
ദില്ലി: വെളിച്ചെണ്ണ ശരീരത്തിന് പ്രശ്‌നങ്ങളുണ്ടാക്കുമോ ഇല്ലയോ എന്നത് വര്‍ഷങ്ങളായുള്ള തര്‍ക്ക വിഷയമാണ്. എങ്കിലും വെളിച്ചെണ്ണയുടെ പരിമിതമായ ഉപയോഗങ്ങളെ നമ്മളിപ്പോഴും സ്വയം വിലക്കിയിട്ടില്ല. എന്നാല്‍ ഈ വിഷയത്തില്‍ ക്ലാസ് എടുത്തതിനെ തുടര്‍ന്ന് വെട്ടിലായിരിക്കുകയാണ് ഹാര്‍വാര്‍ഡ് സര്‍വകലാശാല പ്രൊഫസര്‍ കാരിന്‍ മൈക്കല്‍സ്.
വെളിച്ചെണ്ണ കൊടിയ വിഷമാണെന്നാണ് കാരിന്‍ പറഞ്ഞത്. ഇതിനെതിരെ വ്യാപകമായ പ്രതിഷേധമാണ് കേരളമുള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ നിന്നുണ്ടാകുന്നത്. ജര്‍മ്മനിയില്‍ മാസങ്ങള്‍ക്ക് മുമ്പ് നടന്ന ഒരു ക്ലാസിലാണ് കാരിന്‍ വെളിച്ചെണ്ണയെ കൊടിയ വിഷമായി ചിത്രീകരിച്ചത്.
ഇന്ത്യയില്‍ വിവിധയിടങ്ങളിലുള്ള ആരോഗ്യവിദഗ്ധര്‍ക്കിടയില്‍ ഇത് വന്‍ അഭിപ്രായവ്യത്യാസങ്ങള്‍ക്കാണ് ഇടയാക്കിയത്. ഭൂരിഭാഗം പേരും കാരിന്റെ വാദത്തെ രൂക്ഷമായി വിമര്‍ശിച്ചു. കോടിക്കണക്കിന് ആളുകള്‍ ദിവസവും ഉപയോഗിക്കുന്ന, കാലങ്ങളായി തലമുറകള്‍ ഉപയോഗിച്ചുവരുന്ന ഒരു ഭക്ഷണ പദാര്‍ത്ഥത്തെ ഇത്തരത്തില്‍ അധിക്ഷേപിക്കാനാകില്ലെന്നാണ് പ്രതിഷേധിക്കുന്നവര്‍ പറയുന്നത്.
കാരിന്റെ വാദം കഴമ്പില്ലാത്തതാണെന്ന് ഹോര്‍ട്ടികള്‍ച്ചര്‍ കമ്മീഷ്ണര്‍ ബി.എന്‍ ശ്രീനിവാസ മൂര്‍ത്തി അഭിപ്രായപ്പെട്ടു. കാരിന്റെ പ്രസ്താവന പിന്‍വലിക്കണെമന്നാവശ്യപ്പെട്ട് ശ്രീനിവാസ മൂര്‍ത്തി ഹാര്‍വാര്‍ഡ് സര്‍വകലാശാലയ്ക്ക് കത്തയച്ചിട്ടുണ്ട്.
വെളിച്ചെണ്ണ വിഷമാണെന്ന് പറഞ്ഞ് വാദിക്കുന്ന കാരിന്റെ റിപ്പോര്‍ട്ട് വായിച്ചുവെന്നും എന്നാല്‍ ഏത് എണ്ണയും കൊഴുപ്പ് അടങ്ങിയിട്ടുള്ളതിനാല്‍ പരിമിതമായ അളവില്‍ ഉപയോഗിക്കുന്നത് മാത്രമാണ് സുരക്ഷിതമെന്നും ഹൃദ്‌രോഗ വിദഗ്ധന്‍ രാജേഷ് മുരളീധരന്‍ അഭിപ്രായപ്പെട്ടു.
കേരളത്തിന്റെ പ്രതിഷേധം കൃഷി മന്ത്രി വി.എസ് സുനില്‍കുമാറും അറിയിച്ചു. കാരിനോട് വിശദീകരണം ആവശ്യപ്പെട്ട് ഹാര്‍വാഡ് സര്‍വകലാശാലയിലേക്ക് കത്തയക്കാനാണ് തന്റെ തീരുമാനമെന്നും മന്ത്രി അറിയിച്ചു. അതേസമയം തന്റെ വാദത്തിനെതിരെ രൂക്ഷമായ വിമര്‍ശനങ്ങളുണ്ടായിട്ടും പ്രതികരിക്കാന്‍ കാരിന്‍ ഇതുവരെ തയ്യാറായിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.