സ്ഥിരമാക്കാം ഈ ഏഴ് ഭക്ഷണം; മാനസിക സമ്മര്‍ദ്ദങ്ങളോട് പറയാം 'ബൈ...'

By Web TeamFirst Published Oct 12, 2018, 11:10 AM IST
Highlights

മഞ്ഞളിലടങ്ങിയിരിക്കുന്ന കുര്‍ക്കുമിന്‍ തന്നെയാണ് ആരോഗ്യദായകമായ പ്രധാന ഘടകം. ഇത് ഓര്‍മ്മശക്തിയെ പരിപോഷിപ്പിക്കുകയും വിഷാദം പോലുള്ള മാനസിക വിഷമതകളെ ചെറുക്കുകയും ചെയ്യുന്നു

ചിന്തകളും കഴിക്കുന്ന ഭക്ഷണവും തമ്മിലുള്ള ബന്ധമെന്താണ്? അങ്ങനെ ഭക്ഷണത്തിലൂടെയൊക്കെ ചിന്തകളെ പിടിച്ചുനിര്‍ത്താനാകുമോ? ഒരു വാഴപ്പഴമോ ഒരു ഓറഞ്ചോ കഴിക്കുന്നതിലൂടെ നമ്മുടെ മനസ്സിന് എന്ത് മാറ്റമാണ് സംഭവിക്കുന്നത്? നമുക്ക് സ്വാഭാവികമായി തോന്നുന്ന ചെറിയ സംശയങ്ങളാണിത്. എന്നാല്‍ കേട്ടോളൂ, മനസ്സിനെ പിടിച്ചുനിര്‍ത്താനും ചില ഭക്ഷണങ്ങള്‍ക്കാകും. അത്തരത്തില്‍ കഴിവുള്ള ഏഴ് ഭക്ഷണത്തെക്കുറിച്ചാണ് ഇനി പറയുന്നത്. 

1. വാഴപ്പഴം

പഴത്തിലടങ്ങിയിരിക്കുന്ന 'ട്രിപ്റ്റോഫാന്‍' എന്ന അമിനോ ആസിഡ് 'സെറട്ടോണിന്‍' ഉത്പാദനത്തെ പരിപോഷിപ്പിക്കുന്നു. 'സെറട്ടോണിന്‍' ആണ് നമ്മളെ സന്തോഷിപ്പിക്കുകയും നല്ല ചിന്തകളുണ്ടാക്കുകയും ചെയ്യുന്ന ഒരു പ്രധാന ഘടകം. 

2. പയറുവര്‍ഗങ്ങള്‍

രക്തസമ്മര്‍ദ്ദം നിയന്ത്രണത്തില്‍ നിര്‍ത്താനാണ് പയറുവര്‍ഗങ്ങള്‍ പൊതുവേ ഏറെ സഹായകമാകുന്നത്. രക്തസമ്മര്‍ദ്ദം അളവില്‍ നില്‍ക്കുന്നതോടെ ശരീരം ഊര്‍ജ്ജസ്വലമായിരിക്കുകയും ഇതിലൂടെ 'മൂഡ്' വ്യതിയാനങ്ങള്‍ ഒഴിവാകുകയും ചെയ്യുന്നു.

3. മധുരക്കിഴങ്ങ്

മധുരക്കിഴങ്ങിലടങ്ങിയിരിക്കുന്ന ബീറ്റ കരോട്ടിന്‍ എന്ന ആന്‍റി ഓക്സിഡന്‍റ് മാനസിക സമ്മര്‍ദ്ദമകറ്റാന്‍ സഹായിക്കും. ഇതിലൂടെ ഉറക്കമില്ലായ്മ, വിഷാദം, ഉത്കണ്ഠ - ഇവയെല്ലാം ചെറുക്കാനാകും. 

4. സാല്‍മണ്‍ ഫിഷ് (കോര മീന്‍)

ഒമേഗ-3-ഫാറ്റി ആസിഡ് ധാരാളം അടങ്ങിയിട്ടുള്ളതിനാല്‍ തന്നെ സാല്‍മണ്‍ ശരീരത്തിനും മനസ്സിനും ആരോഗ്യം പകരുന്ന ഭക്ഷണമാണെന്ന് പറയാം. ഇതിന് പുറമെ, തലച്ചോറിലെ കോശങ്ങളെ സംരക്ഷിച്ചുനിര്‍ത്തുന്ന പുറം പാളിയെ ശക്തിയോടെ കാക്കാനും സാല്‍മണ്‍ സഹായിക്കും. 

5. മഞ്ഞള്‍

മഞ്ഞളിലടങ്ങിയിരിക്കുന്ന കുര്‍ക്കുമിന്‍ തന്നെയാണ് ആരോഗ്യദായകമായ പ്രധാന ഘടകം. ഇത് ഓര്‍മ്മശക്തിയെ പരിപോഷിപ്പിക്കുകയും വിഷാദം പോലുള്ള മാനസിക വിഷമതകളെ ചെറുക്കുകയും ചെയ്യുന്നു. തലച്ചോറില്‍ പുതിയ കോശങ്ങളുണ്ടാക്കാനും ഇത് സഹായകമാണ്.

6. നട്സ്

നട്സ് പൊതുവേ ഹൃദയാരോഗ്യത്തിനാണ് ഉത്തമമെന്ന് പറയാറ്. ഹൃദയത്തിന് മാത്രമല്ല നല്ല മനസ്സിനും നട്സ് ആവശ്യമാണ്. ഇവയിലടങ്ങിയിരിക്കുന്ന കൊഴുപ്പും വിറ്റാമിന്‍- ഇയും തലച്ചോറിന്‍റെ ആരോഗ്യത്തെ കാത്തുസൂക്ഷിക്കുന്നു. 

7. ഓറഞ്ച്

ഓര്‍മ്മശക്തിയെ പിടിച്ചുനിര്‍ത്താന്‍ സഹായിക്കുന്ന ഭക്ഷണമാണ് ഓറഞ്ച്. അല്‍ഷിമേഴ്സിനെ ചെറുക്കാന്‍ ഏറ്റവും നല്ല പ്രതിരോധമാണ് ഓറഞ്ച് ഉള്‍പ്പെടുന്ന ഡയറ്റ്. ഓറഞ്ച് കൂടാതെ കിവി, തക്കാളി, സ്ട്രോബെറി- തുടങ്ങിയവയും തലച്ചോറിന്‍റെ ആരോഗ്യം സംരക്ഷിക്കുന്ന കാര്യത്തില്‍ മുന്‍പന്തിയിലാണ്.
 

click me!