മാതാപിതാക്കളെ നിങ്ങള്‍ വഴക്കിടരുത്‍; കുട്ടികള്‍ മാനസികമായി തകരും

By Web deskFirst Published Mar 28, 2018, 3:03 PM IST
Highlights
  • മാതാപിതാക്കളുടെ വഴക്കിടല്‍ കുട്ടികളെ കുടുംബങ്ങളില്‍ ഒറ്റപ്പെടുത്തും
  • കുട്ടികള്‍ തങ്ങളുടെ എല്ലാ പ്രശ്നങ്ങള്‍ക്കും സമീപിക്കാവുന്ന ആശ്രയ കേന്ദ്രമായാണ് മാതാപിതാക്കളെ കാണുന്നത്

വാഷിങ്ടണ്‍: മാതാപിതാക്കളുടെ ചെറിയ വഴക്കിടല്‍ പോലും കുട്ടികളുടെ മനസ്സിന് ദോഷകരമായി മാറുന്നുവെന്ന് അമേരിക്കന്‍ ഗവേഷകര്‍. സര്‍വേയില്‍ പങ്കെടുത്ത മാതാപിതാക്കളില്‍ വലിയൊരു ശതമാനത്തിനും കുട്ടികളുടെ മുന്നില്‍ വച്ച് എങ്ങനെ തങ്ങളുടെ പ്രശ്നങ്ങള്‍ കൈകാര്യം ചെയ്യണമെന്നുപോലുമറിയില്ല. കുട്ടികളുടെ മുന്നില്‍ വച്ച് അനാവശ്യവാക്കുകള്‍ ഉച്ചരിക്കുന്നതിലേക്കും പൊട്ടിത്തെറിക്കുന്നതിലേക്കും കാര്യങ്ങളെ നയിക്കുന്ന മാതാപിതാക്കള്‍ അവര്‍പോലുമറിയാതെ കുട്ടികളുടെ മാനസിക നില തകര്‍ക്കുകയാണ്. ഇത്തരം കാര്യങ്ങളിലൂടെ കുട്ടികള്‍ കുടുംബങ്ങളില്‍ ഒറ്റപ്പെടും.

യു.എസിലെ വെര്‍മോണ്‍ഡ് സര്‍വ്വകലാശാലയിലെ സൈക്കേളജിക്കല്‍ പഠനവിഭാഗം പ്രഫസര്‍ ആലീസ് ഷേര്‍മര്‍മറോണാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്. ഒന്‍പതിനും പതിനൊന്നിനും ഇടയില്‍ പ്രായമുളള 99 കുട്ടികളെയും അവരുടെ കുടുംബങ്ങളെയും പങ്കെടുപ്പിച്ച് നടത്തിയ സര്‍വേയിലൂടെ പുറത്തുവന്ന വിവരങ്ങള്‍ ശ്രദ്ധേയമാണ്. 

ഗവേഷണ റിപ്പോര്‍ട്ട് പ്രകാരം കുടുംബങ്ങള്‍ക്കകത്ത് നടക്കുന്ന മാതാപിതാക്കള്‍ തമ്മിലുണ്ടാകുന്ന വഴക്ക് കുട്ടികളെ ഉത്കണ്ഠയുടെയും മാനസിക ദൗര്‍ബല്യത്തിന്‍റെയും ലോകത്തേക്ക് വലിച്ചെറിയുന്നു. സര്‍വേയില്‍ പങ്കെടുത്ത കുട്ടികളെല്ലാം  തങ്ങളുടെ എല്ലാ പ്രശ്നങ്ങള്‍ക്കും സമീപിക്കാവുന്ന ആശ്രയ കേന്ദ്രമായാണ് മാതാപിതാക്കളെ കാണുന്നത്. 

സര്‍വേയില്‍ പങ്കെടുത്തവരില്‍ പരസ്പര സ്നേഹം പുലര്‍ത്തുന്ന മാതാപിതാക്കളുടെ കുട്ടികള്‍ കൂടുതല്‍ ഉത്സാഹമുളളവരായി കാണപ്പെട്ടപ്പോള്‍ പ്രശ്നങ്ങളുളള വീടുകളില്‍ നിന്നെത്തുന്നവര്‍ ഗുരുതരമായ അന്തര്‍മുഖത്വം കാണിക്കുന്നതായാണ് സര്‍വേയില്‍ നിന്ന് ബോധ്യമായത്. കുട്ടികളുടെ മാതൃകയായ മാതാപിതാക്കള്‍ അവരെ നല്ല ശീലങ്ങളും സമൂഹത്തില്‍ എങ്ങനെ പെരുമാറണമെന്നും പഠിപ്പിക്കുന്നു. വഴക്കിടുന്ന മാതാപിതാക്കളില്‍ നിന്ന് അവരുടെ കുട്ടികള്‍ സമൂഹത്തോടും അതെ രീതിയില്‍ തന്നെ പെരുമാറാനാണ് പഠിക്കുന്നത്. ഇത് സാമൂഹിക അരക്ഷിതാവസ്ഥയ്ക്ക് കാരണമാകുന്നു. റിപ്പോര്‍ട്ട് ജേര്‍ണല്‍ ഓഫ് സോഷ്യല്‍ ആന്‍ഡ് പേഴ്സണല്‍ റിലേഷന്‍ഷിപ്പില്‍ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്    

click me!