
മാതാപിതാക്കളോ ബന്ധുക്കളോ വരനെ കണ്ടെത്തി, എല്ലാ ചടങ്ങുകളോടെയും വിവാഹമുറപ്പിക്കുന്ന പരമ്പരാഗത രീതിക്കെല്ലാം ഇന്ന് ഏറെ മാറ്റം വന്നിരിക്കുന്നു. വീടുവിട്ട് പുറത്തുപോയി പഠിക്കുകയും സ്വന്തമായി ജോലി ചെയ്ത് ജീവിക്കുകയും ചെയ്യുന്ന പെണ്‍കുട്ടികളുടെ എണ്ണം വളരെയധികം വര്‍ധിച്ചിരിക്കുന്നു. വിദ്യാഭ്യാസമുള്ള സ്ത്രീകളെ സംബന്ധിച്ചിടത്തോളം സ്വന്തം പങ്കാളിയെ കണ്ടെത്തുകയെന്നത് അവര്‍ക്ക് വലിയ പാടുള്ള വിഷയമേ അല്ല.
അതേസമയം, 'ബോള്‍ഡ്' ആയ സ്ത്രീകള്‍ക്ക് പങ്കാളിയെ കണ്ടെത്തല്‍ അല്‍പം 'ടാസ്‌ക്' ആണെന്നാണ് 'റിലേഷന്‍ഷിപ്പ് വിദഗ്ധര്‍' പറയുന്നത്. ജീവിതത്തിലെ കടുപ്പമേറിയ അനുഭവങ്ങളായിരിക്കും മിക്കവാറും ഒരാളെ ശക്തിയുള്ള വ്യക്തിയാക്കി മാറ്റുന്നതെന്നും ഇത്തരക്കാരെ സംബന്ധിച്ച് വിവാഹമെന്ന വിഷയത്തിന്റെ ഗൗരവം ഉള്‍ക്കൊള്ളുന്നതിനാല്‍ പങ്കാളികളെ കണ്ടെത്തുന്നത് എളുപ്പമല്ലെന്നുമാണ് ഇവര്‍ പറയുന്നത്. ഇതിന് പിന്നില്‍ വൈകാരികമായ കാരണങ്ങളും കണ്ടേക്കാം...
ഒന്ന്...
കരുത്തുള്ള സ്ത്രീകള്‍ ഒറ്റയ്ക്കുള്ള ജീവിതത്തെ ഏതെല്ലാം രീതിയില്‍ കൈകാര്യം ചെയ്യണമെന്ന് തിരിച്ചറിഞ്ഞവരായിരിക്കും. അതിനാല്‍ തന്നെ അത്ര പെട്ടെന്ന് മറ്റൊരാളില്‍ സ്വാധീനപ്പെടാന്‍ അവര്‍ക്ക് ആകില്ല. സ്‌നേഹത്തോടുള്ള ആവേശത്തെക്കാളേറെ 'പ്രാക്ടിക്കല്‍ ലൈഫ്' ആയിരിക്കും ഇത്തരക്കാര്‍ കൂടുതല്‍ ഓര്‍ക്കുക.
രണ്ട്...
മറ്റുള്ളവരെ ആശ്രയിച്ച് ജീവിക്കുന്ന രീതി ഉപേക്ഷിച്ചവരായിരിക്കും 'ബോള്‍ഡ്' ആയ സ്ത്രീകള്‍. മാതാപിതാക്കളെയോ മറ്റഅ ബന്ധുക്കളെയോ സുഹൃത്തുക്കളെയോ ആശ്രയിക്കാതെ യാത്ര ചെയ്യാനും സിനിമ കാണാനോ ഷോപ്പിംഗിനോ പുറത്തുപോകാനും എല്ലാം ഇവര്‍ക്കാകും. കൂടാതെ, സ്വന്തമായി പണം കൈകാര്യം ചെയ്യാനുള്ള കഴിവും ഇവര്‍ക്ക് താരതമ്യേന പുരുഷന്മാരെക്കാള്‍ കൂടുതലായിരിക്കും. അതിനാല്‍ തന്നെ ഇത്തരം ആവശ്യങ്ങള്‍ക്കൊന്നും വേണ്ടി ഒരു പങ്കാളിയെ ഇവര്‍ പ്രതീക്ഷിക്കുന്നില്ല.
മൂന്ന്...
പൊതുവേ, കരുത്തുള്ള സ്ത്രീകളെല്ലാം തന്നെ 'സെലക്ടീവ്'ഉം ആയിരിക്കും. അവര്‍ക്ക് ജീവിതത്തില്‍ എല്ലാത്തിനോടും സ്വതന്ത്രമായ വീക്ഷണമുണ്ടായിരിക്കുന്നതിനാല്‍ തന്നെ, പങ്കാളിയെ തെരഞ്ഞെടുക്കുന്ന കാര്യത്തിലും കൃത്യമായ കാഴ്ചപ്പാടുണ്ടാകും. അതിനാല്‍ വലിയൊരു നിരയില്‍ നിന്ന് ഒരാളെ തെരഞ്ഞെടുക്കല്‍ അവര്‍ക്ക് സാധ്യമല്ല.
നാല്...
ആളുകളോട് വളരെയധികം വിനയത്തോടും സ്‌നേഹത്തോടും പെരുമാറുന്നതില്‍ നിന്ന് ഇത്തരം സ്ത്രീകള്‍ പലപ്പോഴും വിട്ടുനില്‍ക്കുന്നു. തീരുമാനങ്ങള്‍ വളച്ചുകെട്ടില്ലാതെ പറയാനും, അത് നടപ്പിലാക്കാനുമുള്ള കഴിവ് അവര്‍ എപ്പോഴോ നേടിയിരിക്കും. അതുകൊണ്ട് ആളുകളുടെ ഇഷ്ടം പെട്ടെന്ന് പിടിച്ചുപറ്റുന്നതില്‍ അവര്‍ പരാജയപ്പെടുന്നു. ഇതും ഒരു പങ്കാളിയെ തെരഞ്ഞെടുക്കുമ്പോള്‍ തിരിച്ചടിയാകുന്നു.
അഞ്ച്...
സ്വന്തം വ്യക്തിത്വത്തില്‍ അഭിമാനവും അതിനോട് ഇഷ്ടവും കാത്തുസൂക്ഷിക്കുന്നവരായിരിക്കും ഇത്തരക്കാര്‍. അതിനാല്‍ ആ വ്യക്തിത്വത്തെ മാനിക്കുന്ന പുരുഷന്മാരെ മാത്രമേ അവര്‍ക്ക് ഉള്‍ക്കൊള്ളാനാകൂ. ഇതും ഒരു പങ്കാളിക്ക് വേണ്ടി അന്വേഷിക്കുമ്പോള്‍ അല്‍പം തടസ്സങ്ങളുണ്ടാക്കിയേക്കാം. എന്നാല്‍ വ്യക്തിത്വ സവിശേഷതകളായാലും, മൂല്യങ്ങളുടെ കാര്യത്തിലായാലും 'ബോള്‍ഡ്' ആയ സ്ത്രീകള്‍ മുന്നിലാണെന്ന് തന്നെയാണ് 'റിലേഷന്‍ഷിപ്പ് വിദഗ്ധര്‍' വിലയിരുത്തുന്നത്.