നിവയിൽനിന്നും റിയൽ ടൈം പോളിമറേസ് ചെയിൻ റിയാക്ഷൻ ഉപയോഗിച്ച് വൈറസിനെ വേർതിരിച്ചെടുക്കാൻ സാധിക്കേണ്ടതാണ്. 

 ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

1. പക്ഷിമൃഗാദികളും വവ്വാലും ഭാഗികമായി ആഹരിച്ച പേരയ്ക്ക, ചാമ്പയ്ക്ക, മാങ്ങ തുടങ്ങിയ കായ്ഫലങ്ങൾ കഴിക്കാതിരിക്കാൻ ശ്രദ്ധിക്കണം.

2. വവ്വാലിന്‍റെ കാഷ്ഠം വീഴാൻ സാധ്യതയുള്ള ഒന്നും ഉപയോഗിക്കാതിരിക്കുക. ഉദാഹരണമായി വവ്വാലുകൾ ധാരാളമുള്ള സ്ഥലങ്ങളിൽ തുറന്ന കലത്തിൽ ശേഖരിക്കുന്ന തെങ്ങ്/പന കള്ള് ഉപയോഗിക്കാതിരിക്കുക.

3. പനി, ചുമ, മയക്കം തുടങ്ങിയ ലക്ഷണങ്ങളുമായി വരുന്ന രോഗികളുമായി ഇടപഴകുമ്പോൾ ആരോഗ്യപ്രവർത്തകർ വ്യക്തിഗതമായ സുരക്ഷാമാർഗ്ഗങ്ങൾ ഉപയോഗിക്കണം. പനി, ചുമ, മയക്കം തുടങ്ങിയ ലക്ഷണങ്ങളുള്ള രോഗികളെ പരിചരിക്കുന്നവരും ശ്രദ്ധിക്കേണ്ടതുണ്ട്. 

4. രോഗികളുടെ അടുത്ത് കൂടുതൽ സമയം ചെലവാക്കാതിരിക്കുക.

5. പനി ഉള്ളവരെ സന്ദർശിക്കുന്നത് പരമാവധി ഒഴിവാക്കുക.

6. രോഗികളുമായി സമ്പർക്കത്തിൽ ഏർപ്പെട്ടശേഷം സോപ്പുപയോഗിച്ച് കൈ നന്നായി കഴുകി വൃത്തിയാക്കുക.

7. പനി ബാധിച്ചവരുടെ ശരീരം സ്പർശിച്ചവർ ഉടനെ സോപ്പുപയോഗിച്ച് നന്നായി കഴുകുക. മൃതദേഹ ശുശ്രൂഷ ചെയ്തവർ ഉടനെതന്നെ സോപ്പുപയോഗിച്ച് നന്നായി കുളിക്കുക.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Lifestyle News അറിയൂ. Food and Recipes, Health News തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

click me!

Recommended Stories

ഇക്കാര്യങ്ങൾ സ്തനാർബുദ സാധ്യത കൂട്ടുന്നു
വയറിലെ കൊഴുപ്പ് കുറയ്ക്കാൻ സഹായിക്കുന്ന എട്ട് ഭക്ഷണങ്ങൾ