കുട്ടികള്‍ക്കായി ഒരു സ്‌പെഷ്യല്‍ ഐറ്റം- ചിക്കന്‍ ചപ്പാത്തി റോള്‍

By Web DeskFirst Published Nov 10, 2016, 5:03 PM IST
Highlights

മിക്ക അമ്മമാര്‍ക്കും മക്കള്‍ സ്‌ക്കൂളില്‍ നിന്നും വരുമ്പോള്‍ എന്ത് ഉണ്ടാക്കണമെന്ന ടെന്‍ഷനിലാകും... എങ്കിലിതാ കുഞ്ഞുങ്ങള്‍ക്ക് ഇഷ്ടപ്പെടുന്ന ഒരു ഡിഷ് പരിചയപ്പെടുത്താം. ഇന്നത്തെ നമ്മുടെ ഡിഷ് കിഡ്‌സ് സ്‌പെഷ്യല്‍ ആണ്. 'ചിക്കന്‍ ചപ്പാത്തി റോള്‍'
സ്‌കൂള്‍ വിട്ടു വരുന്ന കുഞ്ഞുങ്ങള്‍ക്ക് ഈവനിങ്ങ് സ്‌നാക്‌സ് ആയും ചോറ് കൊണ്ടു പോകാന്‍ മടിക്കുന്ന കുട്ടികള്‍ക്ക് ലഞ്ച് ബോക്‌സിലേക്കും കൊടുത്തു വിടാവുന്ന ഒന്നാണിത്. ഈവനിങ്ങ് സ്‌നാക്‌സ് എളുപ്പത്തിനു വേണ്ടി ബേക്കറി ശീലമാക്കിയിട്ടുള്ള അമ്മമാര്‍ ഒന്ന് മിനക്കെടാന്‍ തയ്യാറായാല്‍ കുട്ടികള്‍ക്ക് ആരോഗ്യപ്രദമായ അവര്‍ ഇഷ്ടപ്പെടുന്ന ഡിഷ് നമുക്ക് കൊടുക്കാനാകും...

ചിക്കന്‍ ചപ്പാത്തി റോള്‍

ആവശ്യമായ ചേരുവകള്‍:

1) ചപ്പാത്തി - നാല് എണ്ണം
2) ചിക്കന്‍ ചെറിയ കഷണങ്ങളായി നുറുക്കിയത് - നൂറ് ഗ്രാം
3) ഇഞ്ചി - വെളുത്തുള്ളി പേസ്റ്റ്  ഒരു ടേബിള്‍ സ്പൂണ്‍ (ചിക്കനില്‍ പുരട്ടാന്‍ )
4) സോയാ സോസ് - ഒരു ടേബിള്‍ സ്പൂണ്‍
5 ) ഉപ്പ് - പാകത്തിന്
6) സവാള നീളത്തില്‍ കനം കുറച്ച് അരിഞ്ഞത് - ഒരെണ്ണം വലുത്
7 ) ടൊമാറ്റോ ചെറുതായി അരിഞ്ഞത്‌ - രണ്ട് എണ്ണം
8 ) ടൊമോറ്റോ സോസ് - രണ്ട് ടേബിള്‍ സ്പൂണ്‍
9 ) വെളുത്തുള്ളി - നാല് അല്ലി
10) മയോണൈസ് - അര കപ്പ്

തയ്യാറാക്കുന്ന വിധം:

ആദ്യമായി ചിക്കന്‍ മാരിനേറ്റ് ചെയ്യണം. ചിക്കന്‍ ചെറിയ കഷണങ്ങളാക്കിയതില്‍ ഉപ്പ്, ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്, സോയാ സോസ് ചേര്‍ത്ത് പത്ത് മിനിട്ട് വെയ്ക്കുക.(സോയാസോസില്‍ ഉപ്പ് ഉള്ളത് കൊണ്ട് ഉപ്പ് ചിക്കനില്‍ ചേര്‍ക്കുമ്പോള്‍ നോക്കി ചേര്‍ക്കുക.)

പാന്‍ ചൂടാക്കുമ്പോള്‍ ഒരു ടേബിള്‍ സ്പൂണ്‍ എണ്ണയൊഴിക്കുക.അതിലേക്ക് മാരിനേറ്റ് ചെയ്ത് വെച്ച ചിക്കന്‍ ചേര്‍ത്ത് വഴറ്റുക. പത്ത് മിനിട്ട് കൊണ്ട് കുക്ക് ആയി കിട്ടും. ചിക്കന്‍ കഷണങ്ങള്‍ വെന്ത പാകമാകുമ്പോള്‍ കോരി മാറ്റുക. കുക്ക് ചെയ്യുമ്പോള്‍ വെള്ളം ചേര്‍ക്കേണ്ട ആവശ്യമില്ല. ചെറിയ തീയില്‍ അടച്ച് വെച്ച് കുക്ക് ചെയ്താല്‍ മതിയാകും.

പാത്രത്തില്‍ അവശേഷിക്കുന്ന എണ്ണയില്‍ വെളുത്തുള്ളി ചതച്ചത് ചേര്‍ക്കുക. എണ്ണ പോരാ എന്നു തോന്നിയാല്‍ ഒരു ടേബിള്‍ സ്‌പൂണ്‍ ചേര്‍ക്കാം. വെളുത്തുള്ളിയുടെ പച്ചമണം മാറുമ്പോള്‍ സവാള അരിഞ്ഞത് ചേര്‍ക്കാം. ഒന്ന് വാടുമ്പോള്‍ ടൊമാറ്റോ അരിഞ്ഞതും ചേര്‍ക്കാം. ഇതിന് ആവശ്യമായ ഉപ്പും ചേര്‍ത്തു കൊടുക്കുക. നന്നായി വാടി കഴിയുമ്പോള്‍ രണ്ട് ടേബിള്‍ സ്‌പൂണ്‍ ടൊമാറ്റോ സോസ് ചേര്‍ക്കുക. അവസാനമായി കുക്ക് ചെയ്ത് വെച്ചിരിക്കുന്ന ചിക്കന്‍ കഷണങ്ങള്‍ ചേര്‍ത്ത് യോജിപ്പിക്കുക. മല്ലിയില ചേര്‍ക്കുന്നവര്‍ക്ക് അങ്ങനെയുമാകാം. നമ്മുടെ ഫില്ലിങ് റെഡി ആയിട്ടുണ്ട്.

അടുത്തതായി ചപ്പാത്തി തയ്യാറാക്കി വെയ്ക്കുക. ഒരു ചപ്പാത്തി എടുത്ത് അതിനു മുകളിലായി രണ്ട് സ്‌പൂണ്‍ മയോണൈസ് സോസ്സ് സ്‌പ്രെഡ് ചെയ്യുക. അതിനു മുകളിലായി ചിക്കന്‍ കൂട്ട് വെയ്ക്കുക.റോള്‍ ചെയ്‌തെടുക്കുക. എത്ര പെട്ടെന്നാണ് നമ്മുടെ ചിക്കന്‍ ചപ്പാത്തി റോള്‍ റെഡി ആയത്. എല്ലാവരും ഒന്ന് ട്രൈ ചെയ്യൂ...

തയ്യാറാക്കിയത്- അനില ബിനോജ്

click me!