രക്തം സ്വീകരിച്ച കുട്ടിക്ക് എച്ച്ഐവി; ആര്‍സിസിക്ക് വീഴ്ചയില്ലെന്ന് റിപ്പോര്‍ട്ട്

By Web DeskFirst Published Sep 19, 2017, 12:50 PM IST
Highlights

തിരുവനന്തപുരം: ചികില്‍സയില്‍ ഇരിക്കുന്ന കുട്ടിക്ക് എച്ച് ഐ വി ബാധിച്ച സംഭവത്തില്‍ ആര്‍ സി സിയ്ക്ക് വീഴ്ച സംഭവിച്ചിട്ടില്ലെന്ന് ആഭ്യന്തര അന്വേഷണ റിപ്പോർട്ട് . വിന്‍ഡോ പിരിഡില്‍ രക്തം നല്‍കിയതാകാം രോഗബാധക്ക് കാരണമായത്. ഇത് കണ്ടെത്താന്‍ അത്യാധുനിക പരിശോധന സംവിധാനങ്ങള്‍ ആര്‍ സി സിയില്‍ ഇല്ലെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു . 

കുട്ടിയ്ക്ക് നല്‍കിയ 49 യൂണിറ്റ് രക്ത ഘടകവും കൃത്യമായ പരിശോധനകള്‍ക്ക് വിധേയമാക്കിയിരുന്നു. മാനദണ്ഡങ്ങള്‍ പാലിച്ചുള്ള എല്ലാ പരിശോധനകളും നടത്തി രോഗബാധയില്ലെന്നും ഉറപ്പിച്ചിരുന്നു. എന്നാല്‍ വിന്‍ഡോ പിരിഡിലുള്ള രക്തമാണെങ്കില്‍ രോഗബാധ തിരിച്ചറിയാനുള്ള സംവിധാനം ആര്‍ സി സിയില്‍ ഇല്ല. 

ഇതാകാം രോഗബാധയ്ക്ക് കാരണമായത്. ആര്‍ സി സിക്ക് സാങ്കേതികമായോ മനപൂര്‍വമായോ ഉള്ള പിഴവ് സംഭവിച്ചിട്ടില്ലെന്നാണ് ആഭ്യന്തര അന്വേഷണ റിപ്പോർട്ട് . അതേസമയം വിന്‍ഡോ പിരിഡില്‍ തന്നെ രോഗബാധ കണ്ടെത്താനുതകുന്ന ന്യൂക്ലിക് ആസിഡ് പരിശോധയടക്കം സംവിധാനങ്ങളുടെ പോരായ്മ ആര്‍ സി സിക്ക് ഉണ്ടെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. 

ഇത് പരിഹരിക്കപ്പെടണമെന്ന നിര്‍ദേശവും റിപ്പോർട്ടിലുണ്ട്. ഇതിനിടെ സര്‍ക്കാര്‍ നിയോഗിച്ച വിദഗ്ധ സമിതിയുടെ അന്വേഷണവും അന്തിമ ഘട്ടത്തിലാണ് . ആർ സി സിയിലെ പരിശോധന സംവിധാനങ്ങളുടെ അപര്യാപ്തതകളിലേക്ക്  പ്രശ്നങ്ങള്‍ക്ക് കാരണമെന്ന നിഗമനത്തിലേക്കാണ് ഈ സമിതി എത്തുന്നതെന്നാണ് സൂചന . കുട്ടിയ്ക്ക് വീണ്ടും രക്ത പരിശോധന നടത്തണോ എന്നതിലടക്കം ഈ സമിതി തീരുമാനമെടുക്കും. 

click me!